നവംബര്‍ 30 മുതലാണ് ഇന്ത്യന്‍ ഗെയിമിങ് വിപണി ഏറെ കാത്തിരിക്കുന്ന ഫൗജി എന്ന ഇന്ത്യന്‍ നിര്‍മിത ഷൂട്ടര്‍ ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ രജിസ്‌ട്രേഷനായി ലഭ്യമാക്കിയത്. ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന റെക്കോര്‍ഡ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫൗജി സ്വന്തമാക്കി.
പത്ത് ലക്ഷത്തിലധികം പേര്‍ ഫൗജിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ട്വിറ്ററിലൂടെയാണ് ഗെയിം ഡെവലപ്പര്‍മാരായ എന്‍കോര്‍ ഗെയിംസ് അറിയിച്ചത്. വരും ദിവസങ്ങളില്‍ എണ്ണം വര്‍ധിക്കുമെന്നും കമ്പനി പറയുന്നു.
നേരത്തെ ഒക്ടോബറില്‍ ഗെയിം പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും അത് വൈകിപ്പിക്കുകയായിരുന്നു. അതിനിടെ ഗെയിമിന്റെ ഒരു ട്രെയ്‌ലര്‍ പുറത്തുവിട്ടു. പ്രീ രജിസ്‌ട്രേഷന്‍ തുടങ്ങിയെങ്കിലും ഗെയിം പുറത്തിറക്കുന്ന കൃത്യമായ തീയ്യതി എന്‍ കോര്‍ ഗെയിംസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ് : ഗാര്‍ഡ്‌സ് എന്നാണ് ഫൗ-ജി എന്ന പേരിന്റെ മുഴുവന്‍ രൂപം. ഒരു ഫസ്റ്റ് പ്ലെയര്‍ ഷൂട്ടര്‍ ഗെയിം ആണിത്. പബ്ജിയുടെ നിരോധനത്തിന് പിന്നാലെ കൊട്ടിഗ്‌ഘോഷിച്ച് പ്രഖ്യാപിക്കപ്പെട്ട ഫൗജി ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്കിടയില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പബ്ജിയോട് മത്സരിക്കാന്‍ ഫൗജി ശ്രമിക്കുന്നില്ലെന്ന് എന്‍ കോര്‍ ഗെയിംസ് സ്ഥാപകനായ വിശാല്‍ ഗൊണ്ടാല്‍ പറഞ്ഞു.
ഫസ്റ്റ് പ്ലെയര്‍ ഷൂട്ടര്‍ ഗെയിം ആണെങ്കിലും പബ്ജിയെ പോലെ ഫൗജി ഒരു ബാറ്റില്‍ റൊയേല്‍ ഗെയിം ആണെന്ന് കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല. ഇന്ത്യന്‍ സായുധ സേനകളുടെ ചില സുപ്രധാന പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള സന്ദര്‍ഭങ്ങളാണ് ഫൗജിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ കൃത്യമായൊരു തിരക്കഥ അടിസ്ഥാനമാക്കിയാവും ഈ ഗെയിം. എന്നാല്‍ ബാറ്റില്‍ റൊയേല്‍ മോഡ് പിന്നീട് ചേര്‍ക്കാനും സാധ്യതയുണ്ട്.
അതേസമയം, പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരികെ വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പബ്ജിയുടെ നിര്‍മാതാക്കളായ ദക്ഷിണ കൊറിയന്‍ കമ്പനി പബ്ജി കോര്‍പറേഷന്‍ ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് നേരിട്ട് ഗെയിം ഇന്ത്യയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേക പതിപ്പ് അവതരിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: record registration for fau-g more than one million downloads within first 24 hours