ആപ്പിള്‍ അതിന്റെ പുതിയ ഐഫോണും ഐപാഡും മാര്‍ച്ച് 21 ന് അവതരിപ്പിച്ചേക്കും. കാലിഫോര്‍ണിയയില്‍ കുപെര്‍ഷിനോയിലെ ആപ്പിള്‍ ആസ്ഥാനത്ത് അന്ന് നടക്കുന്ന ചടങ്ങിലേക്ക് കമ്പനി ക്ഷണക്കത്ത് അയച്ച് കഴിഞ്ഞു.

നാലിഞ്ച് വലിപ്പമുള്ള ഐഫോണ്‍ എസ്ഇ ( iPhone SE ), 9.7 ഇഞ്ച് ഐപാഡ് പ്രോ ( iPad Pro ) എന്നിവയാകും മാര്‍ച്ച് 21ന് ആപ്പിള്‍ അവതരിപ്പിക്കുക എന്ന് കരുതുന്നു. പുതിയ ആപ്പിള്‍ വാച്ച് മോഡലുകളും സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റുകളുമൊക്കെ അതോടൊപ്പം അവതരിപ്പിച്ചേക്കും. 

പതിവുപോലെ, എന്താണ് മാര്‍ച്ച് 21ലെ ചടങ്ങെന്ന് ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല. 

ആപ്പിളിന്റെ പുതിയ ഐപാഡ് മോഡല്‍ ഐപാഡ് എയര്‍3 ആയിരിക്കില്ലെന്ന് ഇതിനകം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. പകരം തികച്ചും വ്യത്യസ്തമായ 9.7 ഇഞ്ച് ഐപാഡ് പ്രോ ആയിരിക്കും അവതരിപ്പിക്കുക. 12.9 ഇഞ്ച് വലിപ്പമുള്ള ഐപാഡ് പ്രോയുടെ ഫീച്ചറുകളോടു കൂടിയ ടാബാകും പുതിയ ഐപാഡ് പ്രോയും എന്നാണറിയുന്നത്.

പുതിയ ഐപാഡ് പ്രോയില്‍ 12എംപി ക്യാമറയാകും ഉണ്ടാവുക. 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുന്നതാകും അത്. സ്മാര്‍ട്ട് പെന്‍സിലിനെ സപ്പോര്‍ട്ട് ചെയ്യുന്ന സ്‌ക്രീന്‍ സങ്കേതമാകും ഐപാഡ് പ്രോയില്‍ ഉണ്ടാവുകയെന്നും കരുതുന്നു. 

ആപ്പിള്‍ വാച്ച് 2 ആണ് മാര്‍ച്ച് 21ന് അവതരിപ്പിക്കുമെന്ന് കരുതുന്ന മറ്റൊരു ഗാഡ്ജറ്റ്. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനായ ഐഒഎസ് 9.3 യും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.