മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകള്‍ രണ്ടു തരത്തിലുണ്ട്. ജി.എസ്.എമ്മും സി.ഡി.എം.എ.യും. വിദേശരാജ്യങ്ങളിലെല്ലാം സി.ഡി.എം.എ. ഫോണുകള്‍ക്കാണ് ഏറെ സ്വീകാര്യതയെങ്കില്‍ നമ്മുടെ നാട്ടിലെ സ്ഥിതി മറിച്ചാണ്. ഇവിടെ 'ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സി'ന്റെ ചുരുക്കപ്പേരായ ജി.എസ്.എമ്മിനാണ് ഏറെപ്രിയം. ബി.എസ്.എന്‍.എല്‍, ഐഡിയ, വൊഡാഫോണ്‍ തുടങ്ങി രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം ജി.എസ്.എം. േസവനമാണ് നല്‍കുന്നത്.

ഇന്ത്യയില്‍ ഇന്ത്യയില്‍ സി.ഡി.എം.എ. (കോഡ്് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ ആക്‌സസ്) ഫോണുകള്‍ ആദ്യമായി അവതരിപ്പിച്ചത് റിലയന്‍സ് മൊബൈലായിരുന്നു. കമ്പനി നല്‍കുന്ന ഫോണില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സി.ഡി.എം.എ. സൗകര്യം ഏറെ ജനകീയമാക്കിയതും റിലയന്‍സ് തന്നെ. കമ്പനി അവതരിപ്പിച്ച 501 രൂപയ്ക്ക് മൊബൈല്‍ എന്ന പദ്ധതിയില്‍ മാത്രം ലക്ഷക്കണക്കിന് ആളുകള്‍ ഫോണ്‍ സ്വന്തമാക്കി. ഏറെ താമസിയാതെ ടാറ്റ ഇന്‍ഡികോമും സി.ഡി.എം.എ. സര്‍വീസ് ആരംഭിച്ചു.

ഫോണ്‍ ഇഷ്ടം പോലെ മാറാനാവില്ലെന്നതാണ് സി.ഡി.എം.എ. ഫോണുകളുടെ പ്രധാന ന്യൂനത. മൊബൈല്‍ കമ്പനികളുമായി സഹകരിച്ചു കൊണ്ടിറക്കുന്ന മോഡലുകള്‍ മാത്രമേ സി.ഡി.എം.എ.ക്കാര്‍ക്ക് ഉപയോഗപ്രദമാകൂ. അതുകൊണ്ടു പുതിയ മോഡല്‍ മൊബൈല്‍ ഫോണുകള്‍ ഇഷ്ടം പോലെ ഇറങ്ങുന്നുണ്ടെങ്കിലും ഇന്ത്യയിലെ സി.ഡി.എം.എ. വരിക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയായിരുന്നു.അതൊക്കെ കണ്ടറിഞ്ഞാകാം റിലയന്‍സുമായി കൈകോര്‍ത്ത് സി.ഡി.എം.എ.ക്കാര്‍ക്കായി ആന്‍ഡ്രോയിഡ് ഫോണ്‍ സാംസങ് അവതരിപ്പിക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സി.ഡി.എം.എ. ഫോണാണ്, സാംസങിന്റെ 'ഗാലക്‌സി i899' (Galaxy i899) മോഡല്‍. ഇന്ത്യക്കാര്‍ക്ക് പുതുമുഖമാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ ഇത് മാസങ്ങള്‍ക്ക് മുമ്പേ ഇറങ്ങിയതാണ്.

3.2 ഇഞ്ച് വിസ്താരമുളള ടച്ച്‌സ്‌ക്രീന്‍ ഫോണാണിത്. 320 ഗുണം 480 റസല്യൂഷനുള്ളതാണ് സ്‌ക്രീന്‍. എല്‍.ഇ.ഡി. ഫ്ലഷോടു കൂടിയ 3.2 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 800 മെഗാഹെര്‍ട്‌സ് പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ജി.പി.എസ്, ബ്ലൂടുത്ത് തുടങ്ങിയതെല്ലാമുള്ള ഗാലക്‌സി i899, ഡിവ്എക്‌സ് വീഡിയോ ഫോര്‍മാറ്റ് പിന്തുണയ്ക്കും. 320 എം.ബി.സ്‌റ്റോറേജ് ശേഷിയുള്ള ഫോണില്‍ 32 ജി.ബി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനാകും.

റിലയന്‍സുമായി സഹകരിച്ചാണ് ഫോണ്‍ വിപണിയിലിറക്കുന്നതെന്ന് അറിയിച്ച സാംസങ് ഇതിന്റെ വില എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വരും ആഴ്ചകളില്‍ തന്നെ ഗാലക്‌സി i899 റിലയന്‍സ് ഷോറൂമുകളിലെത്തുമെന്നാണ് അറിയുന്നത്.