സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് വിന്‍ഡോസ് സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ പുതിയ ഫോണുകളുടെ ഒരു നിര മൈക്രോസോഫ്ട് അവതരിപ്പിച്ചു. ഐഫോണിനോടും ആന്‍ഡ്രോയിഡ് ഫോണുകളോടും ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയാണ് പുതിയ നീക്കത്തിന് പിന്നില്‍.

കഴിഞ്ഞ ഏപ്രില്‍ 12 ന് മൈക്രോസോഫ്ട് അവതരിപ്പിച്ച കിന്‍ സ്മാര്‍ട്ട്‌ഫോണ്‍ എട്ടുനിലയില്‍ പൊട്ടിയിരുന്നു. വന്നതിനെക്കാള്‍ വേഗത്തില്‍ അതിന്റെ കഥ കഴിഞ്ഞു. എങ്കിലും, സ്മാര്‍്ട്ട്‌ഫോണ്‍ രംഗം അങ്ങനെ കൈവിട്ടു കളയാന്‍ മൈക്രോസോഫ്ടിന് കഴിയില്ലെന്ന് പുതിയ നീക്കം സൂചിപ്പിക്കുന്നു. 'വിന്‍ഡോസ് ഫോണ്‍ 7' എന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് മൈക്രോസോഫ്ടിന്റെ പുതിയ തുറുപ്പ് ശീട്ട്.

ആപ്പിള്‍, ഗൂഗിള്‍, ബ്ലാക്ക്ബറിയുടെ നിര്‍മാതാക്കളായ റിസെര്‍ച്ച് ഇന്‍ മോഷന്‍ (റിം), നോക്കിയ എന്നിവരാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖര്‍. മൈക്രോസോഫ്ടിന് ഈ രംഗത്ത് ഇതുവരെ കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. മുമ്പ് വിന്‍ഡോസ് മൊബൈല്‍ പുറത്തിറക്കിയിരുന്നെങ്കിലും, ആ പ്ലാറ്റ്‌ഫോമിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.അടുത്ത മൂന്ന് വര്‍ഷത്തിനകം മൊബൈല്‍ ഫോണ്‍ വിപണിയില്‍ 70 ശതമാനവും സ്മാര്‍ട്ട്‌ഫോണുകള്‍ കൈയടക്കുമെന്നാണ് പ്രവചനം. ഇക്കാര്യം മുന്നില്‍ കണ്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് മൈക്രോസോഫ്ട് വീണ്ടും കടക്കുന്നത്. കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയായി വിന്‍ഡോസ് ഫോണ്‍ 7 നെ അടിമുടി മാറ്റിയതായി മൈക്രോസോഫ്ട് അവകാശപ്പെടുന്നു.

സാംസങ്, എല്‍.ജി, എച്ച്.ടി.സി.എന്നീ ഹാന്‍സെറ്റ് നിര്‍മാതാക്കളുടെ സഹകരണത്തോടെയാണ് പുതിയ വിന്‍ഡോസ് ഫോണുകള്‍ മൈക്രോസോഫ്ട് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്.ടി.സി.സറൗണ്ട്, സാംസങ് ഫോക്കസ് തുടങ്ങിയവയൊക്കെ ആദ്യ വിന്‍ഡോസ് ഫോണ്‍ 7 ഉപകരണങ്ങളില്‍ പെടുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ഫോണുകള്‍ അമേരിക്കയില്‍ എ.ടി.ആന്‍ഡ് ടി. നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെയാണ് പുറത്തിറക്കുന്നത്. തുടക്കത്തില്‍ ഒന്‍പത് ഹാന്‍ഡ്‌സെറ്റുകളിലാണ് മൈക്രോസോഫ്ടിന്റെ പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. 30 രാജ്യങ്ങളിലായി 60 ഓപ്പറേറ്റര്‍ സര്‍വീസുകള്‍ അത് പുറത്തിറക്കും. മൈക്രോസോഫ്ടിന്റെ പുതിയ പ്ലാറ്റ്‌ഫോമിലുള്ള ആദ്യഫോണ്‍ ബ്രിട്ടനില്‍ ഒക്ടോബര്‍ 21 ന് പുറത്തിറക്കും, അമേരിക്കയില്‍ നവംബര്‍ ആദ്യവും.

കോണ്‍ടാക്ട്‌സ്, പിക്‌ചേഴ്‌സ്, ഡോക്യുമെന്റ്‌സ്, മ്യൂസിക് ആന്‍ഡ് വീഡിയോ എന്നിവയ്ക്കുള്ള ഹബ്ബുകളാകും പുതിയ ഫോണ്‍ പ്ലാറ്റ്‌ഫോമിലുണ്ടാവുക. ഫോണിലെ ഉള്ളടക്കം ഇന്റര്‍നെറ്റിലെ സംഭരണ സര്‍വീസുകളുമായോ, ഫോണ്‍ ഉടമയുടെ വീട്ടിലെ കമ്പ്യൂട്ടറുകളുമായോ സിംക്രണൈസ് ചെയ്യാന്‍ കഴിയും.

'പുതിയൊരു തുടക്കം' എന്നാണ് വിന്‍ഡോസ് ഫോണ്‍ 7 നെ, മൈക്രോസോഫ്ടിന്റെ മൊബൈല്‍ ഫോണ്‍ വിഭാഗം മേധാവി ആന്‍ഡി ലീസ് വിശേഷിപ്പിച്ചത്. വെറും 18 മാസം കൊണ്ടാണ് പുതിയ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയത്.നിലവില്‍ നോക്കിയയുടെ സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് വിപണിയില്‍ മുന്നിലെങ്കിലും, ഐഫോണുമായി ആപ്പിള്‍ വേഗം തന്നെ വിപണി കീഴടക്കിക്കഴിഞ്ഞു. അധികം വൈകാതെ ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന ഫോണുകള്‍ ഐഫോണിനെ പിന്തള്ളുമെന്നാണ് സൂചനകള്‍. കോര്‍പ്പറേറ്റ് വൃത്തങ്ങള്‍ക്ക് വെളിയിലും ബ്ലാക്ക്ബറി ഫോണുകള്‍ സ്വാധീനമുറപ്പിക്കുന്നത് റിം കമ്പനിക്കും ആത്മവിശ്വാസമേകുന്നു. എന്നാല്‍, മൈക്രോസോഫ്ടിന് ഇതിലെവിടെയും കാര്യമായ സ്ഥാനമില്ല. ആ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ നീക്കം.