5ജി സാങ്കേതികവിദ്യയിലേക്ക് പ്രവേശിച്ച് മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ആപ്പിള്‍. ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആയ ഐഫോണ്‍ 12 പുറത്തിറക്കി. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് സ്മാര്‍ട്‌ഫോണുകളാണ് ഐഫോണ്‍ 12 പരമ്പരയില്‍ പുറത്തിറക്കിയത്.
അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഐഫോണ്‍ 12 ഒരു പുതുയുഗപ്പിറവിയാണെന്ന് കമ്പനി മേധാവി ടിം കുക്ക് പറഞ്ഞു.
ടെലികോം കമ്പനിയായ വെരിസോണുമായി ചേര്‍ന്നാണ് ഐഫോണ്‍ 12 ല്‍ 5ജി സാങ്കേതിക വിദ്യ എത്തിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 4ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 200എംബിപിഎസ് അപ് ലോഡ് വേഗതയും ആര്‍ജിക്കാനാവുമെന്ന് വെരിസോണ്‍ പറഞ്ഞു.
അത്യാകര്‍ഷകമായ അലൂമിനിയം രൂപകല്‍പനയില്‍ തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണുള്ളത്. ഈ ഫോണുകള്‍ക്ക് യഥാക്രമം 6.1 ഇഞ്ച്, 2340 x 1080 പിക്‌സല്‍ 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണുള്ളത്.2,000,000:1 കോണ്‍ട്രാസ്റ്റ് അനുപാതമുള്ള സ്‌ക്രീനില്‍ 1200 നിറ്റ്‌സ് ബ്രൈറ്റ്‌നെസുണ്ട്.

വലിപ്പത്തില്‍ മാത്രമാണ് ഐഫോണ്‍ 12 ഉം ഐഫോണ്‍ 12 മിനിയും തമ്മില്‍ വ്യത്യാസമുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോണ്‍ ആണ് ഐഫോണ്‍ 12 മിനിയെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.
കറുപ്പ്, വെളുപ്പ്, ചുവപ്പ്, പച്ച, നീല എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി പുറത്തിറങ്ങുക.
ഫോണിന് നല്‍കിയിരിക്കുന്ന സെറാമിക് ഷീല്‍ഡ് ഡിസ്‌പ്ലേയ്ക്കും ഫോണിനും ശക്തമായ സംരക്ഷണം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. താഴെ വീഴുമ്പോള്‍ പോലും ഇത് സംരക്ഷണം നല്‍കും.
ആപ്പിളിന്റെ ഏറ്റവും പുതിയ എ14 ചിപ്പ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ജിപിയു, സിപിയു പ്രവര്‍ത്തനം 50 ശതമാനം മെച്ചപ്പെട്ടിരിക്കുന്നുവെന്നും ഏറ്റവും വേഗമേറിയ സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ ആണിതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.
ഡ്യുവല്‍ ക്യാമറ സംവിധാനമാണ ഐഫോണ്‍ 12 ലും ഐഫോണ്‍ 12 മിനിയിലും ഉള്ളത്. ഇതില്‍ 12 എംപി അള്‍ട്രാ വൈഡ്, 12 എംപി വൈഡ് ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. ഒപ്പം ഫ്‌ളാഷും നല്‍കിയിട്ടുണ്ട്.
കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോഗ്രഫി സാധ്യമാക്കുന്നതിനുള്‍പ്പടെ ഫോട്ടോകള്‍ മികച്ചതാക്കുന്നതിന് കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രഫി സാധ്യതകളും ഇതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
വാട്ടര്‍ റെസിസ്റ്റന്റ്, ഡസ്റ്റ് റസിസ്റ്റന്റ് സംവിധാനങ്ങള്‍ ഇതിലുണ്ട്.

ഇനി ഐഫോണ്‍ 12 ന്റെ പ്രോ വേരിയന്റുകളിലേക്ക് വരാം.
