ബ്ലൂവെയില്‍ ഗെയിം ആഗോള തലത്തില്‍ ഉണ്ടാക്കിയിട്ടുള്ള ആശങ്കകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ബ്ലൂവെയില്‍ ഗെയിമിന്റെ ചുവട് പിടിച്ച് മറ്റൊരു ഗെയിം കൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു. 'ഡെയര്‍ ആന്റ് ബ്രേവ്' എന്ന് പേരുള്ള ഈ പുതിയ ഗെയിം ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.

1990 കളില്‍ കൗമാരക്കാര്‍ക്കിടയില്‍ പരിചിതമായിരുന്ന 'ട്രൂത്ത് ഓര്‍ ഡെയര്‍' ഗെയിമിന്റെ ആശയം ഉള്‍ക്കൊണ്ടുള്ള മറ്റൊരു കളിയാണ് ഡെയര്‍ ആന്റ് ബ്രേവ്. ഗെയിം ടാസ്‌കുകളില്‍ പരാജയപ്പെടുന്നവര്‍ നഗ്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നതുള്‍പടെയുള്ള കുറേ ഭ്രാന്തമായ പ്രക്രിയകളാണ് ഈ ഗെയിമിനുള്ളത്. 

മുംബൈയിലെ അന്ധേരിയിലുണ്ടായ ഒരു സംഭവമാണ് ഈ ഗെയിമിനെ വെളിച്ചത്തുകൊണ്ടുവന്നത്. ഡെയര്‍ ആന്റ് ബ്രേവ് ചലഞ്ചിന്റെ ഭാഗമായിരുന്ന അന്ധേരി സ്വദേശിയായ ഒരു പെണ്‍കുട്ടി ഒരു ടാസ്‌കില്‍ പരാജയപ്പെടുകയും മറ്റൊരാള്‍ അവളോട് അവളുടെ നഗ്ന ചിത്രങ്ങള്‍ പങ്കുവെക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 15 വയസുകാരിയായ പെണ്‍കുട്ടി അത് അനുസരിച്ചു. എന്നാല്‍ പിന്നീട് ആ ചിത്രങ്ങള്‍ ഉപയോഗിച്ച് പിന്നീട് അവള്‍ക്ക് ഭീഷണികള്‍ നേരിടേണ്ടി വരികയായിരുന്നു.

വൈകിയാണെങ്കിലും പെണ്‍കുട്ടിയുടെ പിതാവ് സംഭവത്തെകുറിച്ച് പോലീസില്‍ പരാതി നല്‍കി. ഈ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശിയായ 23 കാരനെ പോസ്‌കോ, ഐടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് പോലീസ് പിടികൂടി. 

അമേരിക്കയിലാണ് 'ഡെയര്‍ ആന്റ് ബ്രേവ്' ഗെയിമിന്റെ തുടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗികത നിറഞ്ഞ 'ട്രൂത്ത് ഓര്‍ ഡെയര്‍' ഗെയിമിന്റെ ഓണ്‍ലൈന്‍ പതിപ്പാണ് ഡെയര്‍ ആന്റ് ബ്രേവ് ഗെയിം എന്ന് പറയാം. പാര്‍ട്ടികള്‍ക്കും മറ്റും അല്‍പം എരിവ് പകരാനായി യുവാക്കള്‍ക്കിടയില്‍ ട്രൂത്ത് ആന്റ് ഗെയിം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം.

Content Highlights: Dare and Brave, Blue Whale Game, Andheri, Online Challenge, Truth or Dare