യുബിസോഫ്റ്റ് (Ubisoft) നിര്‍മ്മിച്ച പ്രശസ്തമായ ഗെയിം സീരീസുകളില്‍ ഒന്നായ ഫാര്‍ ക്രൈ സീരിസിലെ (Far Cry Series) അഞ്ചാമത്തെ ഗെയിം ആണ് ഫാര്‍ ക്രൈ പ്രൈമല്‍ (Far Cry Primal). പല കാരണങ്ങള്‍ കൊണ്ടും നേരത്തെ ഇറങ്ങിയ നാല് ഗെയിമുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഈ ഗെയിം. അതിന്റെ പ്രധാന കാരണം ഗെയിമിലെ കഥയുടെ കാലഘട്ടമാണ്. 10,000 ബിസിയിലാണ് ഈ കഥ നടക്കുന്നത്. 

പുരാതന ഗോത്ര ഭാഷയാണ് ഈ ഗെയിമില്‍ ആദ്യം മുതല്‍ അവസാനം വരെ പറയുന്നത്. അത് കൊണ്ട് തന്നെ സബ്‌ടൈറ്റിലിന്റെ(subtitle) സഹായത്തോടെ മാത്രമേ അതിന്റെ അര്‍ത്ഥം നമുക്ക് മനസിലാക്കാന്‍ സാധിക്കൂ. ആദ്യം അതല്‍പം ബുദ്ധിമുട്ടായി തോന്നാമെങ്കിലും അധികം വൈകാതെ നമ്മള്‍ അതുമായി പൂര്‍ണമായും പൊരുത്തപ്പെടും.

വെഞ്ച (Wenja) എന്ന ഗോത്രത്തില്‍ ജനിച്ചയാളാണ് നമ്മള്‍, മറ്റു ശത്രു ഗോത്രങ്ങളുടെ ആക്രമണം മൂലം വെഞ്ചകള്‍ പലയിടത്തായി ഒറ്റപ്പെട്ടു. അവരെ എല്ലാം ഒരുമിച്ച് കൊണ്ടുവന്ന് വെഞ്ച ഗോത്രത്തെ ഉന്നതിയിലെത്തിക്കുക എന്നതാണ് നമ്മളുടെ ഈ ഗെയിമിലെ ലക്ഷ്യം. പൊതുവെ മറ്റു ഗോത്രക്കാരുടെ തടവിലാണ് വെഞ്ചകള്‍ ഉള്ളത്. അവരെ എല്ലാം രക്ഷിച്ചാല്‍ അവര്‍ നമ്മുടെ ഗ്രാമത്തില്‍ വന്ന് നമ്മളെ സഹായിക്കും. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ചു ഒരുപാട് നേട്ടങ്ങളും നമുക്കുണ്ട്. നമ്മുടെ ഗ്രാമക്കാര്‍ വേട്ടയാടി കൊണ്ട് വരുന്ന സാധനങ്ങളുടെ ഒരു പങ്ക് നമുക്കും ലഭിക്കും. 

imageചില പ്രധാനപ്പെട്ട വ്യക്തികളെ രക്ഷിച്ചു കൊണ്ട് വന്നാല്‍ പല പ്രത്യേക കഴിവുകളും നമുക്ക് ലഭിക്കും. ഉദാഹരണത്തിന് കരൂഷ്(Karoosh) എന്ന യോദ്ധാവ് നമ്മുടെ കൂടെയുണ്ടെങ്കില്‍ അദ്ദേഹം പല പുതിയ യുദ്ധമുറകളും നമ്മളെ പഠിപ്പിക്കും. അതേ പോലെ വേട്ടയാടാന്‍ പരിശീലിപ്പിക്കുന്ന വ്യക്തിയേയും. പുതിയ ആയുധങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന ആളേയും ഒക്കെ നമുക്ക് പരിചയപ്പെടാന്‍ കഴിയും.

പണ്ടത്തെ ഫാര്‍ ക്രൈ ഗെയിമുകളില്‍ മിക്കപ്പോഴും ഒരു നടക്കുന്ന ആയുധപ്പുരയായിരുന്നു നമ്മുടെ കഥാപാത്രം. പക്ഷെ ഈ ഗെയിം പുരാതന കാലത്ത് നടക്കുന്നതായത് കൊണ്ട്  ആയുധങ്ങളുടെ കാര്യത്തില്‍ വലിയ പരിമിതിയുണ്ട്. കുന്തവും അമ്പും വില്ലും ഒക്കെയാണ് നമ്മുടെ പ്രധാന ആയുധങ്ങള്‍. വലിയ ശത്രു താവളങ്ങള്‍ കീഴടക്കേണ്ടി വരുന്ന അവസരങ്ങളില്‍ നിശബ്ദമായി ഓരോരുത്തരെയായി കൊന്ന് പതുക്കെ മുന്നേറുന്നതാണ് ഏറ്റവും നല്ല വഴി.