അതിമനോഹരമായ സര്‍ജിക്കല്‍-ഗ്രേഡ് സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബാന്റും ബാക്ക് ഗ്ലാസും ഉള്‍പ്പെടുന്ന രൂപകല്‍പനയാണ് ഐഫോണ്‍ 12 പ്രോയ്ക്ക്.
എലഗന്റ് സില്‍വര്‍, ഡീപ്പ് ഗ്രൈഫൈറ്റ്, സ്റ്റണ്ണിങ് ഗോള്‍ഡ്, പസഫിക് ബ്ലൂ എന്നിങ്ങനെ നാല് വ്യത്യസ്ത പതിപ്പുകളാണ് ഐഫോണ്‍ 12 പ്രോയ്ക്കുള്ളത്. സെറാമിക് ഷീല്‍ഡ് സംരക്ഷണം ഈ ഫോണുകളിലുമുണ്ട്.
6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 12 പ്രോയ്ക്ക്. അതേസമയം ഐഫോണ്‍ 12 പ്രോ മാക്‌സിന് 6.5 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആണുള്ളത്. 2778 x 1284 പിക്‌സല്‍ റസലൂഷനുണ്ട് ഐഫോണ്‍ 12 പ്രോയുടെ സൂപ്പര്‍ റെറ്റിന എക്‌സ് ഡിആര്‍ ഡിസ്‌പ്ലേയ്ക്ക്. 1200 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസും സ്‌ക്രീനിനുണ്ട്.
എ 14 പ്രൊസസറില്‍ 6 കോര്‍ സിപിയുവും 4-കോര്‍ ജിപിയുവും ഐഫോണ്‍ 12 പ്രോയ്ക്ക് ശക്തിപകരുന്നു.
പ്രൊഫഷണല്‍ ഫോട്ടോഗ്രഫിയെ പിന്തുണയ്ക്കും വിധമാണ് പ്രോ വേരിയന്റുകളിലെ ട്രിപ്പിള്‍ ക്യാമറ തയ്യാറാക്കിയിരിക്കുന്നത്.
120 ഡിഗ്രി ആംഗിള്‍ 12 എംപി അള്‍ട്രാ വൈഡ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 12 എംപി വൈഡ് ലെന്‍സ്, 52 എംഎം 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഐഫോണ്‍ 12 പ്രോയുടെ ട്രിപ്പിള്‍ ക്യാമറയിലുള്ളത്.
അതേസമയം ഐഫോണ്‍ 12 പ്രോ മാക്‌സില്‍ 2.5 ഒപ്റ്റിക്കല്‍ സൂം, ഒഐഎസ്, എഫ്2.2 അപ്പേര്‍ച്ചര്‍ എന്നിവയുള്ള 12 എംപി ടെലിഫോട്ടോ ലെന്‍സ്, എഫ് 1.6 അപ്പേര്‍ച്ചര്‍, മെച്ചപ്പെട്ട ഒഐഎസ് സംവിധാനങ്ങളുള്ള 12 എംപി വൈഡ് ലെന്‍സ്, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
ഫോട്ടോഗ്രഫിയിലും വീഡിയോ ഗ്രഫിയിലും മികച്ച ഗുണമേന്മ ഉറപ്പുനല്‍കുന്ന സൗകര്യങ്ങളാണ് ഐഫോണ്‍ 12 പ്രോ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 60 എഫ്പിഎസില്‍ 4കെ റെക്കോര്‍ഡിങ്,ഡോള്‍ബി വിഷന്‍ വീഡിയൊ റെക്കോര്‍ഡിങ്, എഡിറ്റിങ് സൗകര്യം, എന്നിവ ഇതിലുണ്ട്.
ആപ്പിളിന്റെ ലൈഡാര്‍ സെന്‍സര്‍ ഉപയോഗിച്ചുള്ള ഡെപ്ത് സാങ്കേതിക വിദ്യയും ക്യാമറയെ മികച്ചതാക്കുന്നു. ഫോക്കസ് ചെയ്യാനുള്ള ദൂരം കൃത്യമായി മനസിലാക്കാന്‍ ഇത് വഴി ക്യാമറയ്ക്ക് സാധിക്കും.
