നിങ്ങളുടെ ഐഫോണ്‍ 11 ഫോണിന്റെ ടച്ച് സ്‌ക്രീന്‍ സ്പര്‍ശനത്തിനോട് പ്രതികരിക്കുന്നില്ലെങ്കില്‍ ആപ്പിളിന്റെ സൗജന്യ സേവനം ലഭിക്കും. പുറത്തിറക്കിയ ഐഫോണ്‍ 11 സ്‌ക്രീനില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അവ മാറ്റി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.
2019 നവംബറിനും 2020 മേയ്ക്കും ഇടയില്‍ നിര്‍മിച്ച ഐഫോണ്‍ 11 ഫോണുകള്‍ക്കാണ് ഈ പ്രശ്‌നമുള്ളതെന്ന് ആപ്പിള്‍ പറയുന്നു. അതായത് എല്ലാ ഐഫോണ്‍ 11-നും ഈ പ്രശ്‌നമില്ല. ഈ കാലയളവില്‍ നിര്‍മിക്കപ്പെട്ട ഐഫോണ്‍ 11 മോഡലുകള്‍ക്ക് മാത്രമാണ് ആപ്പിളിന്റെ സൗജന്യ സേവനം ലഭ്യമാവൂ.
നിങ്ങളുടെ ഐഫോണ്‍ 11 ന്റെ ടച്ച് സ്‌ക്രീന്‍ ശരിയായ രീതിയില്‍ പ്രതികരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഈ സൗജന്യ സേവനത്തിന് അര്‍ഹമാണോ എന്ന് പരിശോധിക്കാന്‍ ആപ്പിള്‍ റീപ്ലേസ്‌മെന്റ് പ്രോഗ്രാമിന്റെ വെബ്‌സൈറ്റില്‍ ഫോണിന്റെ സീരിയല്‍ നമ്പര്‍ നല്‍കിയാല്‍ മതി.
സ്‌ക്രീന്‍ സൗജന്യമായി മാറ്റി ലഭിക്കാന്‍ നിങ്ങളുടെ ഫോണ്‍ അര്‍ഹമാണെങ്കില്‍ അംഗീകൃത ആപ്പിള്‍ സര്‍വീസ് സെന്ററിനെ സമീപിച്ചാല്‍ മതി.
പ്രശ്‌നമുള്ള ഫോണുകള്‍ക്ക് അത് വാങ്ങിയത് മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഇതു ലഭിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: apple launches touchscreen replacement program for glitchy screens of iphone 11