കഥക്ക് പ്രാധാന്യം കൊടുക്കാതെ ഗെയിംപ്ലേയ്ക്കും ഗ്രാഫിക്‌സിനും പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് ഒരുപാട് ആസ്വദിക്കാന്‍ കഴിയുന്ന ഗെയിം ആണ് കമ്പനി ഓഫ് ഹീറോസ് 2 (COMPANY OF HEROES 2). ഇതിന്റെ ആദ്യ ഗെയിമും വലിയ ഹിറ്റ് തന്നെ ആയിരുന്നു.
 
ഒരു പട്ടാളക്കാരന്റെ ഓര്‍മക്കുറുപ്പിലൂടെയാണ് ഗെയിം കടന്നു പോകുന്നത്. സാധാരണ ഗെയിമുകളിലേപ്പോലെ ശത്രുവിനെ കീഴടക്കലും വിജയിക്കലുമല്ല ഈ ഗെയിമിലെ കഥയുടെ പ്രധാന പ്രമേയം, പകരം യുദ്ധത്തില്‍ സാധാരണ പട്ടാളക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളുമാണ്.  
Game of Heros
 
ഈ ഗെയിമിന്റെ ഏറ്റവും വലിയ സവിഷേത ഇതിന്റെ ഗെയിംപ്ലേ ആണ്. യുദ്ധ തന്ത്രങ്ങള്‍ക്ക് അതിപ്രാധാന്യമുള്ള ഒരു ഗെയിം ആണിത്, യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്കും ആളുകള്‍ക്കും യുദ്ധം നടക്കുന്ന സ്ഥലത്തിനും അപ്പോഴത്തെ കാലാവസ്ഥയ്ക്കും എല്ലാം വലിയ പ്രാധാന്യം ഉണ്ടായിരിക്കും. പട്ടാളക്കാര്‍ക്ക് പരിസ്ഥിതിയെ ഉപയോഗപ്പെടുത്തി യുദ്ധം ചെയ്യാനാകും, ഉദാഹരണത്തിന് കല്ലിന്റെയോ മതിലിന്റെയോ പുറകില്‍ മറഞ്ഞിരുന്നു യുദ്ധം ചെയ്യുന്ന പട്ടാളക്കാര്‍ പെട്ടെന്ന് മരിക്കില്ല, അങ്ങിനെയുള്ള സ്ഥലത്തല്ല യുദ്ധം നടക്കുന്നത് എങ്കില്‍ കുഴിച്ചു ബങ്കര്‍ ഉണ്ടാക്കി അതിന്റെ അടിയിലോ അല്ലെങ്കില്‍ മണല്‍ ചാക്ക് കൊണ്ട് കൃത്രിമമായി മതില്‍ ഉണ്ടാക്കി അതിന്റെ പുറകിലോ ഒളിച്ചിരുന്ന് യുദ്ധം ചെയ്യാവുന്നതാണ്. 
 
അതേ പോലെ പത്തു പട്ടാളക്കാര്‍ തുടര്‍ച്ചയായി വെടി വെച്ചിട്ടും തകരാത്ത ടാങ്കര്‍ തകര്‍ക്കാന്‍ ഒരു ആന്റി ടാങ്ക് ഗണ്‍ മതിയാവും. മഞ്ഞു കാലത്താണ് യുദ്ധം ചെയ്യുന്നതെങ്കില്‍ പട്ടാളക്കാര്‍ക്ക് ചൂട് കിട്ടാനായി തീ ഉണ്ടാക്കുകയോ മറ്റോ വേണം, അല്ലെങ്കില്‍ അവര്‍ പതിയെ തണുപ്പ് സഹിക്കാനാകാതെ മരിക്കാന്‍ തുടങ്ങും, തണുപ്പ് ബാധിക്കാത്ത പ്രത്യേക പട്ടാളക്കാരും ഈ ഗെയിമില്‍ ഉണ്ട്.
Game of Heros 2
 
നിര്‍മ്മാണത്തിനും വിഭവ ശേഖരണത്തിനും പ്രാധാന്യം ഇല്ലാത്ത ഗെയിം ആണെങ്കിലും എന്‍ജിനീയര്‍മാരെ ഉപയോഗിച്ച് പല കെട്ടിടങ്ങളും നമുക്ക് നിര്‍മ്മിക്കാന്‍ സാധിക്കും, വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനും അവരെ ഉപയോഗിക്കാം. നമ്മളുടെ കൂടെയുള്ള സ്‌നൈപ്പര്‍മാരെ ഉപയോഗിച്ച് ശത്രു വാഹനങ്ങളുടെ ഡ്രൈവറെ വെടി വെച്ചിട്ടാല്‍ അത് പ്രവര്‍ത്തന രഹിതമാകും, ആളില്ലാത്ത ശത്രു ടാങ്കുകളും ലോറികളും ഒക്കെ നമ്മളുടെ ഡ്രൈവര്‍മാരെ വെച്ച് തട്ടിയെടുക്കാനും നമുക്ക് സാധിക്കും. അതേ പോലെ ശത്രു വരാന്‍ സാധ്യതയുള്ള വഴിയില്‍ മൈന്‍ കുഴിച്ചിട്ട് അവര്‍ അടുത്ത് വരുമ്പോള്‍ പൊട്ടിക്കാനും ഒക്കെ കഴിയും. യുദ്ധം ചെയ്യുന്നതിന് അനുസരിച്ചു ഓരോ പട്ടാളക്കാരുടെയും ലെവല്‍ കൂടും, അവര്‍ കൂടുതല്‍ ശക്തരും പുതിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിവുള്ളവരുമായി മാറും
 
ഏകദേശം രണ്ടായിരം രൂപയാണ് ഈ ഗെയിമിന്റെ വില, ആമസോണ്‍ പോലെയുള്ള സൈറ്റുകളില്‍ നിന്ന് സിഡി ആയോ അല്ലെങ്കില്‍ സ്റ്റീം പോലെയുള്ള ക്ലയന്റില്‍ നിന്ന്  ഡൗണ്‍ലോഡ് ചെയ്‌തോ ഈ ഗെയിം വാങ്ങാവുന്നതാണ്. ഉറപ്പായും കളിച്ചിരിക്കേണ്ട ഒരു ഗെയിം  ആണിത്, ഈ ഗെയിമില്‍  ബുദ്ധിപൂര്‍വം നീങ്ങുന്ന പത്തു പട്ടാളക്കാര്‍ക്ക് അലക്ഷ്യമായി പോവുന്ന നൂറു പേരെ കൊല്ലാന്‍ കഴിയും, അങ്ങിനെയുള്ള സങ്കീര്‍ണ്ണമായ തന്ത്രങ്ങളും മറ്റുമാണ് ഈ ഗെയിമിനെ എക്കാലത്തേക്കും മികച്ച സ്റ്റ്രാറ്റജി ഗെയിമുകളില്‍ ഒന്നാക്കി മാറ്റുന്നത്.