ഐഫോണ്‍ 12 മിനിയ്ക്ക് ഇന്ത്യയില്‍ 69900 രൂപയിലാണ് വില തുടങ്ങുന്നത്. 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകള്‍ ഉണ്ടാവും. ഐഫോണ്‍ 12 ന്റെ വില തുടങ്ങുന്നത് 76900 രൂപയിലാണ്.
പ്രോ വേരിയന്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം വ്യക്തമല്ല. ഐഫോണ്‍ 12 പ്രോ, 12 പ്രോ മാക്‌സ് പതിപ്പുകള്‍ക്ക് യഥാക്രമം 999 ഡോളര്‍, 1099 ഡോളര്‍ എന്നിങ്ങനെ ആണ് വില. ഒക്ടോബര്‍ 30 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.

ഹോംപോഡ് മിനി
ഐഫോണിനെ കൂടാതെ പുതിയ ഹോംപോഡ് മിനി സ്മാര്‍ട് സ്പീക്കറും ആപ്പിള്‍ പുറത്തിറക്കി. അതിമനോഹരമായ രൂപകല്‍പനയിലാണ് ഈ ചെറിയ ഹോംപോഡ് മിനി സ്പീക്കര്‍ തയ്യാറാക്കിയിരിക്കുന്നത്.
മികച്ച ശബ്ദം, ബുദ്ധിയേറിയ സ്മാര്‍ട് അസിസ്റ്റന്റ്, സ്മാര്‍ട് ഹോം തുടങ്ങിയവ ഹോംപോഡ് മിനി യാഥാര്‍ഥ്യമാക്കുന്നു. ഒപ്പം സ്വകാര്യതയും സുരക്ഷുയും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.
ആപ്പിള്‍ എസ്5 ചിപ്പിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതിലെ കംപ്യൂട്ടേഷണല്‍ ഓഡിയോ സംവിധാനം സ്മാര്‍ട് ആയ ശബ്ദ ക്രമീകരണം സാധ്യമാക്കുന്നു.
ആപ്പിള്‍ മ്യൂസിക്, പോഡ്കാസ്റ്റ്, ഐ ഹാര്‍ട്ട് റേഡിയോ, റേഡിയോ.കോം, ട്യൂണ്‍ ഇന്‍ തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ആസ്വദിക്കാം. താമസിയാതെ പാന്‍ഡോറ, ആമസോണ്‍ മ്യൂസിക് സേവനങ്ങളും ഇതില്‍ ലഭിക്കും.
മെച്ചപ്പെട്ട സിരി സ്മാര്‍ട് അസിസ്റ്റന്റിന്റെ സഹായത്തോടെ വീട്ടുപകരണങ്ങളുടെ നിയന്ത്രണം ഉള്‍പ്പടെയുള്ള സ്മാര്‍ട് ഹോം ആവശ്യങ്ങള്‍ നിറവേറ്റാനും ഇതിലൂടെ സാധിക്കും.
കൂടാതെ വീടിനുള്ളില്‍ ഒരു ഇന്റര്‍കോം സൗകര്യമൊരുക്കാന്‍ ഇതിലൂടെ സാധ്യമാണ്. വീട്ടിലെ ഒരു മുറിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഈ സംവിധാനം ഉപയോഗിക്കാം. ഐഫോണ്‍, കാര്‍ പ്ലേ, ആപ്പിള്‍ വാച്ച് ഉള്‍പ്പടെ പരസ്പര ബന്ധിതമായ ഉപകരണങ്ങളിലെല്ലാം ഈ സന്ദേശം എത്തിക്കാന്‍ സാധിക്കും.
നവംബര്‍ മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്ന ഹോംപോഡ് മിനിയ്ക്ക് 9900 രൂപയിലാണ് വില ആരംഭിക്കുക.
Content Highlights: Apple Iphone 12 series homepod mini launched