വരും, വരുന്നു, വന്നു എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. അവസാനം അത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നോക്കിയയുടെ ഏറ്റവും പുതിയ മൊബൈല്‍ഫോണ്‍ മോഡലായ എന്‍ എട്ട് (N8) ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകവിപണിയിലെത്തും. അമേരിക്കയടക്കമുള്ള പാശ്ചാത്യരാഷ്ട്രങ്ങളില്‍ ഈ ഫോണിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും ബ്ലോഗര്‍ക്കുമായി ഈ പുതുഫോണിനെ കഴിഞ്ഞയാഴ്ച നോക്കിയ പരിചയപ്പെടുത്തിയിരുന്നു. എല്ലാസൗകര്യങ്ങളും തികഞ്ഞ മികച്ച ഫോണ്‍ എന്നുതന്നെയാണ് എന്‍ എട്ടിനെപ്പറ്റി മിക്ക മൊബൈല്‍ഗുരുക്കന്‍മാരും അഭിപ്രായപ്പെട്ടത്. പ്രമുഖ മൊബൈല്‍ കമ്പനികളില്‍ മിക്കവയും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുള്ള മോഡലുകളിറക്കാന്‍ മത്സരിക്കുമ്പോള്‍, നോക്കിയ ആ പ്രലോഭനത്തെ അതിജീവിക്കുകയാണ് എന്‍ എട്ടിലൂടെ. നോക്കിയ കൂടുതലായി ഉപയോഗിക്കുന്ന സിമ്പിയന്റെ ഏറ്റവും പുതിയ പതിപ്പാണ് എന്‍ എട്ടിന്റെ പ്ലാറ്റ്‌ഫോം.

12 മെഗാപിക്‌സല്‍ ക്യാമറയാണ് എന്‍ എട്ടിന്റെ പ്രധാനസവിശേഷത. പിക്‌സലുകള്‍ കൂടുമ്പോള്‍ ഫോട്ടോകളുടെ ഗുണനിലവാരം കൂടുമെന്ന സാമാന്യതത്വമറിയുന്ന ഏവരും 12 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണ്‍ സ്വന്തമാക്കാന്‍ കൊതിക്കുമെന്നുറപ്പ്. 12 മെഗാപിക്‌സലില്‍ മാത്രം തീരുന്നില്ല എന്‍ എട്ടിന്റെ ക്യാമറപ്പെരുമ. 28 എം.എം. വൈഡ് ആങ്കിള്‍ ലെന്‍സ്, ക്‌സെനോണ്‍ ഫ്ലഷ്, മെക്കാനിക്കല്‍ ഷട്ടര്‍, 1/1.83`` സെന്‍സര്‍ എന്നീ സൗകര്യങ്ങളുമുണ്ട്. ശരിക്കുമൊരു പ്രൊഫഷണല്‍ ക്യാമറയോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ തന്നെ. 3.5 ഇഞ്ച് വിസ്താരവും 640 ഗുണം 360 പിക്‌സല്‍സുമുള്ള വീതിയേറിയ ടച്ച് സ്‌ക്രീനാണ് എന്‍ എട്ടിലുള്ളത്. അമലെഡ് (AMOLED) ഡിസ്‌പ്ലെയാണ് ഇതിലേത്.

സംഗീതപ്രേമികള്‍ക്കായി 5.1 ചാനല്‍ ഡോള്‍ബി ഡിജിറ്റല്‍പ്ലസ് സൗണ്ട് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഏതു തരത്തിലുള്ള യു.എസ്.ബി. മെമ്മറി സംവിധാനങ്ങളും ഫോണില്‍ ഘടിപ്പിക്കാവുന്ന 'യു.എസ്.ബി.-ഓണ്‍ ദി ഗോ' സൗകര്യവും എന്‍ എട്ടിലുണ്ട്. ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങും സാധ്യമാകും. ഡെഡിക്കേറ്റഡ് മൈക്രേഫോണും സ്റ്റീരിയോ ഓഡിയോയുമുള്ളതിനാല്‍ വീഡിയോ റെക്കോഡിങിന്റെ മേന്‍മ ഉറപ്പാണ്. ത്രിജി കണക്ടിവിറ്റിക്കൊപ്പം വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളും ഫോണില്‍ ലഭ്യമാണ്.ലോകമെങ്ങുമുള്ള നോക്കിയ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫോണാണ് എന്‍ എട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ഫോണിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ സംവാദങ്ങളും ബ്‌ളോഗര്‍മാരുടെ വിശകലനങ്ങളുമെല്ലാം അതാണ് തെളിയിക്കുന്നത്. എന്നാല്‍, എന്‍ എട്ട് വിപണിയിലെത്തുന്ന ദിവസമോ ഫോണിന്റെ വിലയോ നോക്കിയ വെളിപ്പെടുത്തിയിട്ടില്ല. ഈ ഫോണിന്റെ ബാറ്ററി ആയുസ്സിനെക്കുറിച്ചും കമ്പനി മൗനം പാലിക്കുന്നു.

എന്‍ എട്ട് കടകളിലെത്തുന്നതിനുമുമ്പേ അതിന്റെ അപരനെ നിര്‍മ്മിച്ചുകൊണ്ട് ചൈനീസ് മൊബൈല്‍ കമ്പനികള്‍ ഇക്കുറിയും തങ്ങളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞു. CJ-3 എന്ന പേരില്‍ പുതിയ മോഡല്‍ ഫോണിറക്കി iZINN എന്ന ചൈനീസ് മൊബൈല്‍ കമ്പനിയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും എന്‍ എട്ടിന്റെ പ്രോട്ടോടൈപ്പിനോട് അദ്ഭുതകരമായ സാമ്യം പുലര്‍ത്തുന്നതാണ് സി.ജെ. 3. 12 മെഗാപിക്‌സല്‍ ക്യാമറയ്ക്കു പകരം അഞ്ചു മെഗാപിക്‌സല്‍ കാമറയും ക്‌സെനോണ്‍ ഫ്ലഷിനു പകരം എല്‍.ഇ.ഡി. ഫ്ലഷുമാണ് ചൈനീസ് അപരനിലുള്ളത്. പക്ഷേ നോക്കിയയില്ലാത്ത ഒരു സൗകര്യം ഈ അപരനിലുണ്ട്. അത് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ്. സ്‌ക്രീന്‍ റെസൊല്യൂഷനും എന്‍ എട്ടിനേക്കാള്‍ കൂടുതലാണ് സിജെ-ത്രിയില്‍. നോക്കിയ എന്‍-എട്ടിനൊരു എതിരാളി എന്ന പരസ്യത്തോടെ കടകളിലെത്തിയ ഈ ഫോണ്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെന്നതാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍.