70 കോടി മൊബൈല്‍വരിക്കാരുള്ള രാജ്യം. ഓരോ മാസവും വിറ്റഴിയൂന്നത് രണ്ട് കോടി ഹാന്‍ഡ്‌സെറ്റുകള്‍. ഒരുവര്‍ഷം ചെലവാകുന്ന മൊബൈല്‍ഫോണുകളുടെ എണ്ണം 25 കോടി കവിയും. ഇന്ത്യ പോലുള്ള ഒരു മഹാവിപണിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ലോകത്തുള്ള മുഴുവന്‍ മൊബൈല്‍കമ്പനികളും തിരക്കുകൂട്ടുന്നതിന്റെ രഹസ്യമിതാണ്. അതിന്റെ ഫലമായി ഓരോ ആഴ്ചയിലും പുതിയ മൊബൈല്‍ കമ്പനികള്‍ ഇവിടെയെത്തുന്നു. അവയില്‍ മള്‍ട്ടിനാഷനലുകളും നാടന്‍ സംരംഭങ്ങളുമെല്ലാം ഉള്‍പ്പെടുന്നു.

ഈയാഴ്ച ഇന്ത്യയിലെത്തിയ രണ്ടു മൊബൈല്‍ ബ്രാന്‍ഡുകളാണ് ഷാര്‍പ്പും ഐ ബോളും. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷാര്‍പ്പെങ്കില്‍ ഐ ബോള്‍ നൂറുശതമാനവും ഇന്ത്യന്‍ സംരംഭമാണ്. പക്ഷേ, രണ്ടു ബ്രാന്‍ഡുകളും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണെന്നതാണ് വസ്തുത. ഷാര്‍പ്പ് ടി.വി.യും വി.സി.ആറും കോഡ്‌ലെസ് ഫോണുമൊക്കെ പണ്ട് മിക്കവാറും വീടുകളിലും കാണാമായിരുന്നു.

കമ്പ്യൂട്ടര്‍ യുഗത്തോടെയാണ് ഐ ബോള്‍ എന്നു നമ്മള്‍ കേട്ടുതുടങ്ങിയത്. കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ് എന്നിവയുള്‍പ്പെടുന്ന ആക്‌സസറീസ് വിപണനരംഗത്തെ ഏറെ ശ്രദ്ധേയമായ കമ്പനിയാണ് ഐ ബോള്‍. അവരും ഇപ്പോള്‍ കളം മാറി മൊബൈല്‍ഫോണ്‍ വിപണനരംഗത്തേക്ക് കടന്നിരിക്കുകയാണ്.നാലു കിടിലന്‍ ഹാന്‍ഡ്‌സെറ്റുകളോടെയാണ് ഷാര്‍പ്പ് ഇന്ത്യയിലേക്ക് വരുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന വര്‍ണാഭമായ ചടങ്ങില്‍ നാലു മോഡലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ബ്ലിങ്ക്, ടാങ്കോ, സൈബോര്‍ഗ്, ആലിസ് എന്നിവയാണ് ആ മോഡലുകള്‍. ഇതില്‍ ബ്ലിങ്കും ടാങ്കോയും തുറക്കാവുന്ന രീതിയിലുള്ള ഫോണുകളാണ്. ആലിസ് ഫുള്‍ടച്ച് സ്‌ക്രീന്‍ടൈപ്പാണെങ്കില്‍ സൈബോര്‍ഗ് വശങ്ങളിലേക്കുതിരിക്കാവുന്ന സ്‌ക്രീനുള്ള സൈക്ലോയ്ഡ് റൊട്ടേറ്റിങ് മോഡലാണ്. തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം ഇപ്പോള്‍ ലഭിക്കുന്ന ഫോണുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യമുഴുവനുമെത്തും.

ഡ്യുവല്‍ സിം മോഡലായ ബ്ലിങ്കിന് 6,499 രൂപയാണ് വില. വശങ്ങളില്‍ എഴു വ്യത്യസ്ത നിറങ്ങളിലുള്ള എല്‍.ഇ.ഡി. ലൈറ്റുകളുമായാണ് ബ്ലിങ്കിന്റെ വരവ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദക്കൂട്ടായ്മാസൈറ്റുകളിേലക്ക് എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുന്ന ബ്ലിങ്ക് യുവതലമുറയെ ലക്ഷ്യംവെച്ചുകൊണ്ടാണുള്ളതെന്ന് വ്യക്തം. 2.9 ഇഞ്ച് ടച്ച്‌സ്‌ക്രീനും ആക്‌സിലറോമീറ്ററുമൊക്കെയുള്ള ഹൈടെക് മോഡലാണ് ടാങ്കോ. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഫോണില്‍ ക്ലിക്ക് ചെയ്യുന്ന ചിത്രങ്ങള്‍ ഉടന്‍ തന്നെ വെബ്്‌സൈറ്റുകളില്‍ പോസ്റ്റ് െചയ്യാനുള്ള ഓപ്ഷനുമുണ്ട്. വില 17,999 രൂപ.3.2 മെഗാപിക്‌സല്‍ കാമറയും വശങ്ങളിലേക്ക് തിരിക്കാവുന്ന സ്‌ക്രീനുമുള്ള ഹൈഎന്‍ഡ് മോഡലാണ് സൈബോര്‍ഗ്-വില 16,999 രുപ. ഫുള്‍ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ആലിസ് സംഗീതപ്രേമികള്‍ക്ക് വേണ്ടിയുള്ളതാണ്. മുന്‍ഭാഗത്തെ ട്വിന്‍സ്​പീക്കറുകളാണ് ഇതിന്റെ പ്രത്യേകത-വില 8,499 രൂപ.

