ന്ത്യന്‍ നിര്‍മിത ഷൂട്ടര്‍ ഗെയിമായ ഫൗജി (FAU-G) ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി. പ്രീ രജിസ്‌ട്രേഷന്റെ ഭാഗമായാണ് ആപ്പ് പ്ലേ സ്‌റ്റോറില്‍ എത്തിയത്. എന്നാല്‍, ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ പ്രീ-രജിസ്‌ട്രേഷന് നല്‍കിയിട്ടില്ല. ഗെയിം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആദ്യം അവതരിപ്പിക്കാനായിരിക്കാം കമ്പനിയുടെ ഉദ്ദേശ്യം.

ഇന്ത്യയില്‍ പബ്ജി നിരോധിച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫൗജി ഗെയിം പ്രഖ്യാപിക്കപ്പെട്ടത്. പബ്ജിയ്ക്ക് പകരമായി ഒരു ഇന്ത്യന്‍ പതിപ്പ് എന്ന രീതിയിലായില്‍ ഇതിന് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു. എന്നാല്‍, പബ്ജിയുടെ പകരക്കാര്‍ എന്നതിലുപരി ഇന്ത്യന്‍ ദേശസ്‌നേഹത്തിലൂന്നിയ ഒരു ഗെയിം ആണ് ഫൗ-ജി: ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ് ഗാര്‍ഡ്‌സ്. 

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ കോര്‍ ഗെയിംസ് ആണ് ഫൗജിയുടെ സ്രഷ്ടാക്കള്‍. ഇന്ത്യയിലെ സായുധസേനയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഫൗ-ജി അവതരിപ്പിക്കുന്നത് എന്ന് എന്‍കോര്‍ ഗെയിംസ് പറയുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഇന്ത്യയിലെ അതിര്‍ത്തി രക്ഷാസേനയെ കഥാപാത്രങ്ങളാക്കായാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. 

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഗെയിം ഡൗണ്‍ലോഡിന് ലഭ്യമായാല്‍ അത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. എന്നാല്‍, എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. ആന്‍ഡ്രോയിഡ് പതിപ്പുകളുടെ അടിസ്ഥാനത്തിലേ ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കു. ഇത് ഏതെല്ലാം പതിപ്പുകള്‍ ആണെന്ന് നിലവില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഗെയിമിന്റെ കഥാപശ്ചാത്തലം പ്ലേ സ്റ്റോറില്‍ നല്‍കിയിട്ടുണ്ട്. 

അപകടം നിറഞ്ഞ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് പട്രോളിങിലുള്ള ഫൗജി കമാന്‍ഡോകളായാണ് ഗെയിമര്‍മാര്‍ അവതരിക്കുക. ഇന്ത്യയുടെ ശത്രുക്കളുമായി പോരാടുക. അതിജീവനത്തിനായി പോരാടുക. എന്നിവയാണ് ഗെയിമിന്റെ പ്രമേയം. 

ഇക്കഴിഞ്ഞ ഒക്ടോബര്‍ 25-നാണ് ഫൗജിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗെയിം പുറത്തിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പിന്നീട് നവംബറില്‍ ഗെയിം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, അത് വൈകി.

അതേസമയം, പബ്ജി മൊബൈല്‍ രാജ്യത്ത് തിരികെയെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ചൈനീസ് കമ്പനിയായ ടെന്‍സെന്റിനെ ഒഴിവാക്കി ഇന്ത്യന്‍ വിപണിയില്‍ പ്രത്യേക പബ്ജി പതിപ്പ് പുറത്തിറക്കാനാണ് ഗെയിമിന്റെ ഉടമകളായ ദക്ഷിണ കൊറിയന്‍ കമ്പനി പബ്ജി കോര്‍പ്പറേഷന്‍ ശ്രമിച്ചുവരുന്നത്. ഇതിനായി ഇന്ത്യയില്‍ പ്രത്യേക ഓഫീസ് ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Content Highlights: FAU-G indian made shooter game pubg alternative