ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒരുപാടു സൗകര്യങ്ങള്‍. മൊബൈല്‍ ഫോണുകളില്‍ ഈ വിപ്ലവം കൊണ്ടുവന്നത് ചൈനീസ് കമ്പനികളായിരുന്നു. ഡബ്ള്‍ സിം എന്നും മൊബൈല്‍ ടി.വി. എന്നുമൊക്കെ ഇന്ത്യക്കാര്‍ കേട്ടുതുടങ്ങുന്നതു തന്നെ ചൈനീസ് മൊബൈലുകളുടെ കുത്തൊഴുക്കു തുടങ്ങിയപ്പോഴാണ്. ഐ.എം.ഇ.ഐ (International Mobile Equipment Identity) നമ്പര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് ചൈനീസ്‌മൊബൈലുകള്‍ പിന്‍വാങ്ങിയതോടെ, വിലക്കുറഞ്ഞ മൊബൈലുകള്‍ വിപണിയിലെത്തിക്കുകയെന്ന ദൗത്യം ഇന്ത്യന്‍ കമ്പനികളേറ്റെടുത്തു.

മൂവായിരം രൂപയ്ക്ക് ടച്ച്‌സ്‌ക്രീനും ട്രിപ്പിള്‍ സിമ്മുമുള്ള ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് നമ്മുടെ കമ്പനികള്‍ വമ്പന്മാരെ ഞെട്ടിക്കുന്നതാണ് പിന്നീട് കണ്ടത്. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് വിലക്കുറവിന്റെ വഴിയേ നീങ്ങാന്‍ വന്‍കിട കമ്പനികളും തയ്യാറായി. നോക്കിയയും സാംസങുമടക്കമുള്ള വന്‍കിടക്കാരെല്ലാം ഇന്ത്യക്കാര്‍ക്കുവേണ്ടി ലോ-എന്‍ഡ് മോഡലുകള്‍ ഇറക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നു. അത്തരം ഫോണുകളില്‍ മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലും അവര്‍ ശ്രദ്ധിക്കുന്നു.

അത്തരം 'ഹൈക്വാളിറ്റി-ലോഎന്‍ഡ്' നിരയിലേക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് സാംസങിന്റെ 'ചാമ്പ് സി 3300' (Samsung Champ C 3300). ടച്ച്‌സ്‌ക്രീന്‍ സൗകര്യമുള്ള ഈ ഫോണിന് 4100 രൂപയാണ് വില. ഈ വിലയ്ക്ക് മുന്‍നിര കമ്പനികളുടെ ടച്ച്‌സ്‌ക്രീന്‍ മോഡലുകള്‍ കിട്ടില്ലെന്ന കാര്യത്തില്‍ സംശയമില്ല. സാംസങ് ഇതുവരെ ഇറക്കിയതില്‍ ഏറ്റവും ചെറിയ ടച്ച്‌സ്‌ക്രീനാണ് ചാമ്പിലുള്ളത് എന്ന പ്രത്യേകതയുമുണ്ട്.

96.3 ഗുണം 53.8 ഗുണം 13 മില്ലിമീറ്ററാണ് ടച്ച്‌സ്‌ക്രീനിന്റെ വലിപ്പം. 2.4 ഇഞ്ച് ക്യൂ.വി.ജി.എ. ഡിസ്‌പ്ലേയുള്ള ചാമ്പില്‍ ജി.പി.ആര്‍.എസ്., എഡ്ജ് കണക്ടിവിറ്റിയും ബ്ലൂടൂത്തും 3.5 എം.എം. ഹെഡ്‌സെറ്റ് ജാക്കുമുണ്ട്. സംഗീതപ്രേമികളെ സന്തോഷിപ്പിക്കാന്‍ മ്യൂസിക് പ്ലെയറും എഫ്.എം. റേഡിയോയുമുള്ള ഫോണിനൊപ്പം സ്റ്റീരിയോ ഹെഡ്‌ഫോണുകളും ലഭിക്കും.

ത്രിജി ഇല്ലാത്തതു പോരായ്മയാണെങ്കിലും ജി.പി.ആര്‍.എസും എഡ്ജുമുള്ളതിനാല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് തടസ്സമുണ്ടാകില്ല. സൗഹൃദക്കൂട്ടായ്മാ സൈറ്റുകളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം സാധ്യമാക്കുന്ന ഓപ്ഷനും ചാമ്പിലുണ്ട്.

ടച്ച്‌വിസ് ലൈറ്റ് യൂസര്‍ ഇന്റര്‍ഫേസ്, സാംസങ് അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം, എട്ട് ജി.ബി. വരെ താങ്ങുന്ന മെമ്മറി കാര്‍ഡ് സ്‌ലോട്ട്, 1.3 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ചാമ്പിലുള്ള മറ്റു പ്രത്യേകതകള്‍. 12 മണിക്കൂര്‍ തുടര്‍ച്ചയായുള്ള സംസാരസമയവും 27.5 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് ഫോണിന്റെ ബാറ്ററി ആയുസ്സായി സാംസങ് അവകാശപ്പെടുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതേ ഫോണ്‍ കൂടിയ വിലയ്ക്കാണ് സാംസങ് വില്‍ക്കുന്നത്. ഇന്ത്യന്‍വിപണിയില്‍ ടച്ച്‌സ്‌ക്രീന്‍ മോഡലുകള്‍ക്ക് വര്‍ധിച്ചു വരുന്ന താത്പര്യം മുതലാക്കാനുള്ള കമ്പനിയുടെ നീക്കമാണ് ചാമ്പിന്റെ അവതാരത്തിനു പിന്നിലെന്നു വ്യക്തം. ടി.വി.യും ഫ്രിഡ്ജുമെല്ലാം മലയാളി വാങ്ങിക്കൂട്ടുന്ന ഓണക്കാലത്ത് സാംസങ് ചാമ്പും ചാമ്പ്യനാകുമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.