ഇത്രകാലവും ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഒരര്‍ഥത്തില്‍, മൊബൈല്‍ കമ്പനികളുടെ തടവുകാരായിരുന്നു. ഒരു കണക്ഷനെടുത്തു. നാലാളെ ആ നമ്പര്‍ അറിയിച്ചു. അങ്ങനെ വിലസി നടക്കുമ്പോഴാണ്, വേറൊരു കമ്പനി ഗംഭീരമായ ഓഫറുമായി രംഗത്തെത്തുന്നത്. പക്ഷേ, എന്തുകാര്യം. പുതിയ ഓഫര്‍ സ്വീകരിക്കണമെങ്കില്‍, ആ കമ്പനിയുടെ കണക്ഷനെടുക്കണം. നിലവിലുള്ള നമ്പര്‍ പോകും. അങ്ങനെ കുടുങ്ങിയവര്‍ എത്രയോ ഉണ്ട്. നമ്പര്‍ സംരക്ഷിക്കാനായി പല നല്ലനല്ല ഓഫറുകളും വേണ്ടെന്ന് വെച്ച ഹതഭാഗ്യര്‍.

ഇന്ത്യന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഇത്രകാലവും അനുഭവിച്ച ഈ പ്രശ്‌നത്തിന് ഇന്നു മുതല്‍ പരിഹാരമാവുകയാണ്. ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെ സേവനദാതാവിനെ മാറ്റാനുള്ള സൗകര്യം രാജ്യമൊട്ടാകെ നിലവില്‍ വന്നു. ടെലികോം അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) യുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന 'മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി' സേവനത്തിന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഡല്‍ഹിയില്‍ പച്ചക്കൊടി കാട്ടി.

ഒരു സേവനദാതാവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വേറൊരു സര്‍വീസിലേക്ക് മാറ്റിയെടുക്കാന്‍ ഏതാണ്ട് ഒരാഴ്ച്ച വേണം. സേവനദാതാവിനെ മാറ്റാന്‍ ഉപഭോക്താവിന് പരമാവധി ചെലവ് 19 രൂപയാണ്. കുറഞ്ഞത് മൂന്നു മാസം ഒരു കമ്പനിയുടെ കണക്ഷന്‍ ഉപയോഗിച്ച ഉപഭോക്താവിന്റെ നമ്പറേ ഇത്തരത്തില്‍ മാറ്റിക്കിട്ടൂ. മാത്രമല്ല, നിലവിലുള്ള സര്‍വീസ് ദാതാവിന്റെ ബില്ലുകളും മറ്റ് ബാധ്യതകളും തീര്‍ത്തിരിക്കുകയും വേണം. രാജ്യമാകെയുള്ള മൊബൈല്‍ ഉപഭോക്താക്കളെ ഇക്കാര്യത്തില്‍ സഹായിക്കുക 'മൊബൈല്‍ ക്ലിയറിങ് ഹൗസ് അഡ്മിനിസ്‌ട്രേറ്റര്‍' (എം.സി.എച്ച്.എ) എന്ന ട്രായ് സംവിധാനമാണ്.

സേവനദാതാവിനെ മാറ്റാന്‍ ഒരു ഉപഭോക്താവ് ആദ്യം ചെയ്യേണ്ടത്, 'PORT' സ്‌പേസ് 'മൊബൈല്‍ നമ്പര്‍' എന്ന സന്ദേശം 1900 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്യുകയാണ്. ആ സന്ദേശത്തിന് മറുപടിയായി ഒരു എട്ടക്ക 'യുണീക്ക് പോര്‍ട്ടിങ് കോഡ്' (യു.പി.സി) ലഭിക്കും. അതാണ് സേവനദാതാവിനെ മാറാനുള്ള നിങ്ങളുടെ റഫറന്‍സ്. ബി.എസ്.എന്‍.എല്ലിലേക്കാണ് നിങ്ങള്‍ക്ക് നമ്പര്‍ മാറ്റേണ്ടതെങ്കില്‍, ഈ കോഡുമായി അടുത്തുള്ള അവരുടെ ഓഫീസിലെത്തുക. അവര്‍ രണ്ട് ഫോറങ്ങള്‍ തരും. ഒരെണ്ണം 'മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി' അപേക്ഷയും, അടുത്തത് ബി.എസ്.എന്‍.എല്ലിന്റെ കണക്ഷന്‍ എടുക്കാനുള്ള അപേക്ഷയും. രണ്ടാമത്തെ അപേക്ഷയ്ക്ക് സാധാരണപോലെ പാസ്‌പോട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമൊക്കെ വേണം.

