മൊബൈല്‍ഫോണുകള്‍ കാക്കത്തൊള്ളായിരമുണ്ടാകാം. എന്നാല്‍ കോടിപതിയെന്ന് വിശേഷിപ്പിക്കാവുന്നത് ഒന്നേയുള്ളൂ-'ലക്‌സര്‍ ലാസ് വേഗസ് ജാക്ക്‌പോട്ട്'. വില വെറും 4.6 കോടി രൂപ!!! കൊച്ചുകുട്ടികള്‍ പോലും പതിനായിരങ്ങള്‍ വിലയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ കൊണ്ടുനടക്കുന്ന നമ്മുടെ നാട്ടില്‍ ഇനി മൊബൈല്‍ കൊണ്ടു പൊങ്ങച്ചം കാട്ടണമെന്ന് നിര്‍ബന്ധമുള്ളവര്‍ ഇതു വാങ്ങേണ്ടിവരും.

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രെസോ എന്ന കമ്പനിയാണ് ഈ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയിലിറക്കുന്നത്. ഈ മാസം അവസാനത്തോടെ ഇവ വില്‍പനയ്ക്ക് വെക്കും. നാലരക്കോടി രുപയുമായി വരുന്ന ആദ്യത്തെ മൂന്ന് പണച്ചാക്കുകള്‍ക്ക് ഫോണുകള്‍ സ്വന്തമാക്കാം. നാലാമത്തെയാള്‍ പത്തുകോടി രൂപ തരാമെന്ന് പറഞ്ഞാലും ഗ്രെസോ കമ്പനി കൈമലര്‍ത്തുമെന്നുറപ്പ്. കാരണം ലോകത്തെ മുഴുവന്‍ ആഡംബരപ്രിയര്‍ക്കുമായി ആകെ മൂന്ന് കോടിപതി മൊബൈലുകളേ ഇവര്‍ നിര്‍മിക്കുന്നുള്ളൂ!

ആഡംബരവാച്ചുകളും മൊബൈല്‍ഫോണുകളും മാത്രം നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രെസോ. ഇതിനുമുമ്പും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ടെങ്കിലൂം ആദ്യമായാണ് കോടികള്‍ വിലയുള്ള ഫോണ്‍ രംഗത്തിറക്കുന്നത്.

അമേരിക്കയിലെ ചൂതാട്ടതലസ്ഥാനമായ ലാസ്‌വേഗസിലെ ലക്‌സര്‍ എന്ന ഫൈവ്‌സ്റ്റാര്‍ റിസോര്‍ട്ടിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗ്രെസോ ഈ ഫോണിന് 'ലക്‌സര്‍ ലാസ്‌വേഗസ് ജാക്ക്‌പോട്ട്' എന്നു പേരിട്ടത്. ഇരുപതുപവന്‍ സംശുദ്ധമായ സ്വര്‍ണം കൊണ്ടു നിര്‍മിച്ച ചട്ടക്കൂട് ഫോണിന്റെ പ്രത്യേകതയാണ്. സ്വര്‍ണച്ചട്ടക്കൂടിന്റെ മാറ്റുകൂട്ടാനായി 45.5 കാരറ്റ് കറുത്ത രത്‌നങ്ങളും പതിച്ചിരിക്കുന്നു. രത്‌നങ്ങള്‍ കറുത്തനിറത്തിലുമുണ്ടെന്ന് പലരും അറിയുന്നത് തന്നെ ഗ്രെസോ ഫോണിനെക്കുറിച്ച് കേള്‍ക്കുമ്പോഴായിരിക്കും.

ഫോണിന്റെ കീപാഡിനുമുണ്ട് പണത്തിന്റെ പവര്‍. ഓരോ കീയും 32 കാരറ്റ് ഇന്ദ്രനീലക്കല്ലു കൊണ്ടുണ്ടാക്കിയതത്രെ. അതിനുമുകളില്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അക്കങ്ങളും അക്ഷരങ്ങളും കൊത്തിയുണ്ടാക്കിയത്. രത്‌നവും സ്വര്‍ണവും ഇന്ദ്രനീലവുമൊക്കെയാണെങ്കിലും ഫോണ്‍ നന്നെ മെലിഞ്ഞിട്ടാണ്. ആകെ 12 മില്ലിമീറ്റര്‍ മാത്രമേ ഘനമുള്ളൂ. 200 വര്‍ഷം പഴക്കമുള്ള അത്യപുര്‍വമായ ആഫ്രിക്കന്‍ ബ്ലാക്ക്‌വുഡ് കൊണ്ടാണ് ഈ വിശിഷ്ടവസ്തുവിന്റെ ബാക്ക് പാനല്‍ നിര്‍മിച്ചിരിക്കുന്നത്.

ഇത്രയും വിലപിടിച്ച ഫോണില്‍ ക്യാമറയുണ്ടോ ത്രിജി ലഭിക്കുമോ എന്നൊന്നും ചോദിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. അതുകൊണ്ടാകും ഗ്രെസോയുടെ ഔദ്യോഗികവെബ്‌സൈറ്റില്‍ പോലും ഫോണിന്റെ സ്‌പെസിഫിക്കേഷനെപറ്റി ഒന്നും പറയാത്തത്. ഒരു കാര്യം കമ്പനി ഉറപ്പുതരുന്നുണ്ട്. ഈ ഫോണ്‍ ഉപയോഗിച്ച് ആളുകളുമായി സംസാരിക്കാന്‍ സാധിക്കും. പിന്നെ മെസേജുകളുമയയ്ക്കാം. ആന്‍ഡ്രോയിഡും സിംബിയനുമൊക്കെ തിരക്കിനടക്കുന്നവര്‍ പോയി വല്ല ലോക്കല്‍ മൊബൈലും വാങ്ങിക്കോട്ടേ എന്നാകും കമ്പനിയുടെ ഉള്ളിലിരിപ്പ്.

ഇനി ഗ്രെസോ തന്നെ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലൂം കോടികള്‍ മുടക്കാന്‍ പാങ്ങില്ലാത്തവര്‍ക്കായി അല്പം വിലകുറഞ്ഞ മറ്റൊരു േമാഡലും കമ്പനി അവതരിപ്പിക്കുന്നുണ്ട്. സംഗതി സ്വര്‍ണവും ബ്ലാക്ക്‌വുഡ് ബാക്ക്പാനലുമൊക്കെ തന്നെ, പക്ഷേ ഈ മോഡലില്‍ രത്‌നങ്ങളും മരതകങ്ങളുമൊന്നും ഇണ്ടാകില്ലെന്ന് മാത്രം. അതുകൊണ്ടെന്താ വെറും 9.5 ലക്ഷം രൂപയാണ് ആ ഫോണിന്റെ വില.

ആഗസ്ത് അവസാനവാരത്തോടെ കോടിപതി ഫോണ്‍ ആവശ്യക്കാര്‍ക്കു നല്‍കുമെന്നാണ് ഗ്രെസോ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനി ഷോറൂമുകളിലൂടെ ഈ ഫോണ്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കാത്തിരിക്കാം, പോക്കറ്റിലൊതുങ്ങുന്ന ഈ പൊങ്ങച്ചവസ്തുവിനായി ആരൊക്കെ കോടികള്‍ ചെലവാക്കുമെന്ന്.