ഈ ഫോണുകളൊന്നും ത്രിജി സപ്പോര്‍ട്ട് ചെയ്യുന്നവയല്ല എന്നതാണ് ദു:ഖകരമായ വസ്തുത. ഇവയുടെയൊക്കെ ത്രിജി വെര്‍ഷനുകള്‍ ഉടന്‍ ഇറക്കുമെന്ന് ഷാര്‍പ്പ് പറയുന്നുണ്ടെങ്കിലും അതെപ്പോള്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ നന്നായി വിറ്റഴിയുന്ന നോക്കിയയുടെയും സാംസങിന്റെയും സ്മാര്‍ട്‌ഫോണുകളേക്കാള്‍ വില കൂടിയവയാണ് ഷാര്‍പ്പിന്റെ ചില മോഡലുകളെന്ന് പറയാെതവയ്യ. ഈ ഫോണുകളിലെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെക്കുറിച്ച് ഷാര്‍പ്പ് ഒരക്ഷരം പോലും മിണ്ടുന്നുമില്ല. അതുകൊണ്ട് തന്നെ ഇവ എത്രമാത്രം സ്വീകരിക്കപ്പെടുമെന്ന കാര്യം കണ്ടറിയണം.

എന്നാല്‍, ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് വിപണിയിലെ വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് കൈമുതലായുള്ള ഐ ബോള്‍ സാധാരണക്കാരുടെ കീശയ്ക്കിണങ്ങുന്ന മൊബൈല്‍ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 1500 രൂപ മുതല്‍ 7000 രൂപ വരെയുള്ള ഏഴു മോഡല്‍ ഫോണുകളാണ് ഐ ബോളിന്റേതായി ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. ഷാന്‍, വാട്ടര്‍പ്രൂഫ്, സ്ലീക്ക്, ഫ്ലപ്, പോഷ്, ടച്ച്, സീനിയര്‍ എന്നീ പേരുകളാണിവയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്. ഇതില്‍ ഷാനിന് 1500 രുപ മുതല്‍ 2500 രൂപ വരെയാണ് വില. വാട്ടര്‍പ്രൂഫ്, സീനിയര്‍, ഫ്ലപ് ഫോണുകള്‍ക്ക് വില മൂവായിരം രുപ. സ്ലീക്, പോഷ് ഫോണുകള്‍ക്ക് 5500 രൂപയും ടച്ച് ഫോണുകള്‍ക്ക് 6000 മുതല്‍ 7000 രുപ വരെയുമാണ് വിലനിലവാരം.

ഇപ്പോഴുള്ള ഒരു മൊബൈലിലുമില്ലാത്ത ചില സൗകര്യങ്ങള്‍ തങ്ങളുടെ മോഡലുകളിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന എസ്.ഒ.എസ്. ബട്ടനാണ് ഇവയില്‍ പ്രധാനം. ബട്ടനമര്‍ത്തി ഏഴുസെക്കന്‍ഡിനകം ഫോണ്‍ അപായസൈറണ്‍ ശബ്ദം പുറപ്പെടുവിക്കും. മുന്‍കൂട്ടി രേഖപ്പെടുത്താവുന്ന അഞ്ച് മൊബൈല്‍നമ്പറുകളിലേക്ക് എസ്.എം.എസും. പോകും. തുടര്‍ന്ന് ഈ അഞ്ചു നമ്പറുകളിലേക്കും മാറിമാറി കോള്‍ പോയിക്കൊണ്ടിരിക്കും. ഏതെങ്കിലുമൊരു നമ്പറില്‍ നിന്ന് മറുപടികിട്ടും വരെ ഇതു തുടരും. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും ഏറെ പ്രയോജനപ്രദമാകും ഈ സൗകര്യമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. സീനിയര്‍ എന്ന മോഡലിലാണ് ഈ സേവനമുള്ളത്.

എത്ര നേരം വെള്ളത്തിലിട്ടാലും ഒരു കുഴപ്പവും വരാത്ത ഫോണാണ് വാട്ടര്‍പ്രൂഫ്. മറ്റു ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ മുങ്ങിപ്പോകുമെങ്കിലും വാട്ടര്‍പ്രൂഫ് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഇന്ത്യ പോലെ വര്‍ഷത്തില്‍ എല്ലാസമയവും മഴയുള്ള രാജ്യത്ത് ഇത്തരമൊരു ഫോണിന്റെ സാധ്യത ഏറെയാണെന്ന കമ്പനി വിശ്വസിക്കുന്നു. ഐ ബോളിന്റെ എല്ലാമോഡലുകളും ഡ്യുവല്‍സിം, ഡ്യുവല്‍ ബാറ്ററി സൗകര്യത്തോടുകൂടിയവയാണ്. ചിലതില്‍ ഡ്യുവല്‍ ക്യാമറയുമുണ്ട്.