നോക്കിയയുടേതായി ഇനി ഇരട്ട സ്​പര്‍ശമുള്ള മൊബൈല്‍ ഫോണുകളും. ആപ്പിളിന്റെ ഐഫോണും സാംസങിന്റെ കോര്‍ബിയും മറ്റും കാഴ്ച്ചവെച്ച ടച്ച് സ്‌ക്രീന്‍ സൗകര്യവും, മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ വന്നത് മുതല്‍ പരിചിതമായ പന്ത്രണ്ട് ബട്ടണുകളുള്ള അക്കങ്ങളും അക്ഷരങ്ങളും നിറഞ്ഞ (ആല്‍ഫാ ന്യൂമറിക്ക്) കീപാഡും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു കൊച്ചുഫോണ്‍.

ഈവര്‍ഷത്തെ നോക്കിയ അന്താരാഷ്ട്ര മേളയില്‍ പരിചയപ്പെടുത്തിയ നോക്കിയ സി-3 ടച്ച് ആന്റ് ടൈപ്പ് മോഡലാണ് കഥാനായകന്‍.സി-3യുടെ 01 മോഡലായി അവതരിച്ച ഈ ഫോണ്‍ ഒട്ടേറെ സാങ്കേതികവിദ്യകളുള്ളതാണ്. ഇടത്തരക്കാരെ ലക്ഷ്യം വെച്ച് വിപണിയിലിറക്കുന്നതു കൊണ്ട് തന്നെ ഇന്ത്യന്‍ വിപണിയിലെ വില 9000 രൂപയോളമായിരിക്കുമെന്നാണ് നോക്കിയ ഒദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

അതിമോഹരമായ സ്‌ക്രീനിലൂടെ വിരലോടിച്ച് പ്രവര്‍ത്തിക്കുന്നതോടൊപ്പം യഥാര്‍ഥ കീപാഡ് ഉപയോഗിച്ചും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. നോക്കിയ അടുത്തിടെ പുറത്തിറക്കിയ ജനപ്രിയ മോഡലുകളായ നോക്കിയ 6700 കഌസിക്ക്, നോക്കിയ 6300 മോഡലുകളെ സ്മരിപ്പിക്കുന്ന രൂപത്തിലാണ് സി-3 പുറത്തിറങ്ങുന്നത്.

അഞ്ച് മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറയും, ത്രിജി, വൈഫൈ കണക്റ്റിവിറ്റിയുമൊക്കെ സി-3 യിലുണ്ട്. ഒപ്പം നൂറ് ശതമാനം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച കെയ്‌സിന്റെ കരുത്തും.

സി-3 ടച്ച് ആന്റ് ടൈപ്പ് ' സ്മാര്‍ട്ട്‌ഫോണായി അവതരിക്കുമ്പോള്‍ ടെലിഫോണ്‍ സംഭാഷണം സുഖമമാകുന്നതോടൊപ്പം മെസേജിംഗും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗും അതിവേഗം വിരല്‍തുമ്പിലൊതുങ്ങും. സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗിലെ അതികായന്മാരായ ഫെയ്‌സ്ബുക്കും ട്വിറ്ററുമാണ് സി-3യിലൂടെ എളുപ്പം ലഭ്യമാകുന്നത്. ഒപ്പം പുത്തന്‍ സോഫ്ട്‌വേറുകളും റിംഗ്‌ടോണുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ നോക്കിയ നിര്‍മ്മിച്ച ഒവിഐ സ്റ്റോറിലേക്കുള്ള ആക്‌സിസും. സണ്‍ ജാവയെ പിന്തുണയ്ക്കുന്ന സിമ്പിയന്‍ പഌറ്റ്‌ഫോമിന്റെ പുതിയ പതിപ്പാണ് സി-3യുടെ മറ്റൊരു സവിശേഷത.

32 ഗിഗബൈറ്റ് മെമ്മറിയുള്ള മൈക്രോ എസ്.ഡി കാര്‍ഡ് വരെ ഉപയോഗിക്കാവുന്ന എക്‌സ്​പാന്‍ഡബിള്‍ മെമ്മറിയാണ് സി-3യുടെ മറ്റൊരു സവിശേഷത. 2.4 ഇഞ്ച് ടി. എഫ്.ടി ടച്ച്‌സ്‌ക്രീനാണ് സി-3യുടേത്. എല്‍. ഇ.ഡി ഫ്ലഷ് ലൈറ്റോട് കൂടിയ അഞ്ച് മെഗാപികസ്ല്‍ ക്യാമറ, വി.ജി.എ ക്യാമറ ഉപയോഗിച്ച് സെക്കന്റില്‍ 15 ഫ്രെയിം വീഡിയോ റെക്കോര്‍ഡിംഗ് നടത്തവാനുള്ള ശേഷി, ആര്‍.ഡി.എസ് സംവിധാനത്തോടെയുള്ള എഫ്. എം.റേഡിയോ, സംഭഷണങ്ങള്‍ തടസ്സം കൂടാതെ ലഭിക്കാനുള്ള ക്വാഡ് ബാന്റ് ജി.എസ്.എം, 100 ഗ്രാം ഭാരം, 111 മില്ലിമീറ്റര്‍ നീളവും 40 മില്ലിമീറ്റര്‍ വീതിയും 11 മില്ലിമീറ്റര്‍ കനവും, സ്​പീക്കര്‍ കൂടുതലായി ഉപയാഗിക്കാനായി 3.5 ഓഡിയോ ജാക്ക്, ജി.പി. ആര്‍. എസിന്റെയും എഡ്ജിന്റെയും പത്താമത്തെ വെര്‍ഷന്‍, ഒപ്പം ബഌടൂത്തും മൈക്രോ യു.എസ്.ബി കണക്റ്റിവിറ്റി, എം.പി-3യും എം.പി-4 ഉം ഉപയോഗിക്കാവുന്ന മീഡിയപ്‌ളെയര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഒക്‌ടോബര്‍ രണ്ടാംവാരത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സി-3 ഫോണ്‍ ബാറ്ററിയുടെ ഈടുനില്‍പ്പിനെ കുറിച്ചും ജി.പി.എസിനെ കുറിച്ചുമാണ് ഒന്നും വെളിപ്പെടുത്താത്. കനമേറിയ സ്റ്റീല്‍ കെയ്‌സില്‍ പുറത്തിറക്കുന്നത് കൊണ്ട് തന്നെ ബാറ്ററി ശേഷി കുറയാനാണ് സാധ്യത. സമാനരീതിയില്‍ പുറത്തിറക്കിയ 6700 കഌസിക്ക് തന്നെ ഇതിന് ഉദാഹരണമാണ്. ഒപ്പം വീഡിയോകള്‍ ഷൂട്ട്‌ചെയ്യുമ്പോള്‍ ബാറ്ററി പെട്ടെന്ന് തീരുന്ന പ്രവണതയും ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്മാര്‍ട്ട് ഫോണ്‍ എന്ന നിലയ്ക്ക് വിപണിയിലെത്തിക്കുന്ന സി-3യില്‍ ജി.പി.എസ് സംവിധാനം എന്തായാലും ആദ്യ മോഡലില്‍ അനൗണ്‍സ് ചെയ്തിട്ടില്ല. ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ച് ശീലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും.

-ashikkris@gmail.com