ക്വീന്‍സ്ലന്‍ഡ് (ഓസ്ട്രേലിയ): ഒരു വയസ്സുകാരി ജിയാനയുടെ ശ്വാസം നിന്നുപോയപ്പോള്‍ അമ്മ സ്റ്റേയ്സിയുടെ കൈവിറച്ചു. കുഞ്ഞിന്റെ റൂമിലേക്ക് ഓടിയെത്തി ലൈറ്റുകള്‍ ഓണാക്കുമ്പോള്‍ സ്റ്റേയ്സിയുടെ കയ്യില്‍ നിന്ന് ഐഫോണ്‍ താഴെവീണു.
ഫോണെടുക്കാന്‍ മുതിരാതെ കുഞ്ഞിന്റെ നെഞ്ചിലമര്‍ത്തി ശ്വാസം വീണ്ടുകിട്ടാന്‍ സഹായിക്കുമ്പോള്‍ (സിപിആര്‍ നല്കുമ്പോള്) സ്റ്റേയ്സി അലറി... 'ഹേയ് സിരി, കോള്‍ ദി ആംബുലന്‍സ്'.
സ്റ്റേയ്സിയുടെ നിര്‍ദേശം സ്വീകരിച്ച ഐഫോണിലെ സിരി ഉടന്‍ ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ടു. ആംബുലന്‍സ് എത്തുമ്പോഴേക്കും സിപിആറിന്റെ സഹായത്തോടെ ജിയാന വീണ്ടും ശ്വസിച്ചുതുടങ്ങിയിരുന്നു.
ആംബുലന്‍സ് വിളിക്കാനായി സമയം പാഴാക്കാതെ ജിയാനയ്ക്ക് സിപിആര്‍ കൊടുക്കാന്‍ കഴിഞ്ഞതും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിക്കാനായതുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവന് തിരികെ നല്‍കിയതെന്ന് സ്റ്റേയ്സിയും ഭര്‍ത്താവ് ഗ്ലീസണും പറയുന്നു.
ഫോണ്‍ കയ്യിലുണ്ടായിരുന്നെങ്കിലും അപ്പോഴത്തെ അവസ്ഥയില്‍ അടിയന്തര സഹായ നമ്പര്‍ ഡയല് ചെയ്യാന്‍ തനിയ്ക്കാകുമായിരുന്നോ എന്ന് സംശയമായിരുന്നെന്നും സ്റ്റേയ്സി കൂട്ടിച്ചേര്‍ക്കുന്നു.
നെഞ്ചിലെ അണുബാധയും ബ്രോങ്കൈറ്റിസും മൂലം ബുദ്ധിമുട്ടിയിരുന്ന ജിയാന ഇപ്പോള്‍ പൂര്‍ണമായും സുഖം പ്രാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ നന്ദി അറിയിക്കാന്‍ സ്റ്റേയ്സി ഗ്ലീസണ് ആപ്പിളുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. സോഷ്യല്‍ മീഡിയയിലും ഓസ്ട്രേലിയന്‍ മാധ്യമങ്ങളിലും വാര്‍ത്ത വൈറലാണ് ഇപ്പോള്‍.
ഐഫോണിലെ ഇന്റലിജന്റ് പേഴ്സണല്‍ അസിസ്റ്റന്റ് ടൂളാണ് സിരി. കോള്‍ ചെയ്യാനും മറുപടി സന്ദേശം അയയ്ക്കാനുമെല്ലാം ലളിതമായ നിര്‍ദേശങ്ങള്‍ കൊണ്ട് സിരിയിലൂടെ സാധിക്കും.
ഈ വര്‍ഷമാദ്യം മാത്രമാണ് ഞാന്‍ ഫോണ്‍ വാങ്ങിയതെന്നും ഭര്‍ത്താവിനെ വിളിക്കാനും മറ്റും വെറുതേ സിരി ഉപയോഗിച്ചു നോക്കാറുണ്ടായിരുന്നു -സ്റ്റേയ്സി പറയുന്നു.
രസകരമായ ഒരു സിശേഷത എന്നതിലുപരി ഇതിന് പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ലെന്നും എന്നാല്‍ അടിയന്തര ഘട്ടത്തില്‍ മകളുടെ ജീവന് രക്ഷിക്കാന്‍ സിരി ഉപകാരപ്പെടുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..