ആഗോളീകരണകാലത്ത് ആര്‍ക്കുമൊരു തുരുത്തായി കഴിയാനാകില്ലെന്ന സത്യം ടെക്ഭീമന്‍ ആപ്പിളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ തങ്ങളുടെ സോഫ്റ്റ്‌വേറുകള്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ജീവനക്കാരുടെ യോഗത്തില്‍ ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്  തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സ്മാര്‍ട്‌ഫോണ്‍ രംഗത്ത് മൂന്ന് പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 മൊബൈല്‍, ആപ്പിളിന്റെ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം' (ഐ.ഒ.എസ്) എന്നിവയാണിവ. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ആപ്ലിക്കേഷനുകള്‍ ഐ.ഒ.എസില്‍ പ്രവര്‍ത്തിക്കുമെങ്കിലും ഐ.ഒ.എസിനായി സൃഷ്ടിക്കപ്പെട്ട ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് ഫോണിലോ വിന്‍ഡോസ് ഫോണിലോ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നില്ല. 

ഈ വേര്‍തിരിവിന്റെ മറ നീക്കി തങ്ങളുടെ എല്ലാ ആപ്ലിക്കേഷനുകളും ആന്‍ഡ്രോയ്ഡ് ഒ.എസിലേക്ക് കൂടി പ്രചരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ആപ്പിള്‍. 

പുതിയ തീരുമാനത്തിന്റെ ആദ്യപടിയെന്ന പോലെ 'ആപ്പിള്‍ മ്യൂസിക്' ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമായിക്കഴിഞ്ഞു. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം. ഇതുവരെ പത്തുലക്ഷത്തിലധികം പേര്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. 

ആപ്പിള്‍ മ്യൂസിക്കിന്റെ പിന്നാലെ തങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനുകളായ ഐട്യൂണ്‍സ്, ഐമെസേജ്, ഐക്ലൗഡ് മെയില്‍, കലണ്ടര്‍ എന്നിവയും ആപ്പിള്‍ പ്ലേ സ്‌റ്റോറിലെത്തിക്കാനിടയുണ്ട്. 

പുതിയ നീക്കത്തോടെ ഐഫോണിന്റെ 'എക്‌സ്‌ക്ലുസീവ്' സ്വഭാവും സുരക്ഷിതത്വവും നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരേറെയാണ്. ആപ്പിള്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും കൂടിയാണ് വന്‍തുക മുടക്കിയും ആളുകള്‍ ഐഫോണ്‍ തന്നെ വാങ്ങുന്നത്. അതിലുള്ള ആപ്പുകള്‍ ഏത് ആന്‍ഡ്രോയ്ഡ് ഫോണിലും ഉപയോഗിക്കാമെന്ന് വന്നാല്‍ ആരാണ് ഐഫോണ്‍ വാങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുക? 

പക്ഷേ കച്ചവടത്തിന്റെ കാര്യത്തില്‍ കുശാഗ്രബുദ്ധിക്കാരായ ആപ്പിള്‍ ഒന്നും കാണാതെ ഇങ്ങനെയൊരു നീക്കത്തിന് മുതിരില്ലെന്ന മറുവാദം ഉയരുന്നുണ്ട്. ആവശ്യക്കാരുള്ളിടത്ത് തങ്ങളുടെ ആപ്ലിക്കേഷനുകള്‍ എത്തിക്കുകയെന്ന വ്യാപാരതന്ത്രം മാത്രമേ ആപ്പിള്‍ പയറ്റുന്നുള്ളൂ. ആദ്യഘട്ടങ്ങളില്‍ സൗജന്യമായി നല്‍കുന്ന ആപ്ലിക്കേഷനുകള്‍ പിന്നീട് ഉപയോഗിക്കണമെങ്കില്‍ പണം മുടക്കേണ്ടിവന്നേക്കും. ഇപ്പോള്‍ പ്ലേസ്‌റ്റോറിലെത്തിയ 'ആപ്പിള്‍ മ്യൂസിക്' ആപ്പ് തന്നെ ആദ്യമൂന്ന് മാസങ്ങളില്‍ മാത്രമേ സൗജന്യമായി ഓടുകയുളളൂ. 

പിന്നീടിത് പ്രവര്‍ത്തിക്കണമെങ്കില്‍ കാശ് കൊടുക്കണം. ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ കയറിയിറങ്ങുന്ന ഗൂഗിള്‍ പ്ലേസ്‌റ്റോറിലൂടെ തങ്ങളുടെ ആപ്ലിക്കേഷനുകള്‍ വിറ്റഴിക്കുകയെന്ന ആപ്പിള്‍ തന്ത്രമാണ് ആപ്പിളിന്റെ പുതിയ നീക്കത്തിന് പിന്നിലെന്ന് വ്യക്തം.