കമ്പ്യൂട്ടര്‍ വിപണനരംഗത്തെ കുത്തകക്കകമ്പനിയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെല്‍ ഇന്‍ക്. ഡെല്ലിന്റെ ലാപ്‌ടോപ്പും പി.സി.യുമെല്ലാം നമ്മുടെ നാട്ടില്‍ ഇഷ്ടം പോെല വിറ്റഴിയുന്നുണ്ട്. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ രണ്ട് സ്മാര്‍ട്‌ഫോണ്‍ മോഡലുകളുമായി ഇന്ത്യന്‍ മൊബൈല്‍ വിപണിയിലേക്കും പ്രവേശിച്ചിരുക്കുകയാണ് ഡെല്‍.

എക്‌സ്‌സിഡി28 (XCD28), എക്‌സ്‌സിഡി35 (XCD35) എന്നിവയാണ് ഡെല്‍ ഇന്ത്യക്കാര്‍ക്ക് ദീപാവലി സമ്മാനമായി അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 2.1 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മോഡലുകളാണ് ഒരേ സമയം അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ആയതിനാല്‍ കണക്ടിവിറ്റിക്കായി വൈ-ഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുമുണ്ട്. രണ്ടിലും 16 ജി.ബി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനുള്ള സ്‌ലോട്ടുമുണ്ട്.

സെഡ്ടിഇ റേസര്‍ എന്ന പേരു കൂടിയുള്ള എക്‌സ്‌സിഡി28 ല്‍ 600 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 3.2 മെഗാപിക്‌സല്‍ കാമറ, ഫുള്‍ ഇന്റര്‍നെറ്റ് ബ്രൗസിങ്....എല്ലാവിധ ഫോര്‍മാറ്റുകളും പ്രവര്‍ത്തിപ്പിക്കാവുന്ന ഓഡിയോ-വീഡിയോ പ്ലെയര്‍, എഫ്.എം. റേഡിയോ എന്നിവയുണ്ട്. ടച്ച്‌സ്‌ക്രീന്‍ േമാഡലാണെങ്കിലും വിരല്‍ത്തുമ്പ് കൊണ്ട് ഓരോ ഓപ്ഷനകളും തുറക്കാന്‍ അല്പം പ്രയാസം നേരിടുന്നുണ്ടെന്ന് ഫോണ്‍ കണ്ടവര്‍ പറയുന്നു.

2.8 ഇഞ്ച് ക്യൂ.വി.ജി.എ. സ്‌ക്രീനില്‍ എല്ലാ ഐക്കണുകളും കൂടി നിറഞ്ഞുകിടക്കുന്നതുകൊണ്ടാണിത്. സ്‌ക്രീനിന്റെ വീതിക്കുറവ് ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നര്‍ഥം. ഒരു സ്‌റ്റൈലസ് ഉപയോഗിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിതെന്ന് ഡെല്‍ ആരാധകര്‍ സമാധാനിക്കുന്നുണ്ട്. 10,990 രുപയാണ് ഈ മോഡലിന് ഇന്ത്യയില്‍ വില. ഇത്രകുറഞ്ഞ വിലയ്ക്ക് ആന്‍ഡ്രോയ്ഡ് ഫോണ്‍ ലഭിക്കുകയെന്നത് തീര്‍ച്ചയായും നല്ല കാര്യം തന്നെ. പക്ഷേ ആന്‍ഡ്രോയ്ഡ് വെര്‍ഷനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സാംസങ് ഗാലക്‌സി 5 മോഡലിന് വില ഇതിലും രണ്ടായിരം രൂപ കുറവാണെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. എക്‌സ്‌സിഡി 28 ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്്.

ടോപ് എന്‍ഡ് സെഗ്‌മെന്റിലുള്ള എക്‌സ്‌സിഡി 35 യുടെ വില 16,990 രൂപയാണ്. സെഡ്ടിഇ ബ്ലേഡ് എന്നതാണ് ഈ ഫോണിനുള്ള മറ്റൊരു പേര്. വില കൂടുതലാണെങ്കിലും എക്‌സ്‌സിഡി 28 നേക്കാള്‍ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനില്‍ എത്രയോ മുന്നിലാണ് ഈ മോഡല്‍. ഐഫോണിനു സമാനമായ 3.5 ഇഞ്ച് സ്‌ക്രീനാണ് ഫോണിലുള്ളത്. 800 ഗുണം 480 പിക്‌സല്‍ റെസല്യൂഷന്‍, അമോലെഡ് ടച്ച് സ്‌ക്രീന്‍, 3.2 മെഗാപിക്‌സല്‍ ക്യാമറ.

ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെഡ്ടിഇ ടെലികമ്യൂണിക്കേഷന്‍ എക്യൂപ്‌മെന്റ് കമ്പനിയാണ് ഡെല്ലിന് വേണ്ടി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിച്ചുനല്‍കുന്നത്.

ഡിസംബര്‍ മാസം മുതല്‌ക്കേ ഈ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകൂ. 16,990 രുപയാണ് ഇപ്പോള്‍ വില പ്രഖ്യാപിച്ചിരുക്കുന്നതെങ്കിലും 15,000 രൂപയുടെ പ്രത്യേക ഓഫര്‍ വിലയ്ക്കാകും ഈ ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുകയെന്ന് ചില ടെക് ബ്ലോഗുകള്‍ പ്രവചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എച്ച്.ടി.സി. വൈല്‍ഡ്ഫയറിനാകും ഡെല്ലിന്റെ ഈ ഫോണ്‍ വെല്ലുവിളി സൃഷ്ടിക്കുക.