ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ജാഗ്രതൈ! ഉപയോക്താക്കള്‍ അറിയാതെ അവരെ കെണിയില്‍ കുടുക്കുന്ന മൊബൈല്‍ മാല്‍വെയറുകളുടെ നിരയിലേക്ക് ഇതാ ഒരു പുതിയ വില്ലന്‍ - 'ഗാസോണ്‍'.

ഫിബ്രവരി അവസാനവാരത്തോടെ കളത്തിലിറങ്ങിയ ഈ ആന്‍ഡ്രോയ്ഡ് എസ്.എം.എസ്.വൈറസ്, ഇന്ത്യ ഉള്‍പ്പടെ മുപ്പതോളം രാജ്യങ്ങളില്‍ ഭീതിപടര്‍ത്തുകയാണ്.

ആമസോണ്‍ എന്ന ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയുടെ വ്യാജ സമ്മാനകൂപ്പണുകളുകളിലേക്ക് ആകര്‍ഷിച്ചാണ് 'ഗാസോണ്‍' ( Gazon ) ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ കെണിയിലാക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇന്നുവരെ ഏറ്റവുമധികം കണ്ടിട്ടുള്ളതില്‍ ഏറ്റവും അലോസരം സൃഷ്ടിക്കുന്ന ദുഷ്ടപ്രോഗ്രാം (മാള്‍വെയര്‍) ആണ് 'ഗാസോണ്‍'.

'മൊബൈലുകളിലേക്ക് വരുന്ന എസ്.എം.എസ് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് പല വെബ്‌സൈറ്റുകളിലേക്കും നയിക്കുകയും അതൊടൊപ്പം മറ്റു ഫോണ്‍ നമ്പറുകളിലേക്കു സ്പാം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും', ഈ മാല്‍വെയര്‍ കണ്ടെത്തിയ അഡാപ്റ്റീവ് മൊബൈല്‍ അവരുടെ ബ്ലോഗില്‍ അറിയിച്ചു.

നമ്മുടെ സുഹൃത്തുകളുടേതെന്ന് തോന്നിപ്പിക്കുന്ന 'ഗാസോണ്‍' എസ്.എം.എസ്സിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നാം ചില വെബ്‌സൈറ്റിലെത്തിപ്പെടുകയും ശേഷം വ്യാജ ആമസോണ്‍ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ അവ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അനന്തരം ഈ മാല്‍വെയര്‍ 'ഗൂഗിള്‍ പ്ലേ സ്റ്റോറി'ലെ പല അനാവശ്യ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു.

മറ്റു മാല്‍വെയര്‍ ആക്രമണങ്ങളിലുള്ളതുപോലെ 'ക്ലിക് ഫ്രോഡ്' ഉപയോഗപ്പെടുത്തി ഈ തട്ടിപ്പ് സംഘങ്ങളും പണം നേടുന്നു.

ഫെയ്‌സ്ബുക്ക്, ഈമെയില്‍ തുടങ്ങിയവയെയും 'ഗാസോണ്‍' തട്ടിപ്പ് പദ്ധതിക്കായി അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുന്നു. മൊബൈല്‍ നമ്പറുകള്‍ ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ അവ ഏതാവശ്യത്തിനും ദുരുപയോഗപ്പെടുത്താവുന്നതാണെന്ന് ഓര്‍ക്കുക.


'ഗാസോണിന്റെ' ഉറവിടം പരതുമ്പോള്‍ അത് നമ്മെ ഈയിടെ നടന്ന മറ്റ് പല ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ് ആക്രമണങ്ങളിലേക്കും നയിക്കുനു. ഗാസോണിന്റെ ആക്രമണങ്ങള്‍ പിന്തുടര്‍ന്ന അഡാപ്റ്റിവ് മൊബൈല്‍ സുരക്ഷാഏജന്‍സി ഇരുപതിനായിരത്തിന് മുകളില്‍ ആക്രമണങ്ങള്‍ തടഞ്ഞതായി അവകാശപ്പെടുന്നു.

'സെല്‍ഫ്‌മൈറ്റ്' ( Selfmite ), 'ഹാര്‍ട്ട് ആപ്പ്' ( Heart App ) തുടങ്ങി മുമ്പിറങ്ങിയ ആന്‍ഡ്രോയ്ഡ് വൈറസുകളുടെ പാത പിന്തുടരുന്നതാണ് പുതിയ വൈറസും.

അഡാപ്റ്റിവ് സുരക്ഷാ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടു പ്രകാരം ഒരു മൊബൈല്‍ ആന്റിവൈറസുകളും 'ഗാസോണ്‍' ആക്രമണങ്ങള്‍ കണ്ടെത്തുന്നതില്‍ ഇത് വരെ വിജയിച്ചിട്ടില്ല. ആന്‍ഡ്രോയിഡ് മൊബൈലിലെ 'അണ്‍ ഇന്‍സ്റ്റാള്‍' ഉപയോഗിച്ച് ഈ മാല്‍വെയര്‍ നീക്കം ചെയ്യാനാകും.

മൊബൈല്‍ മെസ്സേജുകളിലെ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് രണ്ടുവട്ടം ആലോചിക്കുക, അവ മൊബൈല്‍ മാല്‍വെയര്‍ ആക്രമണങ്ങളാകാം. സുരക്ഷിതമായ സൈറ്റുകളില്‍ നിന്ന് മാത്രം മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.