അഡോബി ഫ്‌ളാഷ് പ്ലെയര്‍ 10.1 ന്റെ ഡെസ്‌ക് ടോപ്പ് വകഭേദം പുറത്തിറക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ആ സോഫ്ട്‌വേറിന്റെ മൊബൈല്‍ വകഭേദവും അഡോബി പുറത്തിറക്കി.

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കെല്ലാം പക്ഷേ, ഉടന്‍ തന്നെ ഫ്‌ളാഷ് പ്ലെയര്‍ 10.1 ന്റെ സേവനം ലഭിക്കുമെന്ന് കരുതരുത്. ആന്‍ഡ്രോയിഡ് 2.2 (ഫ്രൊയോ) ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകള്‍ക്കേ തുടക്കത്തില്‍ ഇതിന്റെ ഗുണം ലഭിക്കൂ.

മോട്ടറോളയുടെ ഡ്രോയിഡ്, എച്ച്.ടി.സി.യുടെ ചില മൊബൈല്‍ ഫോണുകള്‍, ഡെല്ലിന്റെ ടാബ്‌ലറ്റായ 'സ്ട്രീക്ക്' തുടങ്ങിയവയിലാകും ഫ്‌ളാഷ് 10.1 ആദ്യം എത്തുക. ബ്ലാക്ക്ബറി, പാം വെബ്ബ് ഒഎസ്, വിന്‍ഡോസ് ഫോണ്‍ 7 പരമ്പര, ലിമോ, മീഗൊ, സിമ്പിയന്‍ പ്ലാറ്റ്‌ഫോമുകളുകള്‍ക്കെല്ലാം യോജിക്കുന്ന ഫ്‌ളാഷ് വകഭേദങ്ങള്‍ വരും മാസങ്ങളില്‍ രംഗത്തെത്തിക്കാനാണ് അഡോബി പദ്ധതിയിടുന്നത്.പ്രധാനപ്പെട്ട ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ മാത്രം ഫ്‌ളാഷ്് 10.1 പ്രവര്‍ത്തിക്കില്ല-ആപ്പിളിന്റെ iOS 4 ല്‍. മൊബൈല്‍ ഉപകരണങ്ങള്‍ക്ക് പറ്റിയതല്ല ഫ്‌ളാഷ് അതിനാല്‍ തങ്ങള്‍ അതിനെ ഒരിക്കലും പിന്തുണയ്ക്കില്ല എന്നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് വ്യക്തമാക്കിയിട്ടുള്ളത് (കാണുക: ഫ്‌ളാഷിനെച്ചൊല്ലി ആപ്പിള്‍ കലഹിക്കുമ്പോള്‍).

ആപ്പിളിന്റെ ഐഫോണ്‍, ഐപ്പാഡ് തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളിലൊഴികെ മറ്റ് കമ്പനികളുടെ മിക്ക മൊബൈല്‍ ഉപകരണങ്ങളിലും ഫ്‌ളാഷ് ലഭ്യമാക്കുക വഴി, 2012 ആകുമ്പോഴേക്കും ലോകത്തുള്ള പകുതിയിലേറെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഫ്‌ളാഷ് 10.1 എത്തുകയാണ് അഡോബിയുടെ ലക്ഷ്യം.എന്നാല്‍, അഡോബിയുടെ ലക്ഷ്യത്തിന് മുന്നില്‍ ഉയരുന്ന ചോദ്യം ഇതാണ്-ശക്തമായ പുതിയ തലമുറ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് (ഐഫോണ്‍ ഒഴികെ) ഫ്‌ളാഷ് ഗുണം ചെയ്യുമോ? ഉപയോഗിച്ച് നോക്കി മാത്രം തീര്‍ച്ചപ്പെടുത്തേണ്ട സംഗതിയാണത്.

ഏതായാലും, അഡോബിയുടെ പുതിയ നീക്കം ഒരു കാര്യം വ്യക്തമാക്കുന്നു. ഡെസ്‌ക് ടോപ്പുകള്‍ക്ക് മാത്രമല്ല മൊബൈലിനും ഫ്‌ളാഷ് അനുയോജ്യമാണെന്ന് തെളിയിക്കാനാണ് കമ്പനിയുടെ നീക്കം. ബാറ്ററി ആയുസ്സ് മുതല്‍ സുരക്ഷയുടെ കാര്യത്തില്‍ വരെ കമ്പനി ഉറപ്പു നല്‍കുന്നു.

ഈ ലക്ഷ്യം മുന്നില്‍ വെച്ച്, മൊബൈലുകള്‍ക്കായി ഫ്‌ളാഷ് 10.1 അടിമുടി പരിഷ്‌ക്കരിച്ചതായി അഡോബി പറയുന്നു. മള്‍ട്ടിടച്ച് ഓപ്പറേഷനുകള്‍, സ്മാര്‍ട്ട് സൂമിങ്, ആക്‌സലറോമീറ്ററിന്റെ സഹായത്തോടെയുള്ള ദിശാവ്യതിയാനം തുടങ്ങിയവയ്‌ക്കൊക്കെ മൊബൈല്‍ ഫ്‌ളാഷ് പിന്തുണയേകും.മാത്രമല്ല, മിക്കവാറും എല്ലാ പ്രമുഖ 'ചിപ്പ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളുമായും' ചേര്‍ന്ന് പ്രവര്‍ത്തിക്കത്തക്കവിധം ഫ്‌ളാഷ് 10.1 നെ നിജപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, സി.പി.യു., ബാറ്ററി എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, ഊര്‍ജോപയോഗം കുറയ്ക്കാനും സാധിക്കും.

ലോകത്തെ ഏറ്റവും പ്രമുഖ 20 മൊബൈല്‍ നിര്‍മാതാക്കളില്‍ 19 എണ്ണവുമായും തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകുമെന്ന്, അഡോബിയുടെ ടെക്‌നോളജി സ്ട്രാറ്റജി ആന്‍ഡ് പാര്‍ട്ണര്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ അനൂപ് മുരാര്‍ക അറിയിച്ചു. നിലവിലുള്ള ബഹുഭൂരിപക്ഷം ഫ്‌ളാഷ് ഉത്പന്നങ്ങളും ഫ്‌ളാഷ് പ്ലെയര്‍ 10.1 ന്റെ മൊബൈല്‍ വകഭേദത്തില്‍ പ്രവര്‍ത്തിക്കുമെന്നും മുരാര്‍ക പറഞ്ഞു.