മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 ആപ്പിളിന്റെ ഐഫോണ്‍ പ്ലാറ്റ്‌ഫോമിനെ മറികടക്കുന്നു. 50 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയും നിയന്ത്രിക്കുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം.....

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാന്‍ ആപ്പിളും ഗൂഗിളും കിണഞ്ഞു ശ്രമിക്കുന്ന ഈ സമയത്ത് മേല്‍സൂചിപ്പിച്ച തരത്തിലൊരു സാഹചര്യം പലര്‍ക്കും ചിരിച്ചു തള്ളാനുള്ള ഒന്നായി തോന്നാം. എന്നാല്‍, 2015 ലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി എങ്ങനെയായിരിക്കാം എന്നതിനെക്കുറിച്ച് പഠനം നടത്തിയ ഗാര്‍ട്ട്‌നര്‍ എന്ന സ്ഥാപനമാണ് ഇത്തരമൊരു സാഹചര്യം മുന്നോട്ടുവെയ്ക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഐഫോണ്‍ പ്ലാറ്റ്‌ഫോം (iOS) 2015 ആകുമ്പോഴേക്കും മൂന്നാസ്ഥാനത്തെത്തുമെന്നാണ് ഗാര്‍ട്ട്‌നര്‍ പഠനം പ്രവചിക്കുന്നത്. ഈവര്‍ഷമാകും ഐഫോണ്‍ വിപണിവിഹിതം അതിന്റെ പാരമ്യത്തിലെത്തുകയത്രേ. ഈ വര്‍ഷം 19.4 ശതമാനം വിപണി വിഹിതം പിടിക്കുന്ന ആപ്പിള്‍ അടുത്ത വര്‍ഷത്തോടെ 18.9 ശതമാനം എന്ന നിലയിലെത്തും. 2015 ല്‍ അതിന്റെ വിഹിതം 17.2 ശതമാനമായി കുറയുമത്രേ.

ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി വിഹിതം ഈ വര്‍ഷം 38.5 ശതമാനം എന്നത് 2012 ല്‍ 49.2 ശതമാനമായി ഉയരും. 2010 ല്‍ ആന്‍ഡ്രോയിഡിന്റെ വിഹിതം വെറും 22.7 ശതമാനമായിരുന്നു എന്നോര്‍ക്കുക. തീര്‍ച്ചയായും ഇതര സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകള്‍ ആശ്രയിക്കുന്ന കമ്പനികള്‍ക്ക് സംഭ്രമമുണ്ടാക്കുന്ന പ്രവചനം തന്നെയാണിത്.

വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോം ഈ കാലയളവില്‍ കാര്യമായ മുന്നേറ്റം കാഴ്ച വെയ്ക്കുമെന്ന് പഠനം പറയുന്നു. ഈ വര്‍ഷം വെറും 5.6 ശതമാനം മാത്രം വിപണി വിഹിതം ഉള്ള ആ പ്ലാറ്റ്‌ഫോം, അടുത്ത വര്‍ഷം 10.8 ശതമാനത്തിലേക്ക് ഉയരും. 2015 ല്‍ ഐഫോണിനെ പിന്നിലാക്കി വിന്‍ഡോസ് ഫോണിന്റെ വിഹിതം 19.5 ശതമാനമായി മാറുമെന്ന് ഗാര്‍ട്ട്‌നര്‍ പ്രവചിക്കുന്നു.

സങ്കീര്‍ണമായ മൊബൈല്‍ വിപണിയുടെ ഭാവിയെക്കുറിച്ച് ഒരു സ്ഥാപനം നടത്തിയ വിശകലനത്തിന്റെ ഫലമാണ് ഈ പ്രവചനമെന്ന കാര്യം മറക്കരുതെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. മാത്രമല്ല, മുമ്പ് തെറ്റായ ചില പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള സ്ഥാപനമാണ് ഗാര്‍ട്ട്‌നര്‍. നോക്കിയയുടെ സിമ്പിയാന്‍ ആകും 2014 ഓടെ 30.2 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ വിപണി നിയന്ത്രിക്കുകയെന്ന് ഏഴ് മാസം മുമ്പ് പ്രവചിച്ച വിദ്വാന്‍മാരാണ് അവര്‍. ഇപ്പോഴാണെങ്കിലോ, നോക്കിയ തന്നെ സിമ്പിയാന്‍ വിട്ട് വിന്‍ഡോസ് ഫോണ്‍ 7 ലേക്ക് ചെക്കേറുന്നു!