ഐഫോണ്‍ 4 ന് സിഗ്നല്‍ പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം കാര്യമായെടുക്കാതെയിരുന്ന ആപ്പിള്‍ കമ്പനി ഒടുവില്‍ തങ്ങളുടെ പുതിയ ഉത്പന്നത്തിന് പ്രശ്‌നമുണ്ടെന്ന് സമ്മതിച്ചു. ജൂണ്‍ 24 ന് പുറത്തിറക്കിയ നാലാംതലമുറ ഐഫോണിന്റെ ഇടതുവശത്ത് കീഴ്ഭാഗത്ത് പിടിക്കുമ്പോള്‍, സിഗ്നലിന്റെ ശക്തി ചോരുന്നതായി ഒട്ടേറെ ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഉപഭോക്താക്കള്‍ക്കുണ്ടായ ഉത്ക്കണ്ഠയില്‍ കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു.

സിഗ്നലിനല്ല, അത് ഫോണില്‍ ഡിസ്‌പ്ലെ ചെയ്യുന്ന രീതിയിലാണ് പ്രശ്‌നമെന്ന് ആപ്പിള്‍ പറയുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ആ പ്രശ്‌നം പരിഹരിക്കാനാകുമെന്നും, അതിനാവശ്യമായ സോഫ്ട്‌വേര്‍ അപ്‌ഡേറ്റ് ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്, കരുതുന്നതിലും ആഴത്തിലുള്ള പ്രശ്‌നമാണ് ഐഫോണ്‍ 4 നേടുന്നത് എന്നാണ്. ആ സംശയാലുക്കളില്‍ ടെക്‌നോളജി സൈറ്റായ 'പോക്കറ്റ് ലിന്റി'ന്റെ എഡിറ്റര്‍ സ്റ്റുവര്‍ട്ട് മൈല്‍സും ഉള്‍പ്പെടുന്നു.

ഏത് സ്മാര്‍ട്ട് ഫോണിനും ചില ഭാഗത്ത് പിടിച്ചാല്‍ സിഗ്നല്‍ പ്രശ്‌നമുണ്ടാകും എന്നാണ് ഉപഭോക്താക്കളെ ആപ്പിള്‍ സമാശ്വസിപ്പിക്കുന്നത്. തങ്ങള്‍ ഇതുവരെ ഇറക്കിയതില്‍ ഏറ്റവും വിജയകരമായ ഉത്പന്നമാണ് ഐഫോണ്‍ 4 എന്നും ആപ്പിളിന്റെ പ്രസ്താവന പറയുന്നു.

ഐഫോണ് 4 ന്റെ സ്റ്റീല്‍ ചട്ടക്കൂടാണ് ആന്റിനയായി പ്രവര്‍ത്തിക്കുന്നത്. ഇടതുഭാഗത്തെ താഴെ മൂലയില്‍ പിടിക്കുമ്പോഴാണ് ആന്റിനയ്ക്ക് തടസ്സമുണ്ടാവുകയും സിഗ്നല്‍ ശക്തി ക്ഷയിക്കുകയും ചെയ്യുന്നതായി ഉപഭോക്താക്കള്‍ കണ്ടത്. പ്രശ്‌നം ആദ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, 'അങ്ങനെ പിടിക്കേണ്ട' എന്നായിരുന്നു ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ കാര്യത്തിന്റെ ഗൗരവം ആപ്പിളിന് മനസിലായി എന്നാണ് പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്.

സിഗ്നല്‍ശക്തി സൂചിപ്പിക്കുന്ന ബാറുകളുടെ എണ്ണം എത്രവേണം എന്നു കണക്കുകൂട്ടാന്‍ ഉപയോഗിച്ച സൂത്രവാക്യം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും, അത് തങ്ങളെ അമ്പരപ്പിച്ചെന്നും ആപ്പിള്‍ വെളിപ്പെടുത്തി.

അതിനാല്‍, ആ പ്രശ്‌നം പരിഹരിക്കാനുള്ള സോഫ്ട്‌വേര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്ന് ആപ്പിളിന്റെ പ്രസ്താവന പറഞ്ഞു. നേരത്തെയുള്ള ഐഫോണ്‍ വകഭേദങ്ങളിലും ഇതേ പ്രശ്‌നം ഉള്ളതിനാല്‍, പുതിയ സോഫ്ട്‌വേര്‍ പരിഹാരം ഐഫോണ്‍ 3ഏ,െ ഐഫോണ്‍ 3ഏ എന്നിവയ്ക്കും പ്രയോജനപ്പെടും.

പിടിക്കുമ്പോള്‍ സിഗ്നല്‍ ചോര്‍ച്ചയുണ്ടാകുമെങ്കില്‍, എന്തുകൊണ്ട് ഇതുവരെ ഒരു സ്മാര്‍ട്ട്‌ഫോണിനും ആ പ്രശ്‌നം ഉണ്ടായില്ല എന്ന് സ്റ്റുവര്‍ട്ട് മൈല്‍സ് ചോദിക്കുന്നു. എച്ച്.ടി.സി.യും ലോഹചട്ടക്കൂടുള്ള ഫോണ്‍ നിര്‍മിച്ചിട്ടുണ്ട്. അവയ്‌ക്കൊന്നും ഇതുവരെ സിഗ്നല്‍ ചോര്‍ച്ച ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആപ്പിള്‍ പറയും പോലെ സിഗ്നലിന്റെ ഡിസ്‌പ്ലെ മെച്ചപ്പെടുത്തിയാല്‍, ചിലര്‍ക്കത് മാനസികമായി ആശ്വാസം നല്‍കിയേക്കാം. പക്ഷേ, പ്രശ്‌നം പരിഹരിക്കപ്പെടില്ല'-മൈല്‍ പറയുന്നു.