സെല്‍ഫോണിന്റെ ബാറ്ററി ചാര്‍ജ് കൂടുതല്‍ നേരം നിലനിര്‍ത്താന്‍ എന്താണ് വഴി. ഉപഭോക്താക്കളുടെ ഏറ്റവും വലിയ ഉത്ക്കണ്ഠയാണിത്. ആവശ്യത്തിന് ബാറ്ററി ആയുസ്സില്ല എന്നത് പല സ്മാര്‍ട്ട്‌ഫോണുകളുടെയും പ്രധാന പരിമിതിയുമാണ്. ഫോണിന്റെ ബാറ്ററി ചാര്‍ജിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് ഇതാ ഒരു ശുഭവാര്‍ത്ത. ബാറ്ററി ചാര്‍ജ് സാധാരണയിലും കൂടുതല്‍ നിലനിര്‍ത്താനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരുസംഘം ഗവേഷണ വിദ്യാര്‍ത്ഥികള്‍! വൈഫൈ സങ്കേത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി, ബാറ്ററിയുടെ ചാര്‍ജ് രണ്ടുമുതല്‍ അഞ്ചുവരെ ഇരട്ടി സമയം നീട്ടാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ മറ്റെന്തെങ്കിലും ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ട ആവശ്യമില്ല. പകരം, വൈഫൈ റൗട്ടറുകളില്‍ നിന്നും ഫോണുകളിലേക്കും ലാപ്‌ടോപ്പുകളിലേക്കും വിവരങ്ങള്‍ അയക്കുന്നത് നിയന്ത്രിക്കുന്ന സോഫ്ട്‌വേറുകളില്‍ ചില നവീകരണം നടത്തിയാല്‍ മതിയാകും.

വിവരകൈമാറ്റം നടക്കാത്ത സാഹചര്യങ്ങളില്‍ ഫോണിലേക്ക് കടന്നുവരുന്ന വൈഫൈ സിഗ്നലുകള്‍ ബാറ്ററിയുടെ ചാര്‍ജ് വേഗത്തില്‍ ചോര്‍ത്തിക്കളയും. അതുകൊണ്ട് വിവരകൈമാറ്റ സമത്തുന്ന വേളയില്‍ മാത്രം സിഗ്നലുകള്‍ ഫോണിലേക്ക് എത്തുന്ന രീതിയിലുള്ള സോഫ്ട്‌വേര്‍ നവീകരണമാണ് ഗവേഷകര്‍ നടത്തിയത്. വൈഫൈ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് വിവരകൈമാറ്റം നടക്കാത്ത സാഹചര്യത്തില്‍ ഫോണ്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്ന തരത്തിലാണ് നവീകരണം നടത്തിയത്.

അതേസമയം, വൈഫൈ നെറ്റ്‌വര്‍ക്കില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നത് ഈ സങ്കേതത്തിന്റെ പ്രയോജനം എത്ര ശതമാനംപേര്‍ക്ക് കിട്ടും എന്ന ചോദ്യമുയരുന്നുണ്ട്. ടുജി അല്ലെങ്കില്‍ ത്രിജിയിലാണ് ഈ സാധ്യത പരീക്ഷിക്കപ്പെടുന്നതെങ്കില്‍, സാധാരണ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേനെ.

-basheer74@gmail.com