അവ പൂരിപ്പിച്ചു നല്‍കിയാലുടന്‍ നിങ്ങള്‍ക്ക് ഒരു സിം കാര്‍ഡ് ലഭിക്കും. പക്ഷേ, അത് ആക്ടീവ് ആയിട്ടുണ്ടാകില്ല. അപേക്ഷകന്റെ യുണീക്ക് പോര്‍ട്ടിങ് കോഡും വിവരങ്ങളും മൊബൈല്‍ ക്ലിയറിങ് ഹൗസ് അഡ്മിസ്‌ട്രേറ്റര്‍ക്ക് നല്‍കും. അവിടെ നിന്നാണ് നിലവിലുള്ള സേവനദാതാവിന് നിങ്ങളുടെ നമ്പര്‍ പോര്‍ട്ടബിലിറ്റിയെക്കുറിച്ചുള്ള അറിയിപ്പ് പോവുക. എന്തെങ്കിലും ബാധ്യതയോ മറ്റോ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കും. ആ സേവനദാതാവ് 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ നമ്പര്‍ മാറ്റാന്‍ പ്രശ്‌നമൊന്നുമില്ല എന്ന് കണക്കാക്കപ്പെടും.

അതുകഴിഞ്ഞാല്‍, മൊബൈല്‍ ക്ലിയറിങ് ഹൗസ് അഡ്മിനിസ്‌ട്രേറ്റര്‍ രണ്ട് സമയ പരിധി നിങ്ങളുടെ നിലവിലുള്ള സേവനദാതാവിനും, നിങ്ങള്‍ നമ്പര്‍ മാറ്റുന്ന ബി.എസ്.എന്‍.എല്ലിനും നല്‍കും. ആദ്യത്തേത് നിലവിലുള്ള സേവനദാതാവിന്റെ നമ്പര്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റാനുള്ളതാണ്. രണ്ടാമത്തെ സമയപരിധിയില്‍ ബി.എസ്.എന്‍.എല്‍. നിങ്ങളുടെ നമ്പര്‍ ആക്ടിവേറ്റ് ചെയ്യും. അപേക്ഷ നല്‍കിയ സമയത്ത് ഉപഭോക്താവിന് ലഭിച്ച സിം കാര്‍ഡ് അപ്പോള്‍ പ്രവര്‍ത്തനക്ഷമമാകും. പിന്നീട് നിങ്ങള്‍ക്കുള്ള ഫോണ്‍വിളികള്‍ മുഴുവന്‍ പഴയ നമ്പറില്‍ തന്നെയാണെങ്കിലും പുതിയ സേവനദാതാവ് വഴിയേ വരൂ.

സ്വാഭാവികമായും മറ്റ് കണക്ഷനുകളുള്ള മൊബൈല്‍ ഉപഭോക്താക്കളെ വലവീശാന്‍ ഓരോ കമ്പനികളും പുതിയ ഓഫറുകളുമായി രംഗത്തെത്തുമെന്നുറപ്പ്. പൊതുമേഖലയിലുള്ള ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ തന്നെ പുതിയ ചില ഓഫറുകള്‍ പോര്‍ട്ടബിലിറ്റി നേടി വരുന്ന നമ്പറുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ത്രീജി സേവനം തങ്ങള്‍ക്ക് മാത്രമുള്ളത് നേട്ടമാകുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ കണക്കുകൂട്ടല്‍. ഏതായാലും ഇന്ത്യന്‍ മൊബൈല്‍ സേവനരംഗത്ത് പുതിയൊരു മത്സരത്തിന് തിരശ്ശീല ഉയരുകയാണ്-നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്നു