ഡ്യുവല്‍ സിം എന്നു കേട്ടാല്‍ മൂവായിരം രൂപയില്‍ താഴെ വിലയുള്ള ഏതോ ഇന്ത്യന്‍മോഡലിനെക്കുറിച്ചാകും നമ്മള്‍ ആദ്യമോര്‍ക്കുക. കാര്‍ബണ്‍, മൈക്രോ മാക്‌സ്, ലാവ തുടങ്ങിയ ഇന്ത്യന്‍കമ്പനികളാണ് നമ്മുടെ രാജ്യത്ത് ഡ്യുവല്‍ സിം മോഡലുകള്‍ സാര്‍വത്രികമാക്കിയത്. മിക്ക മോഡലുകളുടെയും വില മൂവായിരം രൂപയായിരുന്നു.

ജനം പതിയെ ഡ്യുവല്‍ സിം മോഡലുകളിലേക്ക് ചുവടുമാറാന്‍ തുടങ്ങിയപ്പോഴും വന്‍കമ്പനികള്‍ ഈ സാങ്കേതികസൗകര്യത്തോടു മുഖം തിരിച്ചുനിന്നു. ഡ്യുവല്‍ സിം എന്നാല്‍ എന്തോ വിലകുറഞ്ഞ കാര്യമാണെന്ന ധാരണയായിരുന്നു നോക്കിയ അടക്കമുള്ള വന്‍കമ്പനികള്‍ക്ക്. ഇപ്പോള്‍ പതിയെ കാര്യങ്ങള്‍ മാറിവരികയാണ്.

സാംസങ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് തന്നെ ഡ്യുവല്‍സിം ഫോണുകളിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നോക്കിയ കഴിഞ്ഞമാസം ആദ്യ ഡ്യുവല്‍സിം മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇപ്പോഴിതാ ലോകത്തെ ആദ്യഡ്യുവല്‍ സിം-ത്രിജി മോഡല്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കിക്കൊണ്ട് സാംസങ് ചരിത്രം സൃഷ്ടിക്കുകയാണ്.

'സാംസങ് ബി 7772 ഡ്യുവോസ്' എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ സ്വീഡനില്‍ നടന്ന ചടങ്ങിലാണ് സാംസങ് അവതരിപ്പിച്ചത്. 420 യൂറോയാണ് വില (ഏതാണ്ട് 23,711 രൂപ). ഇന്ത്യന്‍ വിപണിയില്‍ ഈ മോഡല്‍ ഏതാണ്ട് 23000 രൂപയാക്ക് താമസിയാതെ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കാല്‍ലക്ഷം രൂപ മുടക്കി ഈ ഫോണ്‍ വാങ്ങുന്നതെന്തിനെന്ന ചോദ്യത്തിന് ഒരുപിടി ഉത്തരങ്ങളുണ്ട് സാംസങിന്റെ പക്കല്‍. നിലവില്‍ ത്രിജി സൗകര്യം നല്‍കുന്ന ഒരു മൊബൈല്‍ഫോണിലും ഡ്യുവല്‍സിം സൗകര്യമില്ല. ബി.എസ്.എന്‍.എല്ലിന്റെ ത്രിജി സേവനമാണ് നിങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെങ്കില്‍ ഫോണ്‍കോളുകള്‍ ചെയ്യാനും ബി.എസ്.എന്‍.എല്ലിനെ തന്നെ ആശ്രയിക്കേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സാംസങിന്റെ പുതിയമോഡല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാനാകും.

3.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 240 X 400 റസല്യൂഷന്‍, 256 കെ കളര്‍ ഡിസ്‌പ്ലേ എന്നീ പ്രത്യേകതകളുള്ള ഫോണാണ് സാംസങിന്റെ പുതിയ മോഡല്‍. സാംസങിന്റെ മാത്രം പ്രത്യേകതയായ ടച്ച്‌വിസ് യൂസര്‍ ഇന്റര്‍ഫേസാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍.ഇ.ഡി. ഫ്ലഷോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ റെക്കോഡിങ് എന്നിവയും ഉണ്ട്. വീഡിയോ കോളിങിനായി മുന്‍ഭാഗത്ത് രണ്ടാമതൊരു ക്യാമറയുമുണ്ട്.

എല്ലാ ഹൈഎന്‍ഡ് മോഡല്‍ േഫാണുകളിലും ഉള്ളതുപോലെ ഏതു ഫോര്‍മാറ്റിലുള്ള വീഡിയോ ഫയലുകളും തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യം, സൗഹൃദക്കൂട്ടായ്മാസൈറ്റുകളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം എന്നിവയും സാംസങിന്റെ ഈ പുതുമോഡല്‍ ഉറപ്പുനല്‍കുന്നു. എട്ട് ജി.ബി. കാര്‍ഡ് വരെ പിന്തുണയ്ക്കുന്ന ഈ ഫോണില്‍ ത്രിജിക്ക് പുറമെ ജി.പി.ആര്‍.എസ്., എഡ്ജ് സംവിധാനങ്ങളുമുണ്ട്.

പന്ത്രണ്ടരമണിക്കൂര്‍ സംസാരസമയവും 42 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് ബി 7772 ഡ്യുവോസിന് സാംസങ് അവകാശപ്പെടുന്ന ബാറ്ററി ആയുസ്. ഈ മോഡല്‍ എന്നുമുതല്‍ ഇന്ത്യന്‍വിപണിയില്‍ ലഭ്യമായിത്തുടങ്ങുമെന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല.