കമ്പനികളുടെ ബാഹുല്യം കൊണ്ട് കാലുകുത്താനിടമില്ലാത്ത ഇന്ത്യന്‍ മൊബൈല്‍ വിപണിയിലേക്ക് ജപ്പാനില്‍ നിന്നൊരു അതിഥി കൂടിയെത്തുന്നു. ഒന്നും രണ്ടുമല്ല പത്തു മൊബൈല്‍ ഫോണ്‍ മോഡലുകള്‍ ഒറ്റയടിക്ക് അവതരിപ്പിച്ചുകൊണ്ട് അക്കായ് ഇലക്‌ട്രോണിക്‌സ് കമ്പനിയാണ് ഇന്ത്യയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്.

1895 രൂപ മുതല്‍ 7995 രുപ വരെ വിലയുള്ള ഇരട്ടസിം മോഡലുകളാണ് അക്കായിയുടേത്. ത്രിഡി യൂസര്‍ ഇന്റര്‍ഫേസ്, വൈഫൈ, ഹൈ റിസൊല്യൂഷന്‍ ക്യു.വി.ജി.എ. സ്‌ക്രീന്‍, എക്‌സ്​പാന്‍ഡബിള്‍ മെമ്മറി, റെക്കോഡിങ്ങോടുകൂടിയ വയര്‍ലെസ് എഫ്.എം., ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ് തുടങ്ങി ഒരുപാട് സൗകര്യങ്ങളോടു കൂടിയവയാകും അക്കായ് മോഡലുകള്‍. ഉടന്‍ തന്നെ ത്രിജി ഫോണുകള്‍ പുറത്തിറക്കാനും കമ്പനിക്ക് പരിപാടിയുണ്ട്.

മൂവായിരം രൂപയ്ക്ക് ട്രിപ്പിള്‍ സിം മൊബൈലുകള്‍ വിറ്റഴിക്കുന്ന ലോക്കല്‍ കമ്പനികള്‍ അരങ്ങുവാഴുന്ന ഇന്ത്യയില്‍ അക്കായ്ക്ക് എത്രത്തോളം സാധ്യതകളുണ്ട്? ഈ ചോദ്യത്തിന് അക്കായ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ പ്രണയ് ദബായ്ക്ക് വ്യക്തമായ മറുപടി പറയാനുണ്ട്. ''എല്ലാവിഭാഗം ഉപയോക്താക്കളെയും ആകര്‍ഷിക്കാനുതകുന്നവയാണ് ഞങ്ങളുടെ പത്തു ഫോണുകളും. വില്പനാന്തരസേവനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ മൊബൈല്‍കമ്പനികളുടെ പ്രവര്‍ത്തനം അതിദയനീയമാണെന്നത് വസ്തുതയാണ്. ഇക്കാര്യത്തിന് ഞങ്ങള്‍ പ്രത്യേക പരിഗണന നല്‍കും. നിലവില്‍ കമ്പനിക്ക് 465 സര്‍വീസ് സെന്ററുകള്‍ രാജ്യമൊട്ടാകെയുണ്ട്. മൊബൈല്‍ചിപ്പുകളുടെ സര്‍വീസിങിനായി പത്തുകോടി രുപ മുടക്കി ഗുഡ്ഗാവില്‍ സര്‍വീസ് സെന്റര്‍ സ്ഥാപിക്കും''-പ്രണയ് പറയുന്നു.

അക്കായുടെ മൊബൈല്‍ഫോണുകളെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണെങ്കിലൂം 'അക്കായ്' എന്ന വ്യാപാരനാമം മലയാളികള്‍ക്ക് സുപരിചിതമാണെന്നുറപ്പ്. എണ്‍പതുകളില്‍ ഗള്‍ഫ് കുടിയേറ്റം വ്യാപകമായപ്പോള്‍ ഇവിടെ സാര്‍വത്രികമായ ഇലക്‌ട്രോണിക്‌സ് ഉപകരണമായിരുന്നു അക്കായ് വി.സി.ആറും വി.സി.പിയും. അന്ന് അക്കായ് വി.സി.ആര്‍. വീട്ടിലുണ്ടെന്നു പറയുന്നത് അഭിമാനമായാണ് ഏവരും കണ്ടിരുന്നത്. 1929 ല്‍ സ്ഥാപിതമായ ഈ ജാപ്പനീസ് കമ്പനി ഇപ്പോള്‍ സിങ്കപ്പൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ ബാരണ്‍ ഇലക്‌ട്രോണിക്‌സ് വിതരണാവകാശം ഏറ്റെടുത്തിരുന്ന അക്കായ് ടി.വി.കള്‍ പതിനഞ്ചുവര്‍ഷം മുമ്പ് വരെ നന്നായി വിറ്റുപോയിരുന്നു. പതിനായിരം രൂപയ്ക്ക് 21 ഇഞ്ച് കളര്‍ ടി.വി. എന്ന ഫുള്‍പേജ് പരസ്യവുമായി അക്കാലത്ത് പത്രത്താളുകളില്‍ നിറഞ്ഞുനിന്നിരുന്നു അക്കായ്. 1998-99 കാലഘട്ടത്തില്‍ ഇന്ത്യടെലിവിഷന്‍ വിപണിയുടെ 16 ശതമാനം സ്വന്തമാക്കിക്കൊണ്ട് തിളങ്ങുന്ന പ്രകടനമായിരുന്നു കമ്പനി കാഴ്ചവെച്ചിരുന്നത്.

തുടര്‍ന്ന് അക്കായിയുടെ വിതരണാവകാശം വീഡിയോകോണ്‍ ഗ്രൂപ്പ് ഏറ്റെടുത്തു. അതിനുശേഷം മികച്ചപ്രകടനം കാഴ്ചവെക്കാന്‍ അക്കായ്ക്കായില്ല. പതിയെ അക്കായ് എന്ന പേര് തന്നെ വിസ്മൃതമായി. വീഡിയോകോണുമായുള്ള വ്യപാര ഉടമ്പടിയൂടെ കാലാവധി കഴിഞ്ഞവര്‍ഷം അവസാനിച്ചതോടെയാണ് ഇന്ത്യന്‍ വിപണിയില്‍ അക്കായിയുടെ പുനര്‍ജന്‍മത്തിന് സാധ്യത തെളിഞ്ഞത്. ഇപ്പോള്‍ ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് എന്റര്‍പ്രൈസ് സൊല്യൂഷന്‍സ് എന്ന കമ്പനിക്കാണ് അക്കായ് ഉപകരണങ്ങളുടെ ഇന്ത്യയിലെ വിതരണാവകാശം. നിലവില്‍ ടെലിവിഷന്‍, വാഷിങ് മെഷീനുകള്‍, ഡി.വി.ഡി. പ്ലെയറുകള്‍ എന്നിവയാണ് അക്കായ്ക്കുള്ളത്. വരും മാസങ്ങളില്‍ നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍, ഇന്‍വെര്‍ട്ടറുകള്‍ എന്നിവയും അക്കായ് വിപണിയിലെത്തിക്കും.

ഈ മാസം അവസാനത്തോടെ അക്കായ് മൊബൈലുകള്‍ ഇന്ത്യയില്‍ ലഭിച്ചുതുടങ്ങും. ആദ്യവര്‍ഷം തന്നെ ഒരുലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റഴിച്ച് ഇന്ത്യന്‍വിപണിയില്‍ മൂന്ന് ശതമാനം പങ്കാളിത്തം നേടുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.