സാംസങിന്റെ മുന്‍നിര മോഡലുകളായ ഗാലക്‌സി എസ് 6, ഗാലക്‌സി എസ് 6 എഡ്ജ് എന്നിവ മാര്‍ച്ച് 23 ന് ഇന്ത്യയില്‍ വില്പന തുടങ്ങും. കമ്പനി വെബ്‌സൈറ്റില്‍ ഇവയുടെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന 'ഗാലക്‌സി അണ്‍പാക്ക്ഡ്' ചടങ്ങിലാണ് സാംസങ് ഈ രണ്ടു മോഡലുകളും ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഹോളണ്ട് അടക്കമുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇവയുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

ലോകമെങ്ങുമായി രണ്ടു കോടി ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞുവെന്ന് സാംസങ് പറയുന്നു. ഈ വര്‍ഷം മാത്രം അഞ്ചര കോടി ഗാലക്‌സി എസ് 6 ഫോണുകള്‍ സാംസങ് വില്‍ക്കുമെന്ന് ടെക്‌നോളജി വെബ്‌സൈറ്റുകള്‍ പ്രവചിക്കുന്നു.

ഗാലക്‌സി എസ് 6 ന് 49,990 രൂപയ്ക്കും 54,999 രൂപയ്ക്കും ഇടയിലായിരിക്കും ഇന്ത്യയിലെ വിലയെന്ന് സൂചനയുണ്ട്. ഗാലക്‌സി എസ് 6 എഡ്ജിന് 64,990 രൂപയ്ക്കും 69,999 രൂപയ്ക്കും ഇടയിലായിരിക്കും വില. ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനിലും സ്‌ക്രീന്‍ വലിപ്പത്തിലുമൊക്കെ ഒരുപോലെയാണ് രണ്ടുഫോണുകളും. ഗാലക്‌സി എഡ്ജ് സ്‌ക്രീനിന്റെ രണ്ടു വശങ്ങളിലും ഡിസ്‌പ്ലേയുണ്ടാകുമെന്നു മാത്രം.

ലോഹച്ചട്ടക്കൂടും മുന്നിലും പിന്നിലും ഗ്ലാസ് ബോഡിയുമൊക്കെയായി കാഴ്ചയില്‍ അതീവസുന്ദരമാണ് രണ്ടു ഫോണുകളും. 2560X1440 പിക്‌സല്‍സ് റിസൊല്യൂഷനുള്ള (577 പി.പി.ഐ.) 5.1 ഇഞ്ച് ക്വാഡ് എച്ച്.ഡി. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ടു ഫോണുകള്‍ക്കുമുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗ്ലാസ് 4 കൊണ്ടു നിര്‍മിച്ച സ്‌ക്രീനാണ് ഫോണുകള്‍ക്കുള്ളത്.

സാംസങിന്റെ സ്വന്തം എക്‌സിനോസ് 7 ഒക്ടാകോര്‍ പ്രൊസസറാണ് ഫോണുകളിലുള്ളത്. 2.1 ഗിഗാഹെര്‍ട്‌സ്, 1.5 ഗിഗാഹെര്‍ട്‌സ് എന്നിങ്ങനെ ശേഷിയുള്ള രണ്ട് ക്വാഡ്‌കോര്‍ പ്രൊസസറുകള്‍ ചേരുന്നതാണ് എക്‌സിനോസ് 7 ഒക്ടാകോര്‍ പ്രൊസസര്‍. ഫോണുകളുടെ റാം ശേഷി മൂന്ന് ജിബിയാണ്.

32 ജി.ബി., 64 ജി.ബി., 128 ജി.ബി. എന്നിങ്ങനെ വ്യത്യസ്ത ഇന്റേണല്‍ സ്‌റ്റോറേജുള്ള മോഡലുകള്‍ ലഭ്യമാണ്. സ്‌റ്റോറേജ് ശേഷി കൂടുന്നതിനനുസരിച്ച വിലയും കൂടുമെന്ന് മാത്രം. എസ്.ഡി. കാര്‍ഡുപയോഗിച്ച് എക്‌സ്‌റ്റേണല്‍ മെമ്മറി കൂട്ടുന്ന സംവിധാനം ഈ ഫോണുകളിലില്ല.

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി എസ് 6 ഫോണില്‍ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. സാംസങിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ ടച്ച്‌വിസും ഫോണിലുണ്ടാകും.

ഗാലക്‌സി എസ് 6 ല്‍ 2,550 എം.എ.എച്ച്. ബാറ്ററിയാണുള്ളതെങ്കില്‍ എസ് 6 എഡ്ജില്‍ 2,600 എം.എ.എച്ച്. ബാറ്ററിയാണ് ഊര്‍ജം പകരുന്നത്. യൂനിവേഴ്‌സല്‍ വയര്‍ലെസ് ചാര്‍ജിങ് സംവിധാനം പിന്തുണയ്ക്കുന്ന ഫോണുകളാണിവ. പത്തു മിനുട്ട് നേരത്തെ ചാര്‍ജിങ് കൊണ്ട് നാലു മണിക്കൂര്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് സാംസങ് അവകാശപ്പെടുന്നു (ചിത്രം കടപ്പാട്: എ പി).