സാന്‍ഫ്രാന്‍സിസ്‌കോ: 5ജി കണക്റ്റിവിറ്റിയോടു കൂടിയ ആപ്പിള്‍ ഐ ഫോണ്‍ എസ്ഇ ഈ വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ പുറത്തിറക്കിയേക്കും. ഈ വര്‍ഷത്തെ ആപ്പിളിന്റെ ആദ്യ അവതര പരിപാടി മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കുമെന്ന് മാര്‍ക്ക് ഗുര്‍മാന്റെ പവര്‍ ഓണ്‍ ന്യൂസ് ലെറ്ററിനെ ഉദ്ധരിച്ച് ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പരിപാടികളെ പോലെ ഇതും വിര്‍ച്വല്‍ ഇവന്റായാവും നടത്തുക. 

2022-ലെ ഐ ഫോണ്‍ എസ്ഇയില്‍ മൂന്ന് ജിബി സ്‌റ്റോറേജ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023-ല്‍ പുറത്തിറക്കാന്‍ പോവുന്ന ഐഫോണ്‍ എസ്ഇയില്‍ വലിയ ഡിസ്‌പ്ലേ, 4 ജിബി മെമ്മറി ഉള്‍പ്പടെയുള്ള മാറ്റങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

5ജി കണക്റ്റിവിറ്റിയോടുകൂടിയ 4.7 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ എസ്ഇ 2022 പുറത്തിറക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി നേരത്തെ ഡിസ്‌പ്ലേ അനലിസ്റ്റായ റോസ് യങ് പറഞ്ഞിരുന്നു. 

അതേസമയം, വലിയ ഡിസ്‌പ്ലേയുള്ള ഐ ഫോണ്‍ എസ്ഇ 2023-ല്‍ പുറത്തിറക്കില്ലെന്നും 2024-ലായിരിക്കും അവതരിപ്പിക്കുക എന്നുമാണ് യങ് പറഞ്ഞത്. എന്നാല്‍ വലിയ സ്‌ക്രീനുള്ള ഐഫോണ്‍ എസ്ഇ 2023-ല്‍ തന്നെ പുറത്തിറക്കുമെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നത്.

നിലവിലുള്ള ഐഫോണ്‍ എസ്ഇ മോഡലിന് സമാനമായിരിക്കും ഈ വര്‍ഷം പുറത്തിറക്കാന്‍ പോവുന്ന ഐഫോണ്‍ എസ്ഇ എന്നും. 4.7 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും ഇതിന്. 5ജി കണക്റ്റിവിറ്റിയാണ് അധികമായി ചേര്‍ക്കുക. പുതിയ ഫോണില്‍ എ14 ചിപ്പ് ആണോ അതോ എ15 ചിപ്പ് ആണോ ഉണ്ടാവുക എന്ന് വ്യക്തമല്ല.

Content Highlights: Apple expected to launch new iPhone in March 2022