സ്മാര്‍ട്ട്‌ഫോണുകള്‍ക്കും എയര്‍ബാഗ് സംരക്ഷണമോ? ഇതു കേള്‍ക്കുമ്പോള്‍ പലരും ആശ്ചര്യപ്പെട്ടേക്കാം, എന്നാല്‍ സംഗതി സത്യമാണ്. കാര്യങ്ങളെല്ലാം ശരിയാവുകയാണെങ്കില്‍ താമസിയാതെ ഇത്തരം സംരക്ഷണ സംവിധാനമുള്ള ഫോണുകള്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

മൊബൈലുകള്‍ സ്മാര്‍ട്ട്‌ഫോണുകളായി പരിണമിക്കുകയും ലാപ്‌ടോപ്പുകളും നെറ്റ്ബുക്കുകളും ചെയ്തിരുന്ന പല ജോലികളും അവ ഏറ്റെടുക്കുകയും ചെയ്തതോടുകൂടി മൊബൈലിന്റെ സ്റ്റാറ്റസ് ശരിക്കും വര്‍ധിച്ചിരിക്കുന്നു. മാത്രമല്ല, പല മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെയും വില അരലക്ഷത്തിനടുത്താണ് താനും.

മൊബൈല്‍ നമ്മുടെ കയ്യില്‍ നിന്നോ അല്ലെങ്കില്‍ കുട്ടികളുടെ വികൃതികൊണ്ടോ നിലത്തുവീണു തകരുന്നത് ഈ പശ്ചാത്തലത്തില്‍ പലര്‍ക്കും ആലോചിക്കാന്‍ പോലും പറ്റാത്ത സംഗതിയാണ്. എന്നാല്‍, അങ്ങനെ സംഭവിക്കാറുണ്ട് എന്നത് സത്യമാണു താനും.

ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് മൊബൈലിനെ സംരക്ഷിക്കുന്നതിനാണ് എയര്‍ബാഗ് സംരക്ഷണം മൊബൈല്‍ ഫോണുകള്‍ക്ക് നല്‍കുന്നത്. വാഹനങ്ങളില്‍ അതിലെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയര്‍ ബാഗുകള്‍ ഘടിപ്പിക്കുന്നതെങ്കില്‍, ഇവിടെ മൊബൈലുകളുടെ സുരക്ഷയ്ക്കാണ് അത് ഘടിപ്പിക്കുന്നത്.


ഓണ്‍ലൈന്‍ വിപണനരംഗത്തെ മുന്‍നിരക്കാരായ ആമസോണ്‍ ആണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എയര്‍ബാഗ് സംരക്ഷണം എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍ മേധാവി ജെഫ് ബെസോസും വൈസ് പ്രസിഡന്റ് ഗ്രേഗ്് ഹാര്‍ട്ടും ചേര്‍ന്നാണ് ഇതിനായി പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

പ്രമുഖ ടെക്‌നോളജി സൈറ്റായ ഗീക്ക്‌വയറിന്റെ റിപ്പോര്‍ട്ട് പ്രകാരം, ചലനങ്ങളെയും ദിശകളെയും നിരീക്ഷിക്കുന്ന ഗൈറോസ്‌കോപ് , ക്യാമറ, ഇന്‍ഫ്രാറെഡ് രശ്മികള്‍ അല്ലെങ്കില്‍ റഡാര്‍, ചെറിയ എയര്‍ബാഗുകള്‍ എന്നിവ അടങ്ങിയതാണ് ഈ സുരക്ഷാസംവിധാനം.

ഇതിനുള്ളിലെ പ്രത്യേക സെന്‍സറുകള്‍ മൊബൈലുകളുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയും, അതിലെ പ്രത്യേക രശ്മികള്‍ തറയുമായുള്ള ദൂരം കണക്കാക്കുകയും ഏതുഭാഗമാണ് തറയുമായി അടുത്തുവരുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. സ്്മാര്‍ട്ട്‌ഫോണുകള്‍ തറയില്‍ സ്്പര്‍ശിക്കുന്നുവെന്ന് മനസ്സിലാക്കുന്ന മാത്രയില്‍തന്നെ ഹാര്‍ഡ്‌വേര്‍ പ്രവര്‍ത്തിക്കുകയും എയര്‍ബാഗുകള്‍ പ്രവര്‍ത്തിപ്പിച്ച് ഫോണിനെ തറയുമായുള്ള കൂട്ടിയിടിയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്ന് ഗീക്ക്‌വയറിന്റെ റിപ്പോര്‍ട്ട് പറയുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ ഭാരവും കനവും കുറക്കാന്‍ മത്സരിക്കുന്ന ഈ കാലത്ത് ഇത്തരത്തിലൊരു ഉപകരണം എപ്രകാരം ഫോണുകളില്‍ ഘടിപ്പിക്കുമെന്നതിനേക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.