ചൈനീസ്‌മൊബൈലുകളുമായി മത്സരിക്കാന്‍ വിലകുറഞ്ഞ ഫോണുകള്‍ ഇറക്കിയ ആദ്യ ഇന്ത്യന്‍കമ്പനികളിലൊന്നാണ് ലെമണ്‍. വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ പക്ഷേ, കമ്പനിക്കായില്ല. ആ കുറവ് പരിഹരിക്കാനും തങ്ങളുടെ സാന്നിധ്യമറിയിക്കാനുമായി ലെമണ്‍ കമ്പനി പുതിയൊരു ഫോണ്‍ മോഡല്‍ രംഗത്തെത്തിച്ചിരിക്കുന്നു. ഫുള്‍ടച്ച് സ്‌ക്രീനും ഇരട്ട സിമ്മുമായ ഫോണിന്റെ വില വെറും 4500 രൂപ മാത്രം!

അതിശയിപ്പിക്കുന്ന സവിശേഷതകളാണ് 'ഐടി 717 (iT 717) എന്ന ഈ മോഡലിലുള്ളത്, പ്രത്യേകിച്ചും വില 4500 രൂപയാകുമ്പോള്‍. ഇരട്ട സിം കൂടാതെ, 3.2 മെഗാപിക്‌സല്‍ ക്യാമറ, ജാവ, മൂന്നിഞ്ച് ടി.എഫ്.ടി. സ്‌ക്രീന്‍, എംപി ത്രി പ്ലെയര്‍, എഫ്.എം. വീഡിയോ പ്ലെയര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. 3.2 മെഗാപിക്‌സല്‍ ക്യാമറ ഉപയോഗിച്ച് വീഡിയോ റിക്കോര്‍ഡിങും സാധ്യമാണ്. 100 ഗ്രാമാണ് ഫോണിന്റെ ഭാരം.

എട്ടുദിവസത്തെ സ്റ്റാന്റ്‌ബൈ ബാറ്ററി ബാക്കപ്പും അഞ്ചു മണിക്കൂര്‍ സംസാര സമയവും ലെമണ്‍ വാഗ്ദാനം ചെയ്യുന്നു. 20 എം.ബി ഇന്റേണല്‍ മെമ്മറി, എട്ട് ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്‌ലോട്ട്, 2000 അഡ്രസ്സുകള്‍ സൂക്ഷിക്കാവുന്ന അഡ്രസ്സ് ബുക്കും, 500 എസ്.എം.എസുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ലെമണ്‍ ഐ.ടി. 717 ലുണ്ട്.

ജി.പി.ആര്‍.എസ്/വാപ് കണക്ടിവിറ്റിയുള്ള ഈ ഫോണില്‍ എഡ്ജ് സങ്കേതമില്ല. കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ യു.എസ്.ബി ഡ്രൈവ് ഉപയോഗിക്കാനുള്ള സൗകര്യം, ഒപെറ മിനി ബ്രൗസര്‍, നിംമ്പസ് ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍ തുടങ്ങിയവയും ഐടി 717 ല്‍ സജ്ജീകരിച്ചിരിക്കുന്നു.

ഇത്രയും സൗകര്യങ്ങളുള്ള മറ്റൊരുഫോണും ഇത്ര കുറഞ്ഞ വിലയില്‍ കിട്ടില്ല എന്ന് ഉറപ്പാണ്. സാംസങ്ങിന്റെ വിലകുറഞ്ഞ മോഡലായ ചാമ്പ് സി 3300 നോടാണ് ഈ ലെമണ്‍ ഫോണിന് ശരിക്കും മത്സരിക്കേണ്ടി വരിക. ചാമ്പില്‍ ക്യാമറ വെറും 1.3 മെഗാ പിക്‌സല്‍ മാത്രമാകുമ്പോള്‍, ലെമണ്‍ ഐ.ടി 717 ല്‍ 3.2 മെഗാ പിക്‌സല്‍ ക്യാമറയും ഡബിള്‍ സിം സൗകര്യവും ലഭ്യമാണ്. മാത്രമല്ല മറ്റുള്ള സൗകര്യങ്ങളിലെല്ലാം ചാമ്പിനേക്കാള്‍ ഒരുപടി മുന്നിലാണ് ലെമണിന്റെ പുതിയ ഫോണ്‍.