ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ഫോണ്‍ ബ്രൗസറായ ഒപേറയുടെ പുതിയ പതിപ്പെത്തി. ഒപേറ മിനി 5.1 ആണ് സൗജന്യമായി ഉപയോഗിക്കാന്‍ പാകത്തില്‍ ലഭ്യമായിട്ടുള്ളത്. ലോകവ്യാപകമായി 3000 ലധികം ഫോണ്‍ മോഡലുകളില്‍ 6.1 കോടിയിലേറെപ്പോര്‍ നിലവില്‍ ഒപേറ ഉപയോഗിക്കുന്നുണ്ട്.

ഒപേറയുടെ അഞ്ചാം പതിപ്പ് പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞയുടനാണ് പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. കുറഞ്ഞ മെമ്മറിയുള്ള ഫോണുകളിലും മികച്ച ബ്രൗസിംഗ് അനുഭവം സാധ്യമാക്കുന്നതാണ് 5.1 എന്ന് ഒപേറ പറയുന്നു. ഒരേ സമയം ഒന്നിലധികം പേജുകള്‍ തുറക്കാനാകുന്ന തരത്തില്‍ പുതിയ പതിപ്പില്‍ നവീകരണം നടത്തിയിട്ടുണ്ട്. അതുപോലെ പേജുകളിലൂടെയുള്ള സ്‌ക്രോളിംഗ് കൂടുതല്‍ എളുപ്പമുള്ളതുമാക്കിയിട്ടുണ്ട്.

നോക്കിയ 5130 എക്‌സ്​പ്രസ്സ് മ്യൂസിക്, നോക്കിയ 6300, നോക്കിയ 2700 തുടങ്ങി പരിമിതമായ മെമ്മറിയുള്ള നോക്കിയ സീരീസ് 40 ഫോണുകള്‍ക്ക് ഏറ്റവും അനുയോജ്യമായതായിരിക്കും ഇത്. അതുപോലെ ചെറിയ സ്‌ക്രീനുകളുള്ള സോണി എറിക്‌സണ്‍ കെ550 ഐ, സോണി എറിക്‌സണ്‍ ഡബ്ല്യു 810 ഐ എന്നിവയ്ക്കും അനുയോജ്യമായ തരത്തിലാണ് ഒപേറ മിനി 5.1 തയ്യാറാക്കിയിക്കുന്നത്.

ഉപയോഗിക്കുന്ന ഹാന്‍ഡ്‌സെറ്റ് ഏതെന്നതിനെ ആശ്രയിക്കാതെ എവിടെയും എപ്പോഴും വെബ് ലഭ്യമാക്കുകയെന്നതാണ് ഒപേറ മിനി 5.1 ന്റെ ലക്ഷ്യമെന്ന് ഒപേറ സോഫ്ട്‌വേര്‍ സി ഇ ഒ ലാഴ്‌സ് ബോയിലെസെന്‍ പറയുന്നു. നിലവിലുള്ള ഫോണ്‍ ബ്രൗസര്‍ ഉപയോഗിച്ച് http://m.opera.com എന്ന സൈറ്റില്‍ നിന്ന് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

-basheer74@gmail.com