ലാപ്‌ടോപ്പില്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും സാധ്യമാകുന്ന മൊബൈല്‍ ഫോണുകളെയാണ് സാധാരണയായി സ്മാര്‍ട്‌ഫോണ്‍ എന്നു വിളിക്കാറ്. ഈ നിരയില്‍ പണ്ടുതൊട്ടേ സ്ഥാനമുറപ്പിച്ച ഫോണ്‍ ആയിരുന്നു ബ്ലാക്ക്‌ബെറി. കനേഡിയന്‍ കമ്പനിയായ റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) ആണ് ബ്ലാക്ക്‌ബെറിയുടെ ഉല്പാദകര്‍. മൊബൈലിലൂടെ ഇമെയിലുകള്‍ കൈകാര്യം ചെയ്യാനാകും എന്നതായിരുന്നു ബ്ലാക്ക്‌ബെറിയുടെ ഏറ്റവും വലിയ പ്രയോജനം. മൈക്രോസോഫ്റ്റ് വേഡ്, പി.ഡി.എഫ്. ഫയലുകളും ഈ ഫോണില്‍ തുറക്കാനാവും. അതോടെ ലോകമെങ്ങുമുള്ള ഒന്നാംനിര ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ ബ്ലാക്ക്‌ബെറി സ്വന്തമാക്കാനായി പരക്കം പാഞ്ഞു. യാത്രയ്ക്കിടയിലും ബിസിനസ് കാര്യങ്ങള്‍ നടത്താം എന്നതായിരുന്നു ബ്ലാക്ക്‌ബെറിയില്‍ ഇവര്‍ കണ്ട മേന്‍മ. വളരെ പെട്ടെന്നു തന്നെ ബിസിനസ് വൃത്തങ്ങള്‍ക്കിടയിലെ സ്റ്റാറ്റസ് ചിഹ്നമായി ഈ ഫോണ്‍ മാറി.

പറഞ്ഞതത്രയും പഴങ്കഥ. ആപ്പിളിന്റെ ഐഫോണിനു മുന്നിലും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കിടിലന്‍ ഫോണുകള്‍ക്കു മുന്നിലും ബ്ലാക്ക്‌ബെറിക്ക് പിടിച്ചുനില്‍ക്കാനാവുന്നില്ലെന്നതാണ് പുതിയകാലത്തെ വാര്‍ത്ത. കാലത്തിനനുസരിച്ച് പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മടിച്ച റിം കമ്പനിയുടെ പിടിവാശി തന്നെയാണ് ഇതിനു കാരണമെന്നു പറയാതെവയ്യ. ചെറുകമ്പനികള്‍ പോലും എത്രയോവര്‍ഷങ്ങള്‍ക്കുമുമ്പ് ടച്ച്‌സ്‌ക്രീന്‍ മോഡലുകളിറക്കിയപ്പോള്‍ റിം ആ വഴിക്ക് ചിന്തിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. ബ്ലാക്ക്‌ബെറി സ്‌റ്റോം എന്ന പേരില്‍ അവരിറക്കിയ ടച്ച് മോഡല്‍ വിപണിയില്‍ ഒരു പ്രതികരണവും സൃഷ്ടിച്ചതുമില്ല.

തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട റിം കടുത്ത മത്സരത്തിനു തയ്യാറെടുക്കുകയാണെന്നതാണ് പുതിയ വാര്‍ത്ത. ആപ്പിളിന്റെ ഐഫോണിനെയും ഐപാഡിനെയും വെല്ലുന്ന ഒരു തകര്‍പ്പന്‍ ഫോണ്‍ റിമ്മിന്റെ പണിപ്പുരയില്‍ ഒരുങ്ങുകയാണത്രേ. സ്‌ലൈഡ് ഔട്ട് കീബോര്‍ഡുള്ള ഒരു ടച്ച്‌സ്‌ക്രീന്‍ ഫോണായിരിക്കും ഇതെന്ന് മൊബൈല്‍ഫോണ്‍ വിദഗ്ധര്‍ അനുമാനിക്കുന്നു. ബ്ലാക്ക്‌ബെറിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഓടുന്ന ഈ ഫോണിന്റെ പ്രവര്‍ത്തനരീതികള്‍ക്ക് ഐേഫാണിനോടു സാമ്യമുണ്ട്. ഏപ്രിലില്‍ നടന്ന റിം ഇന്‍വെസ്‌റ്റേഴ്‌സ് േകാണ്‍ഫ്രന്‍സില്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റം പ്രദര്‍ശിപ്പിച്ചിരുന്നു.

വിരല്‍ത്തുമ്പ് കൊണ്ട് ഫോണിലെ ചിത്രങ്ങള്‍ സൈ്വപ്പ് ചെയ്യാനും ഓരോ ആവശ്യങ്ങള്‍ക്കായി പ്രത്യേകം ഹോംസ്‌ക്രീനുകള്‍ സജ്ജമാക്കാനുമുള്ള ഐഫോണിലെ സൗകര്യം ഇതിലുമുണ്ടാകും. ഫോണിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാനും ഓണ്‍ലൈനായി അയക്കാനും സൗകര്യമൊരുക്കുന്ന യൂണിവേഴ്‌സല്‍ സേര്‍ച്ച് ബാര്‍ ഓപ്ഷനും ഇതിലുണ്ടാകും. നാല് ജി.ബി. സ്‌റ്റോറേജ് ശേഷിയും അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുമാകും പുതിയ ഫോണിലുണ്ടാകുക. ഫോണിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ വേഗവും കാര്യശേഷിയും കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും റിമ്മിന്റെ പരിഗണനയിലുണ്ട്. പുതിയ ഫോണിക്കുറിച്ച് റിം ഇതുവരെ ഔദ്യോഗികമായി ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ ലോകത്തും ബ്‌ളോഗുകളിലും ഇതേക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പുതിയ ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ പോകുന്നവരോട് ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കനാണ് ബ്‌ളോഗര്‍മാരുടെ ഉപദേശം. ബ്ലാക്ക്‌ബെറിയുടെ പുതിയ േമാഡല്‍ കൂടി വിപണിയിലെത്തിയ ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് ഇവര്‍ പറയുന്നു. ഊഹാപോഹങ്ങളോടു പ്രതികരിക്കാനില്ലെന്നായിരുന്നു പുതിയ ഫോണിന്റെ സവിശേഷതകളെക്കുറിച്ച് ചോദിച്ചപ്പോള്‍ റിം കമ്പനി വക്താക്കളുടെ പ്രതികരണം. പക്ഷേ, അവര്‍ ഒരുകാര്യം സമ്മതിക്കുന്നുണ്ട്, ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡല്‍ സെപ്തംബറില്‍ വിപണിയിലെത്തും, ഇതുവരെ ഇറങ്ങിയ എല്ലാ ഫോണുകളെയും വെല്ലുന്ന സൗകര്യങ്ങളും സംവിധാനങ്ങളും അതിലുണ്ടാകുകയും ചെയ്യും!