ബാംഗ്ലൂര്‍: സുരക്ഷാകാരണങ്ങളാല്‍ ഇനി ബ്ലാക്‌ബെറി സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചാലും ഭയക്കേണ്ടതില്ല. അതേ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ 'ഭാരത് ബെറി' (Bharat Berry) സഹായിക്കും. ബ്ലാക്‌ബെറി ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഇമെയില്‍, മെസഞ്ചര്‍ സംവിധാനങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി ലഭ്യമാക്കുന്ന സോഫ്ട്‌വേര്‍ ആപ്ലിക്കേഷനാണിത്. ജയ്പുര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഡാറ്റാ ഇന്‍ഫോസിസ്' ആണ് ഭാരത് ബെറി വികസിപ്പിച്ചത്.

ബ്ലാക്‌ബെറിയുടെ ഇമെയില്‍, മെസഞ്ചര്‍ സേവനങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് പരിശോധിക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അതിനുള്ള സംവിധാനം ബ്ലാക്‌ബെറി സൃഷ്ടിച്ചിട്ടില്ല. ജനവരിക്കുള്ളില്‍ ഇത് നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പരിശോധിക്കാനാവാത്തവിധം എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന ബ്ലാക്‌ബെറിയുടെ ഇമെയില്‍, മെസഞ്ചര്‍ സേവനങ്ങള്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് തീവ്രവാദികള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ബ്ലാക്‌ബെറിയുടെ മേല്‍ പിടിമുറുക്കിയത്.

അനിവാര്യ ഘട്ടങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇടപെടത്തക്ക രീതിയിലാണ് ഭാരത് ബെറി വികസിപ്പിച്ചിരിക്കുന്നതെന്ന് ഡാറ്റാ ഇന്‍ഫോസിസ് മേധാവി അജയ് ദത്ത പറഞ്ഞു. ഇതിന്റെ ഇമെയില്‍ സെര്‍വര്‍ ഇന്ത്യയില്‍ത്തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ബ്ലാക്‌ബെറിക്കൊത്ത സുരക്ഷയും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബ്ലാക്‌ബെറി മോഡലുകളിലും ഇത് പ്രവര്‍ത്തിക്കും.

www.bharatberry.com എന്ന വെബ്‌സൈറ്റില്‍നിന്ന് ഇത് ഡൗണ്‍ലോഡു ചെയ്യാം. കോണ്‍ടാക്ട്‌സ്, കലണ്ടര്‍ എന്നിവ മാത്രം ഈ ഭാരത് ബറി വഴി സിംങ്ക്രണൈസ് ചെയ്യാന്‍ മാസം 50 രൂപയാണ് ചാര്‍ജ്. അതിനൊപ്പം ഇമെയില്‍ കൂടിയാകുമ്പോള്‍ ചെലവ് മാസം 100 രൂപ ആകും.

ഇന്ത്യയില്‍ നിലവില്‍ പത്തുലക്ഷം ബ്ലാക്ക്ബറി ഉപഭോക്താക്കളുണ്ട്. അവരുടെ മെസേജ്, ഇമെയില്‍ സര്‍വീസുകള്‍ സുരക്ഷാഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ കഴിയാത്തതിനാല്‍, ആ സേവനങ്ങള്‍ നിരോധിക്കപ്പെടുമോ എന്ന ആശങ്കയിലായിരുന്നു, ബ്ലാക്ക്ബറി ഫോണ്‍ ഉപയോഗിക്കുന്നവര്‍. എന്നാല്‍, ഭാരത് ബറി ആ ആശങ്ക അകറ്റുന്നു.

ഇപ്പോള്‍ ബ്ലാക്‌ബെറികളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ എല്ലാ സിമ്പിയന്‍, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് മൊബൈല്‍, ജെടുഎംഇ സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തിക്കുന്ന പതിപ്പ് ഒരു മാസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നും അജയ് ദത്ത പറഞ്ഞു.