ഒരു വിശാലമായ സാങ്കല്‍പ്പിക ലോകത്തുള്ള കഥാപാത്രത്തെ നമ്മുടെ ഇഷ്ടത്തിനനുസരിച്ചു നിയന്ത്രിക്കുകയും നമ്മുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചു കഥ മുന്നോട്ട് പോകുന്നതുമായ തരത്തിലുള്ള ഗെയിമുകളെയാണ് റോള്‍ പ്ലെയിങ് ഗെയിംസ് (Role Playing Games) അല്ലെങ്കില്‍ ആര്‍.പി.ജി(RPG) ഗെയിംസ് എന്ന് പറയുന്നത്. ആര്‍.പി.ജി ഗെയിംസിനെപ്പറ്റി പറയുമ്പോള്‍ 2011ല്‍ ബെഥേസ്ഡ (Bethesda) എന്ന ഗെയിമിംഗ് കമ്പനി ഇറക്കിയ എല്‍ഡര്‍ സ്‌ക്രോള്‍സ് ഫൈവ് : സ്‌കൈറിം(The Elder Scrolls V : Skyrim) എന്ന ഗെയിമിനെക്കുറിച്ചു പറയാതിരിക്കാന്‍ കഴിയില്ല. കാരണം ആര്‍.പി.ജി ഗെയിമുകളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു ഗെയിം ആയിരുന്നു അത്.

ഈ ഗെയിമിലെ കഥ നടക്കുന്നത്  സ്‌കൈറിം (Skyrim) എന്ന സാങ്കല്‍പ്പിക സ്ഥലത്തു വെച്ചാണ്. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പടയാളികള്‍ നമ്മളെ പിടിച്ചു കൊണ്ട് വരുന്നിടത്താണ് കഥ തുടങ്ങുന്നത്. അധികം വൈകാതെ അവിടെ ഒരു ഡ്രാഗണ്‍ ആക്രമണം നടത്തും. ആ ബഹളത്തിന്റെ ഇടക്ക് നമ്മള്‍ അവിടെ നിന്ന് രക്ഷപെടും. ഒരുപാട്  വര്‍ഷങ്ങളായി ഭൂമിയില്‍ ഡ്രാഗണ്‍സിന്റെ ശല്യം ഉണ്ടായിട്ടില്ല, അത് കൊണ്ട് തന്നെ ജനങ്ങള്‍ ഡ്രാഗണ്‍സ് എന്നത് വെറും കെട്ടുകഥ ആണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയിരുന്ന സമയത്താണ് ആ ആക്രമണം നടന്നത്. 

The Elder Scrolls V: Skyrim, Reviews

അതിന് ശേഷം  പലയിടത്തായി പല ഡ്രാഗണുകള്‍ ആക്രമണം നടത്തിയതായി നമുക്ക് അറിയാന്‍ കഴിയും. അങ്ങിനെ ഒരു ഡ്രാഗണിനെ നമുക്ക് കൊല്ലേണ്ടതായി വരും. സാധാരണക്കാര്‍ക്ക് ഡ്രാഗണ്‍സിനെ കൊല്ലാന്‍ കഴിയില്ല. നമുക്ക് എന്തോ മാന്ത്രിക ശക്തി ഉള്ളത് കൊണ്ടാണ് ആ ഡ്രാഗണിനെ കൊല്ലാന്‍ കഴിഞ്ഞത്. അപ്പോള്‍ ഡ്രാഗണ്‍സിന്റെ അപ്രതീക്ഷിതമായ തിരിച്ചു വരവിനും നമ്മുടെ രഹസ്യ ശക്തിക്കും തമ്മില്‍ എന്തോ ബന്ധം ഉണ്ടെന്ന് നമുക്കും ബാക്കി ഉള്ളവര്‍ക്കും ബോധ്യപ്പെടും. അത് എന്താണെന്ന് കണ്ടെത്താനുള്ള നമ്മുടെ ശ്രമം ആണ് ബാക്കി ഗെയിം മുഴുവന്‍.

ഡ്രാഗണ്‍സിന്റെ വരവിന്റെ ഉദ്ദേശവും കാരണവും കണ്ടെത്തലാണ് ഏറ്റവും പ്രധാന മിഷന്‍ എങ്കിലും ഒരുപാട് ഒരുപാട് സൈഡ് മിഷനുകളും ഈ ഗെയിമിലുണ്ട്. സ്‌കൈറിമിനെ സ്‌കൈറിം ആക്കുന്നത് തന്നെ ഈ സൈഡ് മിഷനുകള്‍ ആണ്. ആഴ്ചകള്‍ ഇരുന്ന് എല്ലാ സൈഡ് മിഷനുകള്‍ തീര്‍ക്കാന്‍ ശ്രമിച്ചാലും നമ്മുടെ കണ്ണില്‍ പെടാത്തത് കുറേ അപ്പോഴും ബാക്കി ഉണ്ടാവും. അതും പല രീതിയില്‍ ഉള്ള സൈഡ് മിഷനുകള്‍ ആണുള്ളത്, ഓരോ സൈഡ് മിഷന്‍ ചെയ്യുമ്പോഴും എവിടെയാണ് നമ്മള്‍ എത്തിപ്പെടുന്നത് എന്നും എങ്ങിനെയാണ് അത് തീരാന്‍ പോവുന്നത് എന്നും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. 

The Elder Scrolls V: Skyrim, Reviews

ആളുകളെ കൊല്ലാന്‍ കരാര്‍ വാങ്ങി അത് നടപ്പിലാക്കുന്ന ഡാര്‍ക്ക് ബ്രദര്‍ഹുഡ് മുതല്‍ മോഷണം തൊഴിലാക്കിയ കള്ളന്മാരുടെ സംഘത്തില്‍ വരെ നമുക്ക് ചേരാന്‍ കഴിയും. ഇങ്ങിനെ ചേരുന്നിടത്ത് മിക്കയിടത്തും അവസാനം അതിന്റെ നേതാവ് ആയി നമ്മള്‍ മാറാറാണ് പതിവ്. ഓരോ മിഷനും എപ്പോ എങ്ങിനെ ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാം, വേണമെങ്കില്‍ സൈഡ് മിഷനുകള്‍ എല്ലാം തീര്‍ത്തിട്ട് മാത്രം പ്രധാന മിഷന്‍ ചെയ്യാം. അല്ലെങ്കില്‍ പ്രധാന മിഷന്‍ തീര്‍ത്തിട്ട് സൈഡ് മിഷനുകള്‍ ചെയ്യാം, അതുമല്ലെങ്കില്‍ മാറി മാറി വേണമെങ്കിലും ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയും.

ചില മിഷനുകളില്‍ നമുക്ക് ശത്രുക്കളേയും മിത്രങ്ങളേയും തിരഞ്ഞെടുക്കാന്‍ സാധിക്കും, ഉദാഹരണത്തിന് വാമ്പയര്‍മാരും (Vampire) വാമ്പയര്‍ വേട്ടക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ മിഷനില്‍ നമുക്ക് വേണമെങ്കില്‍ വാമ്പയര്‍ ആയി മാറി വാമ്പയറുമാരുടെ കൂടേയും കൂടാം അല്ലെങ്കില്‍ വാമ്പയര്‍ വേട്ടക്കാരുടെ കൂടെ വേട്ടക്കാരനായും ചേരാം.

The Elder Scrolls V: Skyrim, Reviews

പല രീതിയിലുള്ള യുദ്ധമുറകളാണ് ഈ ഗെയിമില്‍ ഉള്ളത്. മറ്റു മിക്ക ഗെയിമുകളിലെയും പോലെ ഒരു രീതിയുള്ള യുദ്ധരീതി മാത്രം സെലക്റ്റ് ചെയ്തു മുന്നോട്ടു പോവുന്ന രീതി ഇതിലില്ല. ഇതില്‍ എപ്പോള്‍ വേണമെങ്കിലും നമുക്ക് ഇഷ്ട്ടമുള്ള രീതിയില്‍ യുദ്ധം ചെയ്യാന്‍ കഴിയും. ഏറ്റവും കൂടുതല്‍ സമയം നമ്മള്‍ ഉപയോഗിക്കുന്നത് ഏത്  യുദ്ധ രീതിയാണോ അതില്‍  നമ്മള്‍ കൂടുതല്‍ അഗ്രഗണ്യനാകും എന്ന് മാത്രം. 

മാന്ത്രിക ശക്തിയും, വാള്‍ കൊണ്ടുള്ള യുദ്ധരീതിയും, അമ്പെയ്ത്തും ഒക്കെ നമുക്കിതില്‍ ഉപയോഗിക്കാന്‍ കഴിയും. യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളും പടച്ചട്ടകളും ഒക്കെ നമുക്ക് തന്നെ ഉണ്ടാക്കി എടുക്കാനും അല്ലെങ്കില്‍ പണം കൊടുത്തു മേടിക്കാനും അതുമല്ലെങ്കില്‍ ഭീകരജീവികളുടെ കയ്യില്‍ നിന്നും അതൊക്കെ നേടിയെടുക്കാനും സാധിക്കും. വളരെ വലിയ ലോകമാണ് ഈ ഗെയിമില്‍ ഒരുക്കിയിരിക്കുന്നത് അത് കൊണ്ട് തന്നെ   മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ നമുക്ക് കുതിരയേയോ കുതിര വണ്ടിയെയോ ആശ്രയിക്കേണ്ടി വരും. 

The Elder Scrolls V: Skyrim, Reviews

കഥയുടെ ഇടക്ക് നമുക്ക് സഹായത്തിനായി പലരെയും ലഭിക്കും, അവരെ കൂടെ പോകണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനം ആണ്, അവര്‍ നമ്മളെ യുദ്ധത്തില്‍ സഹായിക്കുകയും നമ്മുടെ കയ്യിലുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വെക്കുകയും ആവശ്യം ഉള്ളപ്പോള്‍ തരുകയും ഒക്കെ ചെയ്യും.  വീട് വാങ്ങാനും വിവാഹം കഴിക്കാനും വരെ  ഈ ഗെയിമില്‍ നമുക്ക് കഴിയും.

പ്ലേസ്റ്റേഷനിലും എക്‌സ്‌ബോക്‌സിലും പിസിയിലും ഈ ഗെയിം ലഭ്യമാണ്. ആമസോണ്‍ പോലെയുള്ള സൈറ്റുകളില്‍ നിന്നോ സ്റ്റീം പോലെയുള്ള ക്ലയന്റില്‍ നിന്നോ ഈ ഗെയിം വാങ്ങാവുന്നതാണ്. ഈ ഗെയിമിന്റെ പല വേര്‍ഷനുകള്‍ ഇറങ്ങിയിട്ടുള്ളത് കൊണ്ട് പല വിലയാവും അതിനുണ്ടാവുക, എങ്കിലും ഏകദേശം  ആയിരത്തി അഞ്ഞൂറ് രൂപയാണ് പൊതുവേയുള്ള വില. 

ഏതൊരു ഗെയിമറും ഉറപ്പായും കളിച്ചിരിക്കേണ്ട ഒരു ഗെയിം ആണ് സ്‌കൈറിം. മാസങ്ങളോളം സമയം ചിലവഴിക്കാന്‍ ഈ ഒരു ഗെയിം മാത്രം മതിയാവും.