മാസങ്ങള്‍ക്ക് മുമ്പാണ് ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കിയത്. എങ്കിലും ഐഫോണ്‍ 13 പരമ്പര ഫോണുകള്‍ പുറത്തിറക്കാനുള്ള അണിയറ ജോലികള്‍ നടന്നുവരികയാണ്. പതിവുപോലെ വരാനിരിക്കുന്ന ഐഫോണ്‍ പരമ്പരയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. 

വരാനിരിക്കുന്ന ഐഫോണ്‍ 13-ല്‍ ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാകുമെന്നതാണ് അതില്‍ ഏറ്റവും പുതിയത്. 

ഫെയ്‌സ് ഐഡിയ്‌ക്കൊപ്പം രണ്ടാമത്തെ ബയോമെട്രിക് ഓപ്ഷനായി ഒരു ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാകുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ജൊആന്ന സ്‌റ്റേണ്‍ പറയുന്നു. സാംസങ് ഗാലക്‌സി എസ്21-ലെ ചില ഫീച്ചറുകള്‍ ഐഫോണ്‍ 12-ല്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

നേരത്തെ ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോയും ആപ്പിള്‍ ഒരു ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറിനായുള്ള പ്രവര്‍ത്തനങ്ങളിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനറുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനകം ലഭ്യമാണ്. 

അതേസമയം, ഐഫോണ്‍ 13-ല്‍ വൈഫൈ 6ഇ സാങ്കേതികവിദ്യയുടെ പിന്തുണയുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സെമി കണ്ടക്ടര്‍ നിര്‍മാതാക്കളായ സ്‌കൈവര്‍ക്ക്‌സ് ആയിരിക്കും ഈ സാങ്കേതിക വിദ്യയ്ക്കുള്ള ഹാര്‍ഡ്‌വെയര്‍ നല്‍കുകയെന്നും പറയപ്പെടുന്നു. 

ക്യാമറകളില്‍ സെന്‍സര്‍ ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, വേഗത കൂടിയ ഡിസ്‌പ്ലേ എന്നിവയും പുതിയ ഫോണിന്റെ സവിശേഷതകളാവും.

Content Highlights: apple iphone 13 may equip optical in-display fingerprint scanner