2012 ല്‍ ദുഷ്ടപ്രോഗ്രാമുകളുടെ ആക്രമണം 79 ശതമാനവും ഉണ്ടായത് ആന്‍ഡ്രേയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലെന്ന് അമേരിക്കന്‍ അധികൃതര്‍ . പബ്ലിക് ഇന്റലിജന്‍സ് വെബ്ബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വിവരമാണിത്.

ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനം നോക്കിയയുടെ സിമ്പിയന്‍ ഒഎസ് ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണെന്നും വെബ്ബ്‌സൈറ്റ് പറയുന്നു. അതേസമയം, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന് നേരെ നടന്നത് 0.7 ശതമാനം ആക്രമണം മാത്രം.

ലോകത്ത് ഏറ്റവും ജനപ്രീതിയാര്‍ജിച്ച മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്. ഉയര്‍ന്ന വിപണിവിഹിതവും ഒപ്പണ്‍ സോഴ്‌സ് ഘടനയുമാണ്, ആന്‍ഡ്രോയ്ഡ് കൂടുതല്‍ ആക്രമണം നേരിടാന്‍ കാരണമെന്ന് യു.എസ്.അധികൃതര്‍ പ്രസിദ്ധീകരിച്ച മെമ്മോ പറയുന്നു.

'ടെക്സ്റ്റ് ട്രോജന്‍സ്' ( Text trojans ) എന്നറിയപ്പെടുന്ന ഒരു കെണിയുണ്ട്. വലിയ ചാര്‍ജുള്ള നമ്പറുകളില്‍ ക്ലിക്ക് ചെയ്യാന്‍ യൂസര്‍മാരെ പ്രേരിപ്പിക്കുന്ന ഒന്ന്. ആന്‍ഡ്രോയ്ഡ് ആക്രമണങ്ങളില്‍ പകുതിയും ടെക്സ്റ്റ് ട്രോജന്‍സ് വഴിയാണത്രേ.

ഗൂഗിള്‍ പ്ലേ മാര്‍ക്കറ്റ്‌പ്ലേസ് പോലെ തോന്നിപ്പിക്കുന്ന വ്യാജ സൈറ്റുകള്‍ ആന്‍ഡ്രോയ്ഡ് യൂസര്‍മാരെ കെണിയില്‍പെടുത്താറുണ്ടെന്നും മെമ്മോ പറയുന്നു. ആന്‍ഡ്രോയ്ഡ് യൂസര്‍മാരില്‍ 44 ശതമാനവും 2.3.3, 2.3.7 തുടങ്ങിയ പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവരാണ്. അതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

അത്തരം പഴയ വേര്‍ഷനുകളിലുണ്ടായിരുന്ന ചില സൂരക്ഷാപഴുതുകള്‍ തുടര്‍ന്നുവന്ന വേര്‍ഷനുകളില്‍ ശരിയാക്കിയിട്ടുണ്ട്. മൊബൈല്‍ ഒഎസുകളുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്നും മെമ്മോ പറയുന്നു.

ആന്‍ഡ്രോയ്ഡിന്റെ സുരക്ഷാപിഴവുകളെക്കുറിച്ച് ചോദ്യമുയരുന്നത് ആദ്യമായല്ല. ആക്രമണം നടത്തുന്നവര്‍ക്ക് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുന്ന 'മാസ്റ്റര്‍ കീ' പിഴവിന്റെ കാര്യം സുരക്ഷാസ്ഥാപനമായ സെമാന്റെക് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ പിഴവ് ചൈനയില്‍ ഉപയോഗിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.