'ലോകത്തെങ്ങുമില്ലാത്ത വില'യെന്ന് ചില സംഗതികളെ നമ്മള്‍ വിശേഷിപ്പിക്കാറുണ്ടല്ലോ. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 6എസ് മോഡലുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാവുകയാണ്. അമേരിക്ക അടക്കം മറ്റ് രാജ്യങ്ങളില്‍ വില്‍ക്കുന്നതിലും ഉയര്‍ന്ന വിലയാണ് പുതിയ ഐഫോണുകള്‍ക്ക് ഇന്ത്യയിലിട്ടിരിക്കുന്നത്! 

യു.എസില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങളില്‍ കഴിഞ്ഞ സപ്തംബര്‍ 10 നാണ് ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നീ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചത്. അമേരിക്കയുള്‍പ്പടെ 12 രാജ്യങ്ങളില്‍ സപ്തംബര്‍ 25 ന് വില്‍പ്പനയ്‌ക്കെത്തിയ ഐഫോണുകള്‍ ഒക്ടോബര്‍ 16നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 

അമേരിക്കയിലെത്തി ഒരു മാസം തികയും മുമ്പ് പുതിയ ഐഫോണുകള്‍ ഇന്ത്യയിലെത്തുന്നു എന്നകാര്യം ആപ്പിള്‍ ആരാധകരില്‍ വലിയ ആവേശമുണര്‍ത്തിയിരുന്നു. എന്നാല്‍, ഇന്ത്യയിലെ വില കേള്‍ക്കുമ്പോള്‍ ആവേശം തണുക്കാന്‍ സാധ്യതയുണ്ട്.

'എക്കണോമിക്‌സ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമേരിക്കയിലും സിങ്കപ്പൂരിലും വില്‍ക്കുന്നതിലും ഉയര്‍ന്ന വിലയാണ് പുതിയ ഐഫോണുകള്‍ക്ക് ഇന്ത്യയിലിട്ടിരിക്കുന്നത്. 

ഐഫോണ്‍ 6എസിന്റെ 16 ജിബി മോഡലിന് അമേരിക്കയില്‍ 649 ഡോളര്‍ (42,235 രൂപ) ആണ് വില, സിങ്കപ്പൂരില്‍ ഏതാണ്ട് 48,295 രൂപയും. ഇതേ മോഡലിന് ഇന്ത്യയിലിട്ടിട്ടുള്ള വില 62,000 രൂപയാണ്. 

ഐഫോണ്‍ 6എസിന്റെ 64 ജിബി, 128 ജിബി വേരിയന്റുകള്‍ക്ക് ഇന്ത്യയില്‍ യഥാക്രമം 72,000 രൂപ, 82,000 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 6എസ് പ്ലസിന്റെ 16 ജിബി, 64 ജിബി, 128 ജിബി വേരിയന്റുകള്‍ക്ക് ഇന്ത്യയില്‍ യഥാക്രമം 72,000 രൂപ, 82,000 രൂപ, 92,000 രൂപ എന്നിങ്ങനെ നല്‍കണം. 

ഗൂഗിളിന്റെ ഫ് ളാഗ്ഷിപ്പ് ഫോണായ നെക്‌സസ് 6പി മോഡല്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് 39,999 രൂപ മുതലുള്ള വിലയ്ക്കാണ്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ പ്ലാറ്റ്‌ഫോമിലുള്ള ഫോണ്‍ ഇന്ത്യയില്‍ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്.