ഇരട്ടസിംകാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണുകളുടെ ചീത്തപ്പേര് മാറുകയാണ്. ചൈനക്കാര്‍ക്കൂം ഇന്ത്യക്കാര്‍ക്കും മാത്രം താത്പര്യമുള്ള വസ്തു എന്നതായിരുന്നു ഡ്യുവല്‍സിം മോഡല്‍ ഫോണുകളെക്കുറിച്ചുള്ള പൊതുധാരണ. ഇത് ആദ്യം ലോകത്തിന് പരിചയപ്പെടുത്തിയത് ചൈനക്കാരായിരുന്നല്ലോ. പിന്നീട് ഇന്ത്യന്‍ മൊബൈല്‍ കമ്പനികളും ആ വഴിക്ക് തിരിഞ്ഞു. അപ്പോഴൊന്നും വന്‍കിടകമ്പനികള്‍ ഇങ്ങനെയൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചതേയില്ല. എന്നാല്‍ ഡ്യുവല്‍സിം ഫോണുകളുടെ സൗകര്യം തിരിച്ചറിഞ്ഞ ആളുകള്‍ ഇത് രണ്ടുകൈയും നീട്ടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി. അതോടെ ഇരട്ടസിം മോഡലുകള്‍ വിപണിയിലിറക്കാന്‍ വന്‍കമ്പനികളും നിര്‍ബന്ധിതരായി. സാംസങ് ആണ് ഇരട്ടസിം ഫോണ്‍ ആദ്യമായി അവതരിപ്പിച്ച ബഹുരാഷ്ട്രകമ്പനി. ഏറെ വൈകാതെ നോക്കിയയും ആ പാത പിന്തുടര്‍ന്നു. നോക്കിയയുടെ ഡ്യുവല്‍ സിം മോഡലുകളായ സി 1, സി 2 എന്നിവ ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ മോട്ടറോളയും യൂറോപ്യന്‍ വിപണിക്കായി ഡ്യൂവല്‍ സിം മോഡലുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇഎക്‌സ് 115, ഇഎക്‌സ് 128 എന്നീ ഡ്യുവല്‍സിം മോഡലുകളാണ് മോട്ടറോള യൂറോപ്യന്‍ രാജ്യങ്ങളില്‍ വിറ്റഴിക്കാനൊരുങ്ങുന്നത്. നിലവില്‍ സാംസങിന്റെ ഡ്യുവല്‍ സിം മോഡലുകള്‍ മാത്രമേ ഇവിടങ്ങളില്‍ ലഭ്യമായിട്ടുള്ളൂ. നോക്കിയയുടെ ഡ്യൂവല്‍ സിം മോഡലുകള്‍ ഇനിയും യൂറോപ്പില്‍ എത്തിയിട്ടില്ല. ഒക്ടോബര്‍ 18 മുതല്‍ മോട്ടറോളയുടെ പുതിയ മോഡലുകളുടെ വില്പന തുടങ്ങുമെന്നാണ് അറിയുന്നത്. പല വെബ്‌സൈറ്റുകളിലും ഈ ഫോണുകളുടെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

അള്‍ട്രാ സ്ലിം രൂപകല്‌നയോടു കൂടിയ ഫുള്‍ടച്ച് സ്‌ക്രീന്‍ മോഡലാണ് ഇഎക്‌സ് 115. നോക്കിയ ഇ-സീരീസ് സ്മാര്‍ട്‌ഫോണിനോടു സാദൃശ്യമുള്ള ഈ ഫോണില്‍ ക്യുവെര്‍ട്ടി കീബോര്‍ഡ്, ബ്ലൂടൂത്ത്, മൂന്ന് മെഗാപിക്‌സല്‍ ക്യാമറ, 3.5 എം.എം. വീഡിയോജാക്ക് എന്നീ സൗകര്യങ്ങളുമുണ്ട്. വില അയ്യായിരം രൂപയോളം എന്നാണ് സൂചന.

ഫുള്‍ടച്ച് ഓപ്ഷനോടു കൂടിയ ഇഎക്‌സ് 128 ല്‍ മോട്ടറോള പുതുതായൊരു യൂസര്‍ ഇന്റര്‍ഫേസ് അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ആറായിരം രൂപയാകും ഈ ഫോണിന്റെ വില.

യൂറോപ്യന്‍ വിപണിയില്‍ വിജയമെന്നു കണ്ടാല്‍ മാസങ്ങള്‍ക്കകം മോട്ടറോളയുടെ ഈ പുതുമോഡലുകള്‍ ഇന്ത്യയിലുമെത്തുമെന്നതില്‍ സംശയം വേണ്ട. ഇരട്ടസിം ഫോണുകള്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ള ഒട്ടേറെ പേര്‍ മികച്ചൊരു മോഡലിനായി കാത്തിരിക്കുകയാണ്. വില്പനാന്തരസേവനത്തിലും ബാറ്ററി ബാക്കപ്പിലും പിന്നാക്കമായ ഇന്ത്യന്‍ കമ്പനികളുടെ ഫോണുകളേക്കാളും ഉയര്‍ന്ന വരുമാനക്കാര്‍ താത്പത്യപ്പെടുക മോട്ടറോളയെ ആയിരുക്കും. വിലകുറവുള്ള നോക്കിയയുടെ ഡ്യൂവല്‍ സിം ഫോണുകള്‍ മത്സരിക്കുന്നത് ഇന്ത്യന്‍ കമ്പനികളുമായിട്ടാണ് എന്നതും മോട്ടറോളയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.