കഥ മുന്നോട്ട് പോകും തോറും നമ്മുടെ ആയുധങ്ങളുടെ ശക്തി കൂട്ടാന്‍ നമുക്ക് സാധിക്കും. അതിനായി പ്രത്യേക സാധനങ്ങള്‍ ആവശ്യമാണ്. സാധന സാമഗ്രികള്‍ നേടാന്‍ വേണ്ടി നമുക്ക് വേട്ടയാടാന്‍ കഴിയും. നമുക്ക് ആവശ്യമായ മൃഗങ്ങളെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. കാട്ടിലൂടെ അതിന് വേണ്ടി കുറേ അലയേണ്ടി വരുമെങ്കിലും ശരിക്കും വേട്ടയാടുകയാണെന്ന  ഒരു പ്രതീതി നമുക്ക് ഉണ്ടാകും. 

iamgeരാത്രി സമയങ്ങളില്‍ മൃഗങ്ങള്‍ കൂടുതല്‍ അക്രമാസക്തരായിരിക്കും, അത് കൊണ്ട് നമ്മുടെ ആയുധത്തില്‍ തീ കൊളുത്തി വീശിക്കൊണ്ട് നടന്നാല്‍ മൃഗങ്ങള്‍ പെട്ടെന്ന് ആക്രമിക്കില്ല. ചില മൃഗങ്ങള്‍ പകല്‍ ആണ് കൂടുതല്‍ കാണപ്പെടുന്നതെങ്കില്‍ മറ്റു ചില മൃഗങ്ങള്‍ രാത്രിയിലാണ് കൂടുതല്‍ ഇറങ്ങുന്നത്, സമയവും കാലാവസ്ഥയും എല്ലാം ഈ ഗെയിമില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആണ്.

ഈ ഗെയിമിലെ ഏറ്റവും സവിശേഷമായ കാര്യമാണ് നമ്മുടെ മൃഗങ്ങളെ മെരുക്കാനുള്ള കഴിവ്. നമുക്ക് ഏറ്റവുമാദ്യം മെരുക്കാന്‍ സാധിക്കുന്നത് മൂങ്ങയെ ആണ്. ആ മൂങ്ങയെ ഉപയോഗിച്ച് ചുറ്റുപാട് നിരീക്ഷിക്കാന്‍ നമുക്ക് കഴിയും. വലിയ ശത്രുതാവളങ്ങള്‍ ആക്രമിക്കാന്‍ പോവുന്നതിന് മുന്‍പ് മൂങ്ങയെ വെച്ച് നിരീക്ഷിക്കുന്നത് ആക്രമണത്തിന്റെ പദ്ധതി ഉണ്ടാക്കാന്‍ നമ്മളെ വളരെയധികം സഹായിക്കും. 

മൂങ്ങയുടെ ശക്തി കൂട്ടിയാല്‍ ശത്രുക്കളെ മൂങ്ങയെ വിട്ടു കൊല്ലിക്കാനും സാധിക്കും. കഥ മുന്നോട്ട് പോവുന്നതിന് അനുസരിച്ച് കൂടുതല്‍ മൃഗങ്ങളെ മെരുക്കാന്‍ നമുക്ക് കഴിയും. പല മൃഗങ്ങളേയും പല രീതിയിലാണ് നമ്മള്‍ മെരുക്കുന്നത്. ചിലതിനെ ഇരയെ എറിഞ്ഞു അടുത്ത് വരുമ്പോള്‍ പതുക്കെ മെരുക്കാന്‍ കഴിയും. മറ്റു ചില മൃഗങ്ങളെ കെണി വെച്ച് പിടിച്ച് കീഴടക്കിയതിന് ശേഷം മാത്രമേ മെരുക്കാന്‍ സാധിക്കൂ. 

imageഒരു തവണ മെരുക്കിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ എപ്പോ വിളിച്ചാലും അവ നമ്മുടെ സഹായത്തിനെത്തും. ഓരോ മൃഗങ്ങള്‍ക്കും ഓരോ ഗുണങ്ങളാണ്  ഉള്ളത്. ആനയുടേയും കരടിയുടേയും പുറത്തു കയറി നമുക്ക് സഞ്ചരിക്കാന്‍ കഴിയും. അതേ പോലെ നിശബ്ദമായി ശത്രുക്കളെ കൊല്ലിക്കാന്‍ കഴിയും എന്നതാണ് പുലിയുടെ ഗുണം.

തോക്കും പീരങ്കിയും ടാങ്കറും ഒക്കെയുള്ള സ്ഥിരം ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് ഈ ഗെയിം കാഴ്ച്ച വയ്ക്കുന്നത്. കഥ ചെറുതാണെന്നുള്ളതും കുറേ കഴിയുമ്പോള്‍ അല്‍പ്പം ആവര്‍ത്തന വിരസത ഉണ്ടാകുമെന്നതും ഒഴിച്ചാല്‍ ഉറപ്പായും കളിച്ചിരിക്കേണ്ട ഒരു ഗെയിം തന്നെയാണിത്. ആമസോള്‍ പോലെയുള്ള സൈറ്റുകളില്‍ നിന്ന് സിഡി ആയോ സ്റ്റീം പോലെയുള്ള ക്ലയന്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ ഈ ഗെയിം വാങ്ങാവുന്നതാണ്. പ്ലേസ്റ്റേഷനിലും എക്‌സ്‌ബോക്‌സിലും പിസിയിലും ഈ  ഗെയിം ലഭ്യമാണ്.