ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ ഹിറ്റ് ആയ 'ഗൂഗിള്‍ ഇന്‍സ്റ്റന്റ്' മൊബൈലിലേക്കും ചെക്കേറുന്നു. അമേരിക്കയില്‍ ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് മൊബൈലുകളിലുമാണ് ഗൂഗിള്‍ ഇന്‍സ്റ്റന്റിന്റെ ബീറ്റാ പതിപ്പ് ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുള്ളത്. ഐ ഒ എസ്സ് 4-ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ഐപോഡുകളിലും അതുപോലെ ആന്‍ഡ്രോയ്ഡ് 2.2 ഉപകരണങ്ങളിലും മാത്രമേ ഇപ്പോള്‍ ഇത് ലഭിക്കൂ എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ മാത്രം ഇപ്പോള്‍ ലഭ്യമാകുന്ന ഈ സേവനം കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി വിപുലൂകരിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.

ഗൂഗിള്‍ ഇന്‍സ്റ്റന്റിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലെ എല്ലാ സവിശേഷതകളും അടങ്ങിയത് തന്നെയാണ് മൊബൈല്‍ ഗൂഗിള്‍ ഇന്‍സ്്റ്റന്റും. സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുന്ന അക്ഷരത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ എന്താണ് അന്വേഷിക്കുന്നത് എന്നത് മുന്‍കൂറായി തന്നെ നല്‍കുന്ന സംവിധാനമാണിത്. ഓരോ അക്ഷരങ്ങളും ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് തന്നെ സെര്‍ച്ച് ഫലവും സ്‌ക്രീനില്‍ തെളിയും. എന്റര്‍ ബട്ടണിലോ അല്ലെങ്കില്‍ സെര്‍ച്ച് ബട്ടണിലോ ക്ലിക്ക് ചെയ്താലുടന്‍ അതുവരെയുള്ള അന്വേഷണ സംജ്ഞയെ അടിസ്ഥാനമാക്കിയുള്ള ഫലം ലഭ്യമാവുകയും ചെയ്യും. എന്താണ് അന്വേഷിക്കേണ്ടത് എന്ന് പൂര്‍ണമായും ടൈപ്പ് ചെയ്യതെ തന്നെ, വാക്കുകളെ മുന്‍കൂറായി നമുക്ക്് കാട്ടിത്തരുകയാണ് ഗൂഗിള്‍ ഇന്‍സ്റ്റന്റ് ചെയ്യുന്നത്.

മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനിലേക്ക് എത്തുമ്പോള്‍ സെര്‍ച്ച് ബോക്‌സിനു താഴെയുള്ള ബട്ടണ്‍ ഓണ്‍ചെയ്താല്‍ എല്ലാവര്‍ക്കും ഇത് പരീക്ഷിക്കാമെന്ന തരത്തിലാണ് അമേരിക്കയില്‍ മൊബൈലുകളില്‍ ഗൂഗിള്‍ ഇത് ലഭ്യമാക്കിത്തുടങ്ങിയിട്ടുള്ളത്. വേണ്ടങ്കില്‍ ഈ സേവനം ഓഫ് ചെയ്യുകയുമാവാം. ത്രീജി, വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇന്‍സ്റ്റന്റ് ഗൂഗിള്‍ മൊബൈല്‍ പതിപ്പ് മറ്റു രാജ്യങ്ങളിലും ലഭ്യമായിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.