മൊബൈല്‍ഫോണുകളില്‍ ഉപയോഗിക്കുന്ന സൗജന്യ ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമോ? ചോര്‍ത്തിയേക്കാം എന്നാണ് അടുത്തിടെ നടന്ന ഒരു പഠനം മുന്നറിയിപ്പു നല്‍കുന്നത്. ലുക്കൗട്ട് ഇന്‍കോര്‍പറേഷന്‍ എന്ന കമ്പനി പരിശോധിച്ച മൂന്ന് ലക്ഷത്തോളം സൗജന്യ ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഇത്തരത്തില്‍ ചോര്‍ത്തല്‍ നടത്താന്‍ ശേഷിയുള്ളവ ഏറെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പരിശോധിക്കപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഐഫോണിലോ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോണുകളിലോ ഉപയോഗിക്കാവുന്നവയാണ് എന്നത്, പഠനത്തിന്റെ പ്രാധാന്യം ഏറെ വര്‍ധിപ്പിക്കുന്നു.

ഇത്തരം സൗജന്യ ആപ്ലിക്കേഷനുകള്‍ക്കൊപ്പം ഒളിഞ്ഞിരിക്കുന്ന സോഫ്ട്‌വേര്‍ കെണികള്‍ ഫോണിലെ കോണ്‍ടാക്റ്റ്‌സ്, ചിത്രങ്ങള്‍, ടെക്‌സ്റ്റ്് മെസേജുകള്‍, ഇന്റര്‍നെറ്റ് സെര്‍ച്ച് വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ചോര്‍ത്തുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. സൗജന്യ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരെ ഏറെ ആശയക്കുഴപ്പത്തിലാക്കിയേക്കാവുന്ന പഠനമാണിത്.

ആപ്പിളിന്റെ ഐഫോണിനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിനുമായി ഏതാണ്ട് മൂന്നുലക്ഷത്തോളം ആപ്ലിക്കേഷനുകളാണ് ലഭ്യമായിട്ടുള്ളത്. ഈ ആപ്ലിക്കേഷനുകളില്‍ വലിയൊരളവ് നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയെന്നു പറഞ്ഞാല്‍ അത് നിസ്സാരമല്ല. ചോര്‍ത്തപ്പെടുന്ന ഇത്തരം വിവരങ്ങള്‍ സാധാരണയായി പരസ്യ കമ്പനികളാണ് ഉപയോഗിക്കുന്നതെങ്കിലും, മറ്റു തരത്തിലും ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. കമ്പ്യൂട്ടര്‍ ഭേദകരുടെ

ലാസ് വേഗാസില്‍ നടന്ന ബ്ലാക്ക് ഹാറ്റ് കമ്പ്യൂട്ടര്‍ സുരക്ഷാ സമ്മേളനത്തിലാണ് ലുക്കൗട്ട് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഐഫോണിന്റെ നാലിലൊന്ന് ആപ്ലിക്കേഷനുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുള്ള പകുപതിയോളം സൗജന്യ ആപ്ലിക്കേഷനുകളിലും ഇത്തരം സോഫ്ട്‌വേര്‍ കെണികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് അവര്‍ കണ്ടെത്തിയിരുന്നു. പലപ്പോഴും ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവര്‍ പോലും അറിയാതെ മറ്റൊരു കൂട്ടരാണ് ഇത്തരം കോഡുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് എന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആപ്പിളോ ഗൂഗിളോ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.