ടാല്‍കം പൗഡര്‍ ടിന്നിന്റെ രൂപത്തിലുളള ടിയര്‍ഗ്യാസ് കാര്‍ട്രിഡ്ജ്, സിഗററ്റ് ലൈറ്ററുടെ ആകൃതിയില്‍ ഗ്രനേഡ്, ലേസര്‍രശ്മികള്‍ പുറപ്പെടുവിക്കുന്ന കഴിവുള്ള റിസ്റ്റ് വാച്ച്... കിടിലന്‍ ഗാഡ്ജറ്റ്‌സുകളുടെ ഉപയോഗംകൊണ്ട് ശ്രദ്ധേയമാകാറുണ്ട് ഓരോ ജെയിംസ് ബോണ്ട് സിനിമയും. 1962 ലിറങ്ങിയ ആദ്യ ചിത്രമായ ഡോ.നോ മുതല്‍ കഴിഞ്ഞ മാസമറിങ്ങിയ സ്‌കൈഫാള്‍ വരെയുള്ള ബോണ്ട് സിനിമകളിലെല്ലാം സാങ്കേതികവിദ്യകള്‍ കൊണ്ടുള്ള കുസൃതികള്‍ കാണാം. ലോകമെങ്ങുമിറങ്ങുന്ന ത്രില്ലര്‍ സിനിമകള്‍ ഈ രീതി അനുകരിക്കാറുമുണ്ട്്. ലങ്കാദഹനത്തില്‍ പ്രേംനസീറിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുന്ന ശ്രുതിപ്പെട്ടി ക്ലൈമാക്‌സില്‍ തോക്കായി മാറുന്നതും സി.ഐ.ഡി. മൂസയില്‍ ദിലീപിന്റെ കാറില്‍ നിന്ന് തുരുതുരാ തൊഴിയുന്ന ഗോലികളില്‍ തെന്നി പോലീസ് ജീപ്പ് മറിയുന്നതുമെല്ലാം ബോണ്ട് സിനിമകളില്‍ നിന്നുള്ള പ്രചോദനം തന്നെ.

1997 ല്‍ പുറത്തിറങ്ങിയ 'ടുമോറോ നെവര്‍ ഡൈസ്' എന്ന സിനിമ മുതലാണ് മൊബൈല്‍ ഫോണുകള്‍ ബോണ്ട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഫ്ലാപ് ഓപ്പണ്‍ മാതൃകയിലുള്ള എറിക്‌സണിന്റെ കോണ്‍സപ്റ്റ് മോഡലായിരുന്നു ബോണ്ടിന്റെ ആദ്യഫോണ്‍. സ്‌റ്റെന്‍ഗണ്ണും ഫിംഗര്‍പ്രിന്റ് സ്‌കാനറും ലോക്ക് ഓപ്പണറുമൊക്കെയുള്ള അത്ഭുതഫോണായിരുന്നു അത്. ബോണ്ട് ഫോണിന്റെ രൂപത്തില്‍ ആര്‍380 എന്നൊരു മോഡല്‍ പിന്നീട് എറിക്‌സണ്‍ വിപണിയിലെത്തിച്ചു. അതില്‍ സ്‌റ്റെന്‍ഗണ്ണും സ്‌കാനറുമൊന്നുമില്ലായിരുന്നുവെന്ന് മാത്രം.

2006 ലിറങ്ങിയ 'കസിനോ റൊയാല്‍' എന്ന ചിത്രത്തിലാണ് പിന്നീട് ബോണ്ട് ഫോണേന്തിയത്. സോണി എറിക്‌സണ്‍ കെ 800 മോഡലായിരുന്നു അത്. തുടര്‍ന്നുള്ള സിനിമകളിലെല്ലാം സോണി എറിക്‌സണ്‍ തന്നെയായി ബോണ്ടിന്റെ ഇഷ്ടബ്രാന്‍ഡ്. 'ക്വാണ്ടം ഓഫ് സോളസി'ല്‍ (2008) സോണി എറിക്‌സന്‍ സി 902, ഇപ്പോഴിതാ സ്‌കൈഫാളില്‍ സോണി എക്‌സ്പീരിയ ടി...!


ബോണ്ട് നായകന്‍ ഡാനിയല്‍ ക്രെയ്ഗ് ഉപയോഗിച്ചു എന്നതുകൊണ്ടുമാത്രം ജനം കണ്ണുമടച്ച് എക്‌സ്പീരിയ ടി വാങ്ങിക്കൊള്ളുമെന്ന് സോണി വിശ്വസിക്കുന്നുണ്ടാകില്ല. അതുകൊണ്ട് ഹാര്‍ഡ്‌വേറിലും സോഫ്റ്റ്‌വേറിലും കിട്ടാവുന്ന മികച്ച ചേരുവകളെല്ലാം ഉള്‍പ്പെടുത്തിയാണ് എക്‌സ്പീരിയ ടി നിര്‍മിച്ചിരിക്കുന്നത്. 1.5 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ എക്‌സ്പീരിയ ടിയുടെ പ്രവര്‍ത്തനത്തിന് മികവേറ്റുന്നു. 720X1280 പിക്‌സല്‍ റിസൊല്യൂഷനും 4.55 ഇഞ്ച് വിസ്താരവുമുള്ള കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഈ ഫോണിലുള്ളത്്. ഭാരം 139 ഗ്രാം.

ആന്‍ഡ്രോയ്ഡിന്റെ 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാണ് എക്‌സ്പീരിയ ടിയിലെ ഓപ്പറേറ്റിങ് സിസ്റ്റം. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.1 ജെല്ലിബീന്‍ വെര്‍ഷന്‍ എന്തുകൊണ്ട് വേണ്ടെന്നുവച്ചു എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. ജെല്ലിബീനിലോടുന്ന ടാബ്‌ലറ്റുകളും സ്മാര്‍ട്‌ഫോണുകളും വിപണിയിലെത്തിയ സാഹചര്യത്തില്‍ ആന്‍ഡ്രോയ്ഡിന്റെ പഴയ വെര്‍ഷന്‍ സ്വീകരിച്ചതിന്റെ കാരണങ്ങള്‍ സോണിയും വെളിപ്പെടുത്തിയിട്ടില്ല. ഏറെ താമസിയാതെ ജെല്ലിബീനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം സോണി നല്‍കുമെന്ന് പ്രതീക്ഷിക്കാം.

13 മെഗാപിക്‌സലിന്റെ മികച്ച ക്യാമറയാണ് എക്‌സ്പീരിയ ടിയിലുള്ളത്. പനോരമിക് സ്വീപ് ഷോട്ട്, ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്ലാഷ്, ജിയോടാഗിങ്, ഫേസ് ഡിറ്റക്ഷന്‍, ഇമേജ് സ്‌റ്റെബിലൈസേഷന്‍ സംവിധാനങ്ങളുള്ളതാണ് ക്യാമറ. വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സലുള്ള രണ്ടാം ക്യാമറയുമുണ്ട്. ഫോണിന്റെ വലത്തേവശത്ത് പ്രത്യേക ബട്ടനുള്ളതിനാല്‍ ക്യാമറ ഉപയോഗിച്ച് എളുപ്പത്തില്‍ ചിത്രമെടുക്കാനാകും.


16 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള എക്‌സ്പീരീയ ടിയില്‍ 32 ജിബി എസ്.ഡി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനാകും. ബാറ്ററിയുടെ കാര്യത്തിലാണ് എക്‌സ്പീരിയ ടി അല്പം പുറകില്‍. 1850 എം.എ.എച്ച് ലി-അയണ്‍ ബാറ്ററി ഊര്‍ജ്ജം പകരുന്ന ഫോണിന്റെ ആയുസ്സ് ഒരുദിവസം മുഴുവനും നീളില്ലെന്ന് മൊബൈല്‍ റിവ്യൂ വെബ്‌സൈറ്റുകള്‍ വിധിയെഴുതിക്കഴിഞ്ഞു. ഇത്ര വലിയ ഡിസ്‌പ്ലേയും മികച്ച പ്രൊസസറുമുള്ളതിനാല്‍ അല്പം കൂടി മുന്തിയ ബാറ്ററി ഉപയോഗിക്കാമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കണക്ടിവിറ്റിക്കായി 3ജി, ജി.പി.ആര്‍.എസ്., എഡ്ജ്, വൈഫൈ സംവിധാനങ്ങളെല്ലാമുളള എക്‌സ്പീരിയ ടിയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ നിയര്‍ഫീല്‍ഡ് കമ്മ്യുണിക്കേഷനും (എന്‍.എഫ്.സി.) ഉള്‍പ്പെടുത്തിയിരിക്കുന്നു. മൊബൈല്‍ ഫോണിനെ ക്രെഡിറ്റ് കാര്‍ഡ് പോലെ സാമ്പത്തികഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് എന്‍.എഫ്.സി.

ഇന്ത്യയില്‍ 25,000 രൂപയ്ക്കടുത്താകും സോണി എറിക്‌സണ്‍ എക്‌സ്പീരിയ ടിയുടെ വിലയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്തമാസം പകുതിയോടെ ഫോണ്‍ ഇന്ത്യയിലെത്തുമെന്നും.