ഐഫോണ്‍ 4 നേരിടുന്ന സിഗ്നല്‍ പ്രശ്‌നം ഐഫോണിന്റേത് മാത്രമല്ലെന്നും മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇതേ പ്രശ്‌നമുണ്ടെന്നും ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആരോപിച്ചു. ഐഫോണ്‍ 4 ഇടതുകൈയില്‍ പിടിക്കുമ്പോള്‍ സിഗ്നല്‍ശക്തി ചോരുന്നത് തടയാന്‍, എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ആപ്പിള്‍ സംരക്ഷണകവചം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്, ഐഫോണ്‍ 4 നെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ ആപ്പിള്‍ മേധാവി നടത്തിയത്. ഐഫോണ്‍ 4 നേരിടുന്നതായി പറയുന്ന സിഗ്നല്‍പ്രശ്‌നം യഥാര്‍ഥത്തില്‍ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ കുറ്റമറ്റതല്ല'-സ്റ്റീബ് ജോബ്‌സ് പറഞ്ഞു. ഞങ്ങള്‍ മാത്രമല്ല ഈ പ്രശ്‌നം നേരിടുന്നത്, സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം മുഴുവന്‍ ഇത് നേരിടുന്നുണ്ട്. 'ബ്ലാക്ക്ബറി ബോള്‍ഡ് 9700' പോലുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 4 ന് എത്ര സിഗ്നല്‍ ചോര്‍ച്ച സംഭവിക്കുന്നുണ്ടെന്ന് കാട്ടിത്തരുന്ന വീഡിയോകളും വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ 24 ന് ഐഫോണ്‍ 4 പുറത്തിറങ്ങിയതു മുതല്‍ അതിലെ സിഗ്നല്‍ചോര്‍ച്ച മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇടതു കൈയില്‍ പിടിക്കുമ്പോള്‍ ഫോണിന്റെ സിഗ്നല്‍ശക്തി ചോരുന്നത് പലരെയും അലോസരപ്പെടുത്തി. ഐഫോണ്‍ 4 ലെ സിഗ്നല്‍ശക്തി കാട്ടിത്തരുന്ന സൂചകസോഫ്ട്‌വേറിനുണ്ടായ തകരാറാണ് പ്രശ്‌നമെന്നും, ഉടന്‍ അത് ശരിയാക്കാന്‍ അപ്‌ഡേറ്റ് പുറത്തിറക്കുമെന്നും പറഞ്ഞ് ആപ്പിള്‍ തടിയൂരാന്‍ നോക്കി.

എന്നാല്‍, ജൂലായ് ആദ്യ ആഴ്ച്ച പുറത്തിറങ്ങിയ 'കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്' ആപ്പിളിനെ ശരിക്കും വെട്ടിലാക്കി. ഐഫോണ്‍ 4 സിഗ്നല്‍ സ്വീകരിക്കുന്നതില്‍ തന്നെയാണ് പ്രശ്‌നമെന്നും, അല്ലാതെ പ്രശ്‌നം സിഗ്നല്‍ശക്തി സൂചിപ്പിക്കുന്ന സോഫ്ട്‌വേറില്‍ മാത്രമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഐഫോണ്‍ 4 വാങ്ങരുതെന്നാണ് തങ്ങള്‍ ശുപാര്‍ശ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് ഒരു അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടാന്‍ ആപ്പിള്‍ തീരുമാനിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ എന്താണ് സംഭവിക്കുക എന്നതിനെ സംബന്ധിച്ച് ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഉപഭോക്താക്കളോട് ആപ്പിള്‍ മാപ്പു ചോദിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചത്. ഏതാണ്ട് 30 ലക്ഷം ഐഫോണ്‍ 4 ഇതിനകം വിറ്റുപോയിട്ടുണ്ട്. അവയെല്ലാം തിരിച്ചുവിളിക്കാന്‍ ആപ്പിള്‍ മുതിരില്ലെന്നും, സിഗ്നല്‍ ചോര്‍ച്ച തടയാനുള്ള കവചം നല്‍കാനാകും ആപ്പിള്‍ തീരുമാനമെന്നും അഭ്യൂഹം പരന്നു.

അതു തന്നെയാണ് സംഭവിച്ചത്. സിഗ്നല്‍ചോര്‍ച്ച തടയാന്‍ സഹായിക്കുന്ന കവചത്തിന് ജൂലായ് 22 മുതല്‍ ആപ്പിള്‍ വെബ്ബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാമെന്ന് സ്റ്റീവ് ജോബ്‌സ് അറിയിച്ചു. 30 ലക്ഷം സംരക്ഷണ കവചങ്ങള്‍ നല്‍കാന്‍ ആപ്പിളിന് ഏതാണ്ട് 18 കോടി ഡോളര്‍ ചെലവ് വരും.

അതേസമയം, ഐഫോണ്‍ 4 ല്‍ അസന്തുഷ്ടരായി ആരെങ്കിലും അത് മടക്കിയാല്‍ മുഴുവന്‍ കാശും തിരികെ നല്‍കുമെന്നും ആപ്പിള്‍ മേധാവി അറിയിച്ചു. ഈ സ്‌കീം സപ്തംബര്‍ 30 വരെയാണ് പ്രാബല്യത്തിലുണ്ടാവുക.

ഐഫോണ്‍ 4 ന്റെ ചട്ടക്കൂട് സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആ ചട്ടക്കൂട് തന്നെയാണ് ഫോണിന്റെ ആന്റീനയായും പ്രവര്‍ത്തിക്കുന്നത്. ആന്റീനയിലെ ഏറ്റവും പ്രവര്‍ത്തനക്ഷമമായ ഭാഗം ഫോണിന് താഴെ ഇടത്തേ മൂലയ്ക്കായതാണ് പ്രശ്‌നം. ക്ഷമതയേറിയ ഭാഗം 'പിടിയില്‍ പെടാതെ' സംരക്ഷിക്കുന്നതിനുള്ള കവചമാണ് ആപ്പിള്‍ നല്‍കുന്നത്.

ഐഫോണ്‍ 4 ന്റെ സിഗ്നല്‍ പ്രശ്‌നം മാധ്യമങ്ങള്‍ ഊതിപ്പെരുക്കിയതാണെന്ന് തെളിയിക്കാന്‍ സ്റ്റീവ് ജോബ്‌സ് ചില കണക്കുകളും വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. ആപ്പിള്‍ കെയര്‍ സര്‍വീസില്‍ ഇതുവരെ വെറും 0.55 ശതമാനം ഐഫോണ്‍ 4 ഉപഭോക്താക്കള്‍ മാത്രമേ സിഗ്നല്‍ പ്രശ്‌നത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടുള്ളു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ''ഇതൊരു വലിയ സംഖ്യയല്ല'-സ്റ്റീവ് ജോബ്‌സ് പറഞ്ഞു. മാത്രമല്ല, തിരികെയെത്തിയ ഫോണുകള്‍ 1.7 ശതമാനം മാത്രമേ വരൂ. ഇത് ഐഫോണ്‍ ത്രിജിഎസ് തിരിച്ചെത്തിയതിലും കുറവാണ്.