2009-ല്‍ റാഡിക്കല്‍ എന്റര്‍ടെയ്ന്‍മെന്റ് (Radical Entertainment) എന്ന ഗെയിമിംഗ് കമ്പനി റിലീസ് ചെയ്ത ഗെയിം ആയിരുന്നു പ്രോട്ടോടൈപ്പ് (Prototype). വളരെ പുതുമയുള്ള രീതിയുള്ള ഗെയിംപ്ലേ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അത് വളരെ പെട്ടെന്ന് ഹിറ്റ് ആയി. അതിന്റെ രണ്ടാം ഭാഗമായ പ്രോട്ടോടൈപ്പ് 2 (Prototype 2) റിലീസ് ആകുന്നത് 2012-ലാണ്. ആദ്യത്തെ ഗെയിമില്‍ നായകന്‍ ആയിരുന്ന അലക്‌സ് മേഴ്സര്‍ ആണ് രണ്ടാമത്തെ ഗെയിമിലെ വില്ലന്‍, അത് കാരണം ഒരുപാട് വിമര്‍ശനങ്ങള്‍ രണ്ടാം ഭാഗത്തിന് നേരിടേണ്ടതായി വന്നു.
 
പട്ടാളക്കാരനായ ജെയിംസ് ഹെല്ലര്‍ ആണ് ഈ ഗെയിമിലെ നായകന്‍. നാട്ടില്‍ മുഴുവന്‍ മാരകമായ വൈറസ് പടര്‍ത്തിയ അലക്‌സ് മെഴ്‌സറെ തടയാന്‍ ജെയിംസ് ശ്രമിക്കുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്. ആ യുദ്ധത്തിന് ഇടക്ക് വെച്ച് അലക്‌സ് ജെയിംസിന് അദ്ദേഹത്തിന്റെ ശക്തി പകര്‍ന്നു കൊടുക്കും, അത് എങ്ങിനെ സംഭവിച്ചു എന്നോ എന്തിനെന്നോ നമുക്ക് അറിയില്ല, അത് കണ്ടെത്താനുള്ള ശ്രമമാണ് ബാക്കി ഗെയിം മുഴുവന്‍.
prototype
അതിരുകളില്ലാത്ത ശക്തിയാണ് അലക്‌സിനും ജെയിംസിനും ഒക്കെയുള്ളത്, ട്രെയിനിനേക്കാള്‍ വേഗത്തില്‍ ഓടാനും കെട്ടിടങ്ങളേക്കാള്‍ ഉയരത്തില്‍ ചാടാനും പറക്കാനും ഒക്കെ കഴിയുന്നത് അവയില്‍ ചിലത് മാത്രം. ഗെയിമിന്റെ പ്രധാന സവിശേഷതയും ഈ കഴിവുകളാണ്. ഗെയിം മുന്നോട്ട് നീങ്ങും തോറും കയ്യില്‍ നിന്ന് പല തരം ആയുധങ്ങള്‍ നിര്‍മിക്കാന്‍ നമുക്ക് കഴിയും, അതില്‍ ഓരോന്നിനും ഓരോ ഉപയോഗങ്ങള്‍ ആണുള്ളത്. വടം പോലെയുള്ള ആയുധം ഉപയോഗിച്ച് ഹെലികോപ്റ്ററുകള്‍ വലിച്ചു താഴെയിടാം, ചുറ്റിക പോലെയുള്ള ആയുധം കൊണ്ട് ടാങ്കറുകള്‍ അടിച്ചു നിരത്താം, അതേ പോലെ സാധാരണ പട്ടാളക്കാരുടെ കയ്യിലുള്ള ആയുധങ്ങള്‍ കവര്‍ന്ന് എടുത്ത് അതുപയോഗിച്ചു വേണമെങ്കിലും നമുക്ക് യുദ്ധം ചെയ്യാം.
 
നമ്മുടെ ശക്തികളില്‍ മിക്കതും യുദ്ധത്തിനായി ഉള്ളതാണെങ്കിലും ആരും അറിയാതെ നിശബ്ദമായും നമുക്ക് പോകാന്‍ കഴിയും. അതിന് പ്രധാനമായും സഹായിക്കുന്ന ശക്തിയാണ് ആളുകളെ കൊന്ന് അവരുടെ രൂപം എടുക്കാനുള്ള കഴിവ്. അങ്ങിനെ അവരുടെ രൂപം എടുക്കുമ്പോള്‍ അവരുടെ ഓര്‍മകളും കഴിവുകളും നമുക്ക് ലഭിക്കും. കഥയുടെ ചുരുളുകള്‍ നമ്മള്‍ അഴിക്കുന്നത് ഇങ്ങിനെയാണ്. 
prototype
ഗെയിമിനെ മൂന്നു സിറ്റികളിലായാണ് തിരിച്ചിരിക്കുന്നത്. കഥ മുന്നോട്ട് പോവും തോറും മറ്റു സിറ്റികളിലേക്ക് പോവാന്‍ കഴിയും. ഒരുപാട് സൈഡ് മിഷനുകളും ഇതിലുണ്ട്, സൈഡ് മിഷനുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയാല്‍ വളരെ പെട്ടെന്ന് നമ്മളുടെ ശക്തികളുടെ ലെവല്‍ നമുക്ക് കൂട്ടാന്‍ സാധിക്കും. ഇങ്ങിനെയൊക്കെ ആണെങ്കിലും ആരെ എങ്കിലും കൊല്ലുകയോ അല്ലെങ്കില്‍ ഏതെങ്കിലും പട്ടാള ക്യാമ്പില്‍ ഒളിച്ചു കടന്ന് എന്തെങ്കിലും രഹസ്യം കണ്ടെത്തുകയോ ആണ് മിക്ക മിഷനിലും ചെയ്യേണ്ടി വരുക. അതുകൊണ്ട് തന്നെ കുറേ കളിച്ചു കഴിയുമ്പോള്‍ മടുക്കാന്‍ സാധ്യതയുണ്ട്.
 
പിസിയിലും എക്‌സ്‌ബോക്‌സിലും പ്ലേസ്റ്റേഷനിലും ഈ ഗെയിം ലഭ്യമാണ്. ആമസോണ്‍ പോലെയുള്ള സൈറ്റ് വഴി ഈ ഗെയിം വാങ്ങി കളിക്കാവുന്നതാണ്. കഥ അത്ര മെച്ചമുള്ളതല്ലെങ്കിലും മനോഹരമായ ഗെയിംപ്ലേ ഒന്ന് കൊണ്ട് മാത്രം ഈ ഗെയിം തീര്‍ച്ചയായും കളിച്ചിരിക്കേണ്ട ഒന്നാണ്...