ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ സൗജന്യമായി ലഭ്യമായിരുന്ന 21 ജനപ്രിയ ആപ്ലിക്കേഷനുകള്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഗൂഗിള്‍ പിന്‍വലിച്ചു. മൊബൈലില്‍ നിന്ന് ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവരങ്ങള്‍ കവരുകയും കൈമാറുകയും ചെയ്യുന്ന ദുഷ്ടപ്രോഗ്രാമുകള്‍ (malware) ആണ് ഈ ആപ്ലിക്കേഷനുകളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, 'ഡ്രോയിഡ് ഡ്രീം' (DroidDream) എന്ന പുതിയൊരിനം ആന്‍ഡ്രോയിഡ് ദുഷ്ടപ്രോഗ്രാം അമ്പതോളം ആപ്ലിക്കേഷനുകളില്‍ കയറിക്കൂടിയിട്ടുള്ളതായി മറ്റൊരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഫാളിങ് ഡൗണ്‍ (Falling Down), സൂപ്പര്‍ ഹിസ്റ്ററി ഇറേസര്‍ (Super History Eraser), സൂപ്പര്‍ ഗിറ്റാര്‍ സോളോ (ടൗുലൃ ഏൗശമേൃ ടീഹീ), സൂപ്പര്‍ സെക്‌സ് പൊസിഷന്‍സ് (Super Sex Positions), ഫണ്ണി പെയിന്റ് (Funny Paint), സ്‌പൈഡര്‍ മാന്‍ (Spider Man) എന്നിങ്ങനെ 21 ആപ്ലിക്കേഷനുകള്‍ അപകടം വരുത്തുന്നതായി 'ആന്‍ഡ്രോയിഡ് പോലീസ്' ബ്ലോഗര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ്, അവ പിന്‍വലിച്ചത്. പക്ഷേ, ഇത്തരം അമ്പതിനായിരത്തിലേറെ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു എന്നാണ് കണക്ക്.

ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ ദുഷ്ടപ്രോഗ്രാമിന്റെ കൂടുതല്‍ കോഡുകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനും ഈ ആപ്ലിക്കേഷനുകള്‍ക്കാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനപ്രിയ ഗെയിമുകളുടെയും മറ്റും വ്യാജപകര്‍പ്പുകളാണ് യഥാര്‍ഥത്തില്‍ ഈ ആപ്ലിക്കേഷനുകള്‍. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഇവ മൊബൈല്‍ ഫോണിന്റെ പ്ലാറ്റ്‌ഫോമില്‍ വേരാഴ്ത്തുകയും, ഒരു ആന്‍ഡ്രോയിഡ് എക്‌സിക്യൂട്ടബിള്‍ ഫയല്‍ (എ.പി.കെ) ഉപയോഗിച്ച് ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ഡാറ്റ കവരുകയും ചെയ്യുന്നു.

ഫോണില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ കവരാന്‍ ശേഷിയുള്ള ഡ്രോയിഡ് ഡ്രീം എന്ന ദുഷ്ടപ്രോഗ്രാം, അമ്പതിലേറെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ കയറിക്കൂടിയതായി അമേരിക്കന്‍ മൊബൈല്‍ സുരക്ഷാസ്ഥാപനമായ 'ലുക്കൗട്ട്' (Lookout) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗെയിമുകളുടെ ആപ്ലിക്കേഷനുകളെയാണ് ഇത്തരത്തില്‍ കെണിയൊരുക്കാന്‍ കുബുദ്ധികള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം ആപ്ലിക്കേഷനുകള്‍ ഒരു ഫോണില്‍ കയറിക്കൂടിയാല്‍, ഫോണിന്റെ ഉടമയറിയാതെ ടെക്‌സ്റ്റ് മെസേജുകള്‍ മറ്റുള്ളവര്‍ക്ക് അയയ്ക്കുകയും അതുവഴി ലഭിക്കുന്ന ഫോണ്‍ചാര്‍ജില്‍ ഒരു പങ്ക് ആപ്ലിക്കേഷനുകള്‍ നിര്‍മിച്ച അട്ടിമറിക്കാര്‍ കൈക്കലാക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ തട്ടിപ്പ്. ഫോണ്‍ ഉടമയുടെ മൊബൈല്‍ ബില്ല് അസാധാരണമാം വിധം വര്‍ധിക്കുകയും ചെയ്യും.

ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് എന്നത് ഒരു തുറന്ന ഇടമാണ്. പല സാഹചര്യങ്ങളാല്‍ അവിടെ ചതിക്കുഴികള്‍ ഉണ്ടാകാം. ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് യൂസര്‍ റിവ്യൂകള്‍ വായിക്കാന്‍ മറക്കാതിരിക്കുക. എന്തെങ്കിലും സംശയം തോന്നിയാല്‍, അത്തരം ആപ്ലിക്കേഷന്‍ ഒഴിവാക്കുക. നിങ്ങള്‍ അനുവാദം നല്‍കിയാലല്ലാതെ ഒരു ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല എന്നത് ഓര്‍ക്കുക.