സംഗീതപ്രേമികളെ ലക്ഷ്യം വെച്ചുള്ള പുതിയ മൊബൈല്‍ ഫോണാണ് 'നോക്കിയ 5250'. താഴ്ന്ന വിലയ്ക്കുള്ള ടച്ച്‌സ്‌ക്രീന്‍ ഫോണായ നോക്കിയ 5233 ന് പകരമായാണ് പുതിയ ഫോണ്‍ രംഗത്തെത്തുന്നത്. താഴ്ന്ന വിലയ്ക്കുള്ള ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ തന്നെയാണ് നോക്കിയ 5250 മോഡലും. എന്നാല്‍, മുന്‍മോഡലിന് സ്‌ക്രീന്‍ വലിപ്പം 3.2 ഇഞ്ചായിരുന്നെങ്കില്‍, പുതിയ ഫോണിന്റേത് 2.8 ഇഞ്ചാണ്. സാംസങ് മോന്റെ/കോര്‍ബി, എല്‍.ജി.കുക്കീ പരമ്പര എന്നിവയില്‍പെട്ട വിലകുറഞ്ഞ ടച്ച്‌സ്‌ക്രീന്‍ ഫോണുകളോടാണ് വിപണിയില്‍ നോക്കിയ 5250 ന് മത്സരിക്കേണ്ടി വരിക.

തലക്കെട്ടില്‍ സൂചിപ്പിച്ചപോലെ സംഗീതാസ്വാദഗകരെ മുന്നില്‍ കണ്ടിറക്കിയ ഫോണാണ് നോക്കിയയുടെ പുതിയ മോഡല്‍. ഹോംസ്‌ക്രീനില്‍ തന്നെയുള്ള ബില്‍ട്ട്-ഇന്‍ മ്യൂസിക് പ്ലെയര്‍, ഗ്രാഫിക് ഇക്വലൈസര്‍, 3.5 എം.എം. ഓഡിയോ ജാക്ക്, എഫ്.എം. േറഡിയോ എന്നിവ സംഗീതപ്രേമികളെ സന്തോഷിപ്പിക്കുമെന്നുറപ്പ്. നോക്കിയയുടെ അപ്ലിക്കേഷന്‍ സ്‌റ്റോറായ 'ഒവിമ്യൂസിക്കി'ലുള്ള നാലായിരത്തിലേറെ ഗാനങ്ങളില്‍ നിന്ന് ഇഷ്ടമുളളവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും നോക്കിയ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം ലോകമെങ്ങും ഹിറ്റായിക്കൊണ്ടിരിക്കുന്ന 'ഗിറ്റാര്‍ ഹീറോ 5' മൊബൈല്‍ ഗെയിമും ഈ ഫോണില്‍ സൗജന്യമായി ലഭിക്കും. സംഗീതം സ്വയം കമ്പോസ് ചെയ്യാന്‍ സഹായിക്കുന്ന വീഡിയോ ഗെയിമാണ് ഗിറ്റാര്‍ ഹീറോ. ഈ ഗെയിമിന്റെ ഏറ്റവും പുതിയ മൊബൈല്‍ വെര്‍ഷനാണ് നോക്കിയ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലേത് രണ്ട് മെഗാപിക്‌സല്‍ ക്യാമറയാണ്. ഹോംസ്‌ക്രീനില്‍ നിന്നു തന്നെ ഇമെയിലും സൗഹൃദക്കൂട്ടായ്മാ സൈറ്റുകളുമെല്ലാം പരിശോധിക്കാനുള്ള ഷോട്ട്കട്ടും ഫോണിലുണ്ട്. ജി.പി.ആര്‍.എസ്/എഡ്ജ് സൗകര്യങ്ങളും ബ്ലൂടൂത്തുമുണ്ടെങ്കിലും ത്രിജി, ജി.പി.എസ്., വൈഫൈ എന്നിവയില്ലാത്തതിനാല്‍, പുതിയ ഫോണ്‍മോഡലിനെ സ്മാര്‍ട്ട്‌ഫോണിന്റെ ഗണത്തില്‍ പെടുത്താനാകില്ല. ഹൈസ്​പീഡ് യു.എസ്.ബി 2.0 ഫോണിലുണ്ട്. 51 എം.ബി.യാണ് ഇന്റേണല്‍ മെമ്മറിയെങ്കിലും 16 ജി.ബി. കാര്‍ഡ് വരെ ഫോണ്‍ പിന്തുണയ്ക്കും.

ബാറ്ററി ആയുസ്സിന്റെ കാര്യത്തില്‍ 462 മിനിറ്റാണ് നോക്കിയ വാഗ്ദാനം ചെയ്യുന്ന സംസാര സമയം, സ്റ്റാന്‍ഡ്‌ബൈ സമയം 450 മണിക്കൂറും. മ്യൂസിക് പ്ലേബാക്ക് മാത്രമാണെങ്കില്‍ 24 മണിക്കൂര്‍ ബാറ്ററി ആയുസ്സ് ലഭിക്കുമെന്നും കമ്പനി പറയുന്നു. വീഡിയോ പ്ലേബാക്കിന്റെ കാര്യത്തില്‍ ഇത് നാലര മണിക്കൂറാണ്. ഫോണിന്റെ വില ഇന്ത്യയില്‍ ഏതാണ്ട് 7000 രൂപ ആണ്.