ഴയ ഐഫോണുകള്‍ക്ക് പ്രവര്‍ത്തന വേഗത കുറയുമെന്നും അത് കമ്പനി തന്നെ നേരിട്ട് ചെയ്യുന്നതാണെന്നും തുറന്ന് സമ്മതിച്ച് ആപ്പിള്‍. പഴയ ഫോണുകളിലെ ബാറ്ററികളില്‍ നിന്നുമുണ്ടാവാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ക്ക് മുന്‍കരുതലെന്നോണമാണ് ഫോണകളുടെ വേഗത കുറയ്ക്കുന്നതെന്നും  കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് വഴി ഐഫോണ്‍ 6, ഐഫോണ്‍ 6എസ്, ഐഫോണ്‍ എസ്ഇ എന്നി മോഡലുകളില്‍ ഇതിനായുള്ള പ്രത്യേകം ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. ഡിസംബറില്‍ ഐഓഎസ് 11.2 അപ്‌ഡേറ്റിലൂടെ ഐഫോണ്‍ 7 ഫോണിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തി. പഴയ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ വേഗതയാണ് കുറച്ചതെന്ന് ആപ്പിള്‍ പറഞ്ഞു.

ഉപയോക്താക്കളുടെ മികച്ച അനുഭവം നല്‍കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമെന്നും അത് ഫോണിന്റെ ആകെയുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതും ഫോണ്‍ കൂടുതല്‍ ഈട് നില്‍ക്കുന്നതിന് സഹായിക്കുമെന്നും ആപ്പിള്‍ വക്താവ് ഇതേകുറിച്ച് പ്രതികരിച്ചു. 

ബാറ്ററി പഴയതാവുമ്പോള്‍ ഫോണിന്റെ പ്രൊസസറിന് അതിവേഗം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതി നല്‍കാന്‍ അതിന് സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ ഫോണ്‍ അപ്രതീക്ഷിതമായി ഓഫ് ആവും. ചിലരുടെ പഴയ ഐഫോണ്‍ 6എസ് മോഡലുകള്‍ അപ്രതീക്ഷിതമായി ഓഫ് ആവുന്നതിനുള്ള കാരണം ഇതാണ്. 

ബാറ്ററി മാറ്റിയാലേ ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാനാവൂ. വാറന്റിയില്ലാത്ത ഫോണുകള്‍ക്ക് ഇതിന് 5,000 രൂപയിലധികം ചിലവ് വരും.