എംഐ 3 എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായാണ് ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമി ഇന്ത്യയിലെത്തിയത്. ഫ് ളിപ്കാര്‍ട്ടില്‍ വില്പനയ്ക്ക് വെച്ച് ആദ്യസെക്കന്‍ഡുകളില്‍ തന്നെ ആയിരക്കണക്കിന് എംഐ 3 ഫോണുകള്‍ വിറ്റഴിഞ്ഞതോടെ ഷവോമി എന്ന ബ്രാന്‍ഡ് ചര്‍ച്ചയായി. പിന്നീടിറക്കിയ റെഡ്മി 1 എസ്എന്ന മോഡലാകട്ടെ വില്പനയില്‍ ചരിത്രം തന്നെ സൃഷ്ടിച്ചു. റെഡ്മി നോട്ട് എന്ന മോഡലാണ് ഷവോമി പിന്നീട് ഇന്ത്യക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. റെഡ്മി നോട്ടിനും നല്ല സ്വീകാര്യത ലഭിച്ചതോടെ ഇന്ത്യന്‍വിപണിയില്‍ സാംസങിനും മൈക്രോമാക്‌സിനുമൊപ്പം സ്ഥാനം പിടിക്കാന്‍ ഷവോമിക്ക് സാധിച്ചു. യൂസര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന പേരിലും പേറ്റന്റ് ലംഘനത്തിന്റെ കാര്യത്തിലും ഷവോമിക്കെതിരെ ഇന്ത്യയില്‍ ചില നടപടികളുണ്ടായെങ്കിലും, അവരുടെ ഫോണുകളുടെ ജനപ്രീതിക്ക് ഇടിവ് സംഭവിച്ചില്ല.
എല്ലാ ചൊവ്വാഴ്ചയും ഫ് ളിപ്കാര്‍ട്ടിലൂടെ നടക്കുന്ന ഷവോമി സെയിലിനായി പതിനായിരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുകയാണ്. ചൈന കഴിഞ്ഞാല്‍ ഷവോമിയുടെ ഏറ്റവും വലിയ വിപണിയായി നമ്മുടെ രാജ്യം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നാലാമതൊരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ഷവോമി. എംഐ 4 ( Xiaomi Mi4 ) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ ജനവരി 28 മുതല്‍ ഇന്ത്യയില്‍ ലഭിച്ചുതുടങ്ങും. മുന്‍മോഡലുകളെ പോലെ ഫ് ളിപ്കാര്‍ട്ടിലൂടെ തന്നെയായിരിക്കും ഇതിന്റെയും വില്പന. കഴിഞ്ഞവര്‍ഷം ജൂലായില്‍ ചൈനയില്‍ അവതരിപ്പിച്ച എംഐ 4 ആറുമാസത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. 1920X1080 പിക്‌സല്‍ അഞ്ചിഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിലേത്. കോര്‍ണിങ് ഗ്ലാസ് 3 കൊണ്ട് നിര്‍മിച്ച സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 441 പിക്‌സല്‍സ് പെര്‍ ഇഞ്ച് (പി.പി.ഐ) ആണ്.
2.5 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറും മൂന്ന് ജിബി റാമുമാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഷവോമിയുടെ സ്വന്തം എം.ഐ. യൂസര്‍ഇന്റര്‍ഫേസുമുണ്ട്. 16 ജിബി, 64 ജിബി എന്നിങ്ങനെ ഇന്റേണല്‍ സ്്‌റ്റോറേജ് ശേഷിയുള്ള രണ്ട് വെര്‍ഷനുകള്‍ എംഐ 4 നുണ്ട്. ക്യാമറാപ്രേമികളെയും സെല്‍ഫി പ്രേമികളെയും എംഐ4 ഒരുപോലെ സന്തോഷിപ്പിക്കും. എല്‍ഇഡി ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. സോണി ഐഎംഎക്‌സ് 214 ബിഎസ്‌ഐ സെന്‍സറാണ് പിന്‍ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍ക്യാമറയിലാകട്ടെ സോണിയുടെ തന്നെ എക്‌സ്‌മോര്‍ ആര്‍ സെന്‍സറും. കണക്ടിവിറ്റിക്ക് 4ജി അടക്കമുളള എല്ലാ സംവിധാനങ്ങളുമുള്ള എംഐ 4 ല്‍ 3080 എംഎഎച്ച് ബാറ്ററിയാണുള്ളത്. 149 ഗ്രാമാണ് ഫോണിന്റെ ഭാരം. ജനവരി 28 ന് ഫ് ളിപ്കാര്‍ട്ടില്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ മാത്രമേ എംഐ 4ന്റെ ഇന്ത്യയിലെ വില ഷവോമി വെളിപ്പെടുത്തൂ. 1799 യുവാന്‍ (17,838 രൂപ) ആണ് ചൈനയില്‍ ഈ ഫോണിന്റെ വില. ഇന്ത്യയില്‍ 15,000 റേഞ്ചിലായിരിക്കും വിലയെന്ന് പ്രതീക്ഷിക്കുന്നു (ചിത്രങ്ങള്‍ കടപ്പാട്: Pocketnow )