ഭാരതി എയർടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈൽ ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്.  ഇന്ത്യൻ വിപണിയിൽ ഗെയിം തിരികെ കൊണ്ടുവരാൻ കമ്പനി റിലയൻസ് ജിയോയുമായി ചർച്ച നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .

എന്നാൽ ജിയോയുമായി ചർച്ചകൾ അവസാനിച്ചു എന്നും നിലവിൽ ഗെയിം വിപണിയിൽ കൊണ്ടുവരുന്നതിന് എയർടെല്ലുമായി പ്രാരംഭ ചർച്ചകൾ തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

ഈ വർഷം സെപ്റ്റംബർ രണ്ടിനായിരുന്നു കേന്ദ്ര സർക്കാർ പബ്ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾക്ക്  നിരോധനം ഏർപ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി. എന്നാൽ പിന്നീട് കമ്പനി ചൈനയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. 

ഇതിന് ശേഷമാണ് കമ്പനി ഇപ്പോൾ എയർടെല്ലുമായി ചർച്ചകൾ നടത്തുന്നത്.   എയർടെലും പബ്​ജി കോർപ്പറേഷനും തമ്മിൽ പബ്​ജി മൊബൈലിന്റെ  വിതരണാവകാശം കൈമാറുന്നതിനെ കുറിച്ചാണ് ചർച്ചകൾ.

ഇന്ത്യൻ വിപണിയിൽ എന്തു വിലകൊടുത്തും തിരിച്ചെത്തുക എന്ന ലക്ഷ്യത്തിനാണ് പബ്ജി കഠിനമായി പരിശ്രമിക്കുന്നത് എന്ന് എന്റാക്കർ റിപ്പോർട്ട് ചെയുന്നു. ഇതിന്റെ പുറമെ പബ്ജി ഒരു പുതിയ ടീം രൂപീകരിക്കുന്നുണ്ടെന്നും 4 മുതൽ 6 വർഷം വരെ ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ള ആളുകളുടെ അഭിമുഖം കമ്പനി നടത്തുന്നു എന്നും എന്റാക്കർ വെളിപ്പെടുത്തി.

Content highlights: PUBG Mobile trying to enter India with Airtel’s help