ജിറ്റിഎ(GTA) സീരിസ് പോലെയുള്ള പ്രശസ്തമായ ഗെയിമുകള്‍ ഡെവലപ്പ് ചെയ്ത റോക്സ്റ്റാര്‍ (Rockstar) എന്ന കമ്പനിയാണ് എല്‍.എ. നൊവര്‍ (L.A. Noire) എന്ന ഈ ഗെയിമും 2011ല്‍ ഇറക്കിയത്. ഏകദേശം 1940 കാലഘട്ടത്തില്‍ ആണ് ഇതിലെ കഥ നടക്കുന്നത്, അത് കൊണ്ട് തന്നെ കാറും ആയുധങ്ങളും എല്ലാം ആ കാലഘട്ടത്തിലേത് ആണ്.

സാധാരണ ഗെയിമുകളില്‍ നിന്ന് ഒരുപാട് വ്യത്യസ്തമായ രീതിയിലാണ് ഈ ഗെയിം നിര്‍മ്മിച്ചിരിക്കുന്നത്. കോള്‍ എന്ന പോലീസുകാരന്റെ ജീവിതമാണ് ഇതിലെ കഥ. സത്യസന്ധനും ജോലിയില്‍ ആത്മാര്‍ത്ഥയുള്ളവനുമാണ് കോള്‍. കള്ളന്മാരെയൊക്കെപ്പിടിച്ചു നാട് നന്നാക്കണം എന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്, പക്ഷെ അധികം വൈകാതെ തന്നെ ആ ഒരു ദൗത്യം എത്രത്തോളം ദുര്‍ഘടം പിടിച്ചതാണെന്നു അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞു, കാരണം അഴിമതിക്കാരും കള്ളന്മാരുമായ മേലുദ്യോഗസ്ഥര്‍ ആണ് കോളിനെ വരവേല്‍ക്കുന്നത്. അഴിമതിയുടെ കറ പുരണ്ട സമൂഹത്തില്‍ ഒരു സത്യസന്ധനായ വ്യക്തി എത്ര നിസ്സഹായനാണ് എന്നതാണ് ഈ ഗെയിമിന്റെ കഥ നമ്മളെ പഠിപ്പിക്കുന്നത്, ഗെയിമിംഗ് രംഗത്ത്  അത് വളരെ വ്യത്യസ്തമായ ഒരു കാര്യം കൂടിയാണ്, കാരണം പൊലീസുകാരനായ നായകന്‍ നാട്ടിലെ മുഴുവന്‍ ഗുണ്ടകളെയും വെടി വെച്ച് കൊന്ന് നാട് നന്നാക്കുന്നതാണ് മിക്ക ഗെയിമുകളുടേയും കഥ.

LA Noireഒരുപാട് മിഷനുകള്‍ ഈ ഗെയിമിലുണ്ട്, എല്ലാ മിഷനും ഓരോ കുറ്റാന്വേഷണ കഥകള്‍ ആയിരിക്കും. ഏറ്റവും ആദ്യം നമ്മള്‍ ചെയ്യേണ്ടത് കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് തെളിവുകള്‍ ശേഖരിക്കുകയാണ്, അത് വളരെ എളുപ്പമുള്ള കാര്യമല്ല, കാരണം കുറ്റകൃത്യവുമായി ഒരു ബന്ധവുമില്ലാത്ത സാധനങ്ങള്‍ ഒക്കെ ഒരുപാട് അവിടെയുണ്ടാകും, അതില്‍ നിന്ന് തെളിവുകള്‍ കണ്ടു പിടിക്കണം, ചിലപ്പോള്‍ ചില തെളിവുകള്‍ നമ്മുടെ കണ്ണില്‍ പെടാതെ പോയെന്നു വരാം, അത് കൊണ്ട് തന്നെ വളരെ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമായ ഒരു ഗെയിം കൂടിയാണിത്. തെളിവ് ശേഖരണത്തിന് ശേഷം സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരെയൊക്കെ നമുക്ക് ചോദ്യം ചെയ്യാന്‍  കഴിയും. 

ചോദ്യം ചെയ്യുമ്പോള്‍ അവര്‍ പറയുന്നത് സത്യം ആണോ കള്ളം ആണോ എന്ന് നമുക്ക് നിര്‍ണ്ണയിക്കേണ്ടി വരും, അത് മനസിലാക്കാന്‍ പല രീതികള്‍ നമുക്ക് അവലംബിക്കാം, നേരത്തെ നമ്മള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്ത കാര്യങ്ങള്‍ അനുസരിച്ചും ശേഖരിച്ച തെളിവുകള്‍ അനുസരിച്ചും അവരുടെ മുഖഭാവം നോക്കിയും നമുക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയും. മുഖഭാവം നോക്കി കള്ളമാണോ സത്യമാണോ എന്ന് തിരിച്ചറിയുന്നത് ഈ ഗെയിമിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ്, വളരെ മനോഹരമായും വിശദമായും ആണ് മുഖഭാവങ്ങള്‍ ഈ ഗെയിമിന്റെ ഡെവലപ്പേഴ്‌സ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

LA Noireഅന്വേഷണത്തിന്റെ അവസാനം കുറ്റവാളി എന്ന് നമുക്ക് ബോധ്യപ്പെടുന്ന ആളെ അറസ്റ്റ് ചെയ്യാന്‍ കഴിയും, ചിലപ്പോള്‍ വെടി വെയ്പ്പ് ആവശ്യമായി വന്നേക്കാം, ചില കള്ളന്മാര്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കും, അവരെ പിന്തുടര്‍ന്ന്  പിടിക്കേണ്ടിയും വരും. അവസാനം അയാള്‍ ശരിക്കും പ്രതിയാണോ അതോ വേറെ ആരെങ്കിലുമാണോ പ്രതി എന്നത് നമുക്ക് തീരുമാനിക്കാന്‍ കഴിയും, ആ തീരുമാനങ്ങള്‍ക്ക് ഭാവിയില്‍ അനന്തരഫലം ഉണ്ടാവുകയും ചെയ്യും.

ഓരോ കേസുകള്‍ തെളിയിക്കുന്നതിന് അനുസരിച്ചും നമ്മുടെ പ്രശസ്തിയും വര്‍ധിച്ചു കൊണ്ടിരിക്കും, അങ്ങിനെ  ഇടക്ക് ഇടക്ക് പ്രമോഷനുകളും നമുക്ക് ലഭിക്കും. അതില്‍ ചിലതാണ് തീപിടിത്തവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ആര്‍സണ്‍(Arson), വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകള്‍ എടുക്കുന്ന ട്രാഫിക്(Traffic), ഡ്രഗ് ഡീലിങ് പോലെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന വൈസ് (Vice), കൊലപാതക കേസുകള്‍ അന്വേഷിക്കുന്ന ഹോമിസൈഡ്(Homicide) തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍. 

LA Noireഓരോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുമ്പോഴും നമ്മുടെ കൂടെ ഓരോ പാര്‍ട്ട്‌നര്‍മാര്‍ ഉണ്ടാവും, അവര്‍ ഓരോരുത്തര്‍ക്കും പല സ്വഭാവവും രീതികളുമായിരിക്കും ഉള്ളത്. പക്ഷെ നമ്മുടെ സഹായത്തിന് അവര്‍ എപ്പോഴും ഉണ്ടാവും, കേസിന്റെ ഇടക്ക് നമുക്ക് എന്തെങ്കിലും സംശയങ്ങള്‍ വന്നാല്‍ അവരോടു ചോദിക്കാന്‍ കഴിയും, നമുക്ക് വാഹനം ഓടിക്കാന്‍ മടിയാണെങ്കില്‍ അവരെക്കൊണ്ടു ഓടിപ്പിക്കാന്‍ കഴിയും, കള്ളന്മാരോടുള്ള യുദ്ധത്തിലും അവര്‍ നമ്മളെ സഹായിക്കും. ധാരാളം സൈഡ് മിഷനുകളും നമുക്ക് ചെയ്യാന്‍ കഴിയും, അവയെല്ലാം കൊച്ചു കൊച്ചു കഥയായിരിക്കും എന്ന് മാത്രം. കുറേ മിഷനുകള്‍ കഴിയുമ്പോള്‍ ആവര്‍ത്തന വിരസത നമുക്ക് തോന്നിത്തുടങ്ങും എന്നത് മാത്രമാണ് ഇതിന്റെ ഒരു കുറ്റമായി പറയാന്‍ കഴിയുന്നത്.

LA Noireപിസിയിലും(PC), എക്‌സ്‌ബോക്‌സിലും(Xbox 360), പ്ലേസ്റ്റേഷനിലും(Play station 3) ഈ ഗെയിം ലഭ്യമാണ്. ആമസോണ്‍(Amazon) പോലെയുള്ള സൈറ്റുകളില്‍ നിന്നോ സ്റ്റീം (Steam) പോലെയുള്ള ക്ലയന്റില്‍ നിന്നോ ഈ ഗെയിം വാങ്ങാന്‍ സാധിക്കും. ഏകദേശം ആയിരം രൂപയാണ് ഇതിന്റെ വില. ഒരു പോലീസുകാരന്റെ ജീവിതം ഒട്ടും വെള്ളം ചേര്‍ക്കാതെ  നമ്മുടെ മുന്നില്‍ നേര്‍ക്കാഴ്ച്ചയായി കൊണ്ടുത്തരുന്ന ഗെയിം ആണിത്, അത് കൊണ്ട് തന്നെ  ഈ ഗെയിം കളിക്കുന്നത് എന്തായാലും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും…