സാന്‍ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയിഡ് കമ്പനികള്‍ പലതും ഇതിനകം ഫോള്‍ഡബിള്‍ ഫോണ്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ഐഫോണുകളിൽ ഇതുവരെ അത്തരമൊരു പരീക്ഷണത്തിന് ആപ്പിൾ തയ്യാറായിട്ടില്ല. സാംസങ് ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചത് മുതൽ ഈ രംഗത്തേക്കുള്ള ആപ്പിളിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 

ഇപ്പോഴിതാ ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഐഫോണ്‍ 2024-ല്‍ പുറത്തിറങ്ങിയേക്കുമെന്ന് ഡിസ്‌പ്ലേ അനലിസ്റ്റായ റോസ് യങ് പറയുന്നു. ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ആപ്പിളിന്റെ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ പ്രോടോ ടൈപ്പുകളും നിര്‍മിച്ചിട്ടുണ്ടെന്നാണ് സൂചന. 

ആപ്പിളും എല്‍ജിയും ചേര്‍ന്ന് ഒരു ഫോള്‍ഡബിള്‍ ഒഎല്‍ഇഡി പാനല്‍ വികസിപ്പിക്കുന്നുണ്ടെന്ന് ബിസിനസ് കൊറിയ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ മുകളില്‍ നിന്ന് താഴേക്ക് മടക്കുന്ന രീതിയിലായിരിക്കുമെന്നാണ് ബിസിനസ് കൊറിയ പറയുന്നത്. 

2016 മുതല്‍ തന്നെ ആപ്പിള്‍ ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ നേരത്തെ പറഞ്ഞിരുന്നു. 

ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സംവിധാനം പരമാവധി കുറ്റമറ്റതാവും വരെ ഇതിനായി കാത്തിരിക്കുക എന്ന നിലപാടാണ് ആപ്പിളിന് എന്നാണ് കരുതുന്നത്.  ഇതുവരെ ഫോൾഡബിൾ ഫോൺ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ  ഈ രംഗത്ത് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് വ്യക്തമായ റിപ്പോർട്ടുകളുണ്ട്. 

Content Highlights: Apple may launch first foldable iPhone